റേഷന്‍ വാങ്ങാന്‍ നിന്നപ്പോഴും ആളുകള്‍ കുഴഞ്ഞുവീണു മരിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ്
ഭോപ്പാല്‍: റേഷന്‍ വാങ്ങാന്‍ വരി നിന്നപ്പോഴും ആളുകള്‍ കുഴഞ്ഞുവീണു മരിച്ചിട്ടുണ്ടെന്ന ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ മധ്യപ്രദേശിന്റെ ചുമതലക്കാരനുമായ ഡോ. വിനയ് സഹസ്രബുദ്ധയുടെ പ്രസ്താവന വിവാദത്തിലേക്ക്.
ഭോപ്പാലില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം പ്രകോപനപരമായ പ്രസ്താവന നടത്തിയത്. പണത്തിനായി ബാങ്കുകളിലും എ.ടി.എം കൗണ്ടറുകളിലും വരിനിന്ന നിരവധിപേര്‍ കുഴഞ്ഞുവീണതു വലിയ വാര്‍ത്തയല്ലെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദത്തിനാണു വഴിവച്ചത്.
500, 1000 നോട്ടുകള്‍ അസാധുവാക്കിയതോടെ ജനങ്ങള്‍ ഒന്നാകെ ബാങ്കുകള്‍ക്കു മുന്‍പിലും എ.ടി.എം കൗണ്ടറുകള്‍ക്കു മുന്‍പിലും ക്യൂ നില്ക്കുകയാണെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ താന്‍ പറഞ്ഞത് അബന്ധമായെന്നു തിരിച്ചറിഞ്ഞതോടെ ജനങ്ങള്‍ വികാരഭരിതരാകരുതെന്ന വാദത്തിലേക്കാണ് അദ്ദേഹം ചുവടുമാറ്റിയത്. റിട്ട. സര്‍ക്കാര്‍ ജീവനക്കാരനായ വിനോദ് പാണ്ഡെ ക്യൂവില്‍ നില്ക്കുമ്പോള് കുഴഞ്ഞു വീണു മരിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോള്‍ അയാള്‍ കുഴഞ്ഞു വീണതെങ്കിലും ആശുപത്രിയില്‍ ചികിത്സക്കിടയിലാണ് അയാള്‍ മരിച്ചതെന്നുമാണ് സഹസ്രബുദ്ധ പറഞ്ഞത്. മധ്യപ്രദേശില്‍ മാത്രം പണത്തിനായി ക്യൂനിന്ന് ഇതുവരെ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."