കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയിലെ 30 ലക്ഷം അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവരെ നാടുകടത്തുകയോ ജയിലിലടയ്ക്കുകയോ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അനുവദിച്ച ആദ്യ ടി.വി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരേ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്വീകരിച്ച നിലപാട് സി.ബി.എസ് ചാനലിന്റെ 60 മിനുട്‌സ് പരിപാടിയില്‍ ട്രംപ് ആവര്‍ത്തിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ കുറ്റവിചാരണ ചെയ്യും. ഇരുപത് ലക്ഷത്തോളം പേര്‍ ഇത്തരത്തിലുള്ളവരാണ്. മയക്കുമരുന്ന് കള്ളക്കടത്ത്, മാഫിയ, ഗുണ്ടാസംഘം തുടങ്ങിയ ഇത്തരക്കാരെ ജയിലിലടയ്ക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ട്രംപിന്റെ അഭിമുഖം ഇന്നലെ ചാനല്‍ പുറത്തുവിട്ടു.
എന്നാല്‍ ട്രംപിന്റെ നിലപാടിനു വിരുദ്ധമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ യു.എസ് കോണ്‍ഗ്രസ് സ്പീക്കര്‍ പോള്‍ റയാന്‍ രംഗത്തെത്തി. അതിര്‍ത്തി സുരക്ഷിതമാക്കുകയാണ് ചെയ്യുകയെന്നും അഭയാര്‍ഥികളെ ലക്ഷ്യംവയ്ക്കില്ലെന്നുമാണ് പാര്‍ട്ടി നിലപാടെന്നാണ് റയാന്‍ പറഞ്ഞത്. അധികാരമേല്‍ക്കും മുമ്പ് തന്നെ യു.എസ് ഭരണനേതൃത്വവും പാര്‍ട്ടിയും തമ്മില്‍ ഇടയുന്നതിന്റെ സൂചനകളാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു. കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്നത് തങ്ങളുടെ അജണ്ടയില്‍ ഇല്ലെന്നാണ് റയാന്‍ വ്യക്തമാക്കിയത്. കൂട്ടമായ നാടുകടത്തലിനെ കുറിച്ച് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നത് ശരിയല്ലെന്നും ട്രംപ് ഇത്തരത്തില്‍ ആലോചിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ നിലപാടിനു പിന്നാലെയായിരുന്നു ട്രംപിന്റെ അഭിമുഖം.
അഭിമുഖത്തില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിയുമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. ചില മേഖലകളില്‍ മതിലുകള്‍ക്ക് പകരം വേലികളായിരിക്കുമെന്ന് പറഞ്ഞ ട്രംപ്, മതിലുകള്‍ നിര്‍മിക്കുന്നതില്‍ താന്‍ വിദഗ്ധനാണെന്നും അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."