ബെല്‍ജിയത്തിനും പോര്‍ച്ചുഗലിനും ജയം
ബ്രസ്സല്‍സ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍മാരായ ബെല്‍ജിയത്തിനും യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം. ബെല്‍ജിയം ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്ക് എസ്‌തോനിയയെയും പോര്‍ച്ചുഗല്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ലാത്വിയയെയുമാണ് പരാജയപ്പെടുത്തിയത്.
എസ്‌തോനിയക്കെതിരേ ഗോള്‍ മഴ പെയ്യിച്ചാണ് ബെല്‍ജിയം കരുത്തുകാട്ടിയത്. ഡ്രൈസ് മെര്‍റ്റെന്‍സ്, റൊമേലും ലുകാകു എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ തോമസ് മ്യൂനിയര്‍, ഏദന്‍ ഹസാര്‍ദ്, യാന്നിക് കരാസ്‌കോ, എന്നിവര്‍ ഓരോ ഗോള്‍ നേടി. ശേഷിച്ചത് റാഗ്നര്‍ ക്ലാവന്റെ സെല്‍ഫ് ഗോളായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച മെര്‍റ്റെന്‍സായിരുന്നു കളി നിയന്ത്രിച്ചത്. രണ്ടു ഗോളുകള്‍ നേടിയതിന് പുറമേ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കാനും മെര്‍റ്റെന്‍സിന് സാധിച്ചു.
എട്ടാം മിനുട്ടില്‍ മ്യൂനിയറാണ് ബെല്‍ജിയത്തിന്റെ അക്കൗണ്ട് തുറന്നത്. അധികം വൈകാതെ തന്നെ മെര്‍റ്റെന്‍സും സ്‌കോര്‍ ചെയ്തു. മെര്‍റ്റെന്‍സിനൊപ്പം ഹസാര്‍ദും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 25ാം മിനുട്ടില്‍ ഹസാര്‍ദ് ഗോള്‍ നേടിയതോടെ ബെല്‍ജിയം വമ്പന്‍ ജയത്തിലേക്ക് കുതിക്കുകയാണെന്ന് ഉറപ്പിച്ചു. എന്നാല്‍ 29ാം മിനുട്ടില്‍ ഹെന്റി അനിയറുടെ ഗോളിലൂടെ എസ്‌തോനിയ ആശ്വാസം കണ്ടെത്തി. ഗോള്‍ വഴങ്ങിയതോടെ പ്രതിരോധത്തിലെ പഴുതുകളടച്ചുകൊണ്ടാണ് ബെല്‍ജിയം കളിച്ചത്.
രണ്ടാം പകുതിയില്‍ കരാസ്‌കോ ബെല്‍ജിയത്തിന്റെ നാലാം ഗോള്‍ നേടി. രണ്ടു മിനുട്ടുകള്‍ക്ക്‌ശേഷം ക്ലാവന്റെ സെല്‍ഫ് ഗോളും പിറന്നു. 83, 88 മിനുട്ടുകളില്‍ ലുകാകുവും ഗോള്‍ നേടിയതോടെ വമ്പന്‍ ജയം നേടുകയായിരുന്നു ബെല്‍ജിയം.
ലാത്വിയക്കെതിരേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് പോര്‍ച്ചുഗലിന് വമ്പന്‍ ജയം സമ്മാനിച്ചത്. വില്യം, ബ്രൂണോ ആല്‍വസ് എന്നിവര്‍ ശേഷിച്ച ഗോള്‍ നേടി. 67ാം മിനുട്ടില്‍ ജുസിന്‍സാണ് ലാത്വിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇരുപാതികളിലുമായി 28, 85 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം.
മറ്റൊരു മത്സരത്തില്‍ ഗ്രീസിനെ 1-1ന് ബോസ്‌നിയ സമനിലയില്‍ തളച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."