ജീവിത ട്രാക്കില്‍ അനാഥത്വം; രേവതിക്ക് ട്രിപ്പിള്‍ തിളക്കം
കോയമ്പത്തൂര്‍: 15 മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ട്രാക്കിലെത്തുക. മത്സരിച്ച ചാംപ്യന്‍ഷിപ്പുകളിലെല്ലാം ട്രിപ്പിള്‍ സ്വര്‍ണം നേടുക. മുത്തശ്ശിയുടെ ആശ്രയത്തില്‍ മാത്രം ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന തമിഴ്‌നാട് അത്‌ലറ്റ് വി രേവതിയുടെ ട്രാക്കിലെ നേട്ടത്തിന് പിന്നില്‍ കഷ്ടപ്പാടുകളുടെയും പട്ടിണിയുടെയും നീറുന്ന വേദനയുണ്ട്.
മധുര സക്കിമംഗലം ഗ്രാമത്തില്‍ നിന്നും വരുന്ന രേവതിക്ക് നാലാം വയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതാണ്. ടി.ബി രോഗം ബാധിച്ച് പിതാവ് വീരമണിയും മസ്തിഷ്‌കാഘാതം മൂലം മാതാവ് റാണിയും മരിച്ചത്. 70 വയസിലേറെ പ്രായമുള്ള മുത്തശ്ശി കൂലി പണി ചെയ്തു കിട്ടുന്ന തുച്ഛ വരുമാനത്തിലാണ് രേവതിയുടെയും അനുജത്തി രേഖയുടെയും ഇപ്പോഴത്തെ ജീവിതം.
ഇന്നലെ ജൂനിയര്‍ മീറ്റിലെ 200 മീറ്ററില്‍ ഒന്നാമതെത്തിയാണ് തമിഴ്‌നാടിന്റെ വി രേവതി മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണത്തിന് ഉടമയായത്. 24.90 സെക്കന്‍ഡിലാണ് രേവതി അവസാനവര കടന്നത്. നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം ഓടിയെടുത്ത് മീറ്റിലെ അതിവേഗക്കാരിയായതും രേവതി തന്നെ. 4-100 മീറ്റര്‍ റിലേയിലും തമിഴ്‌നാട് സംഘത്തെ സ്വര്‍ണത്തിലേക്ക് നയിച്ചിരുന്നു രേവതി. മധുര എല്‍.ഡി കോളജില്‍ ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ രേവതി സൗത്ത് സോണ്‍ ഇന്റര്‍ക്ലബ് ചാംപ്യന്‍ഷിപ്പിലും തമിഴ്‌നാട് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പിലും ഈ ഇനങ്ങളിലെല്ലാം സ്വര്‍ണം നേടിയിരുന്നു.
കോളജ് കാന്റിനിലെ ഭക്ഷണം കഴിച്ചാണ് ജീവിതം. പോഷകാഹാരങ്ങളിലൂടെ ലഭിക്കുന്ന ഊര്‍ജവുമായി എത്തിയ താരങ്ങളെ ഓടി തോല്‍പ്പിച്ചതും ഹോസ്റ്റലിലെ സാധാരണ ഭക്ഷണത്തില്‍ നിന്നു ലഭിക്കുന്ന ഊര്‍ജവുമായിട്ടായിരുന്നു.
ദേശീയ ജൂനിയര്‍ മീറ്റ് സമാപിച്ചപ്പോള്‍ മീറ്റിലെ മിന്നുന്ന താരം ഇല്ലായ്മകളുടെയും അനാഥത്വത്തിന്റെയും വഴികളിലൂടെ എത്തിയ രേവതി മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."