സ്‌പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തിന് തിരശീല
ആലപ്പുഴ:പത്തൊന്‍മ്പതാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തിന് തിരിശീല വീണു. മൂന്നു നാള്‍ നീണ്ട നാട്യ നടന വിസ്മയത്തിന് അവസാനം കുറിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാടി നാല് സ്‌കൂളുകള്‍ ഒപ്പത്തിനൊപ്പം എത്തി. ശ്രവണ വൈകല്യമുളള വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ എറണാകുളം സെന്റ് ക്ലാര ഓറല്‍ സ്‌കൂള്‍, കോട്ടയം അസീസി മൗണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വയനാട് സെന്റ് റസ്സല്‍സ് സ്‌കൂള്‍, പത്തനംതിട്ട മനക്കാല സി.എസ് ഐ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവരാണ് നൂറു പോയിന്റുകള്‍ വീതം നേടി ജേതാക്കളായത്.
ദര്‍ശന വൈകല്യമുളള വിഭാഗത്തില്‍ എവറോളിംഗ് ട്രോഫി കാലിക്കറ്റ് എച്ച്. എസ്.എസ് കരസ്ഥമാക്കി. കോട്ടയം ഒളശ ഗവ. സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് രണ്ടാം സ്ഥാനത്തും മലപ്പുറം മങ്കട ജി. എച്ച്. എസ് എസ് മൂന്നാം സ്ഥാനവും പങ്കിട്ടു. ജേതാക്കള്‍ക്ക് 27.5 പവന്‍ തൂക്കമുളള സ്വര്‍ണകപ്പ് ആണ് നല്‍കിയത്. ജേതാക്കള്‍ക്ക് മൂന്നു മാസം വീതം ട്രോഫി കൈവശം വെയ്ക്കാം.
മന്ത്രി പി.തിലോത്തമന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.യു. പ്രതിഭാ ഹരി എം. എല്‍. എ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ സ്‌കൂളുകളില്‍നിന്നായി 2500 ഓളം പ്രതിഭകളാണ് മേളയില്‍ മാറ്റുരച്ചത്. ഒന്നാം സമ്മാനാര്‍ഹര്‍ക്ക് 2000 രൂപയും രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്ക് 1600 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1200 രൂപയും വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കി. വാശിയും വീറും പ്രദര്‍ശിപ്പിച്ച മല്‍സരം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നിറപ്പകിട്ടോടെ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉറപ്പ് നല്‍കിയതായി ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍ സദസിനെ അറിയിച്ചു. സമാപന സമ്മേളനത്തില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി മാത്യു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."