ആദിവാസി പാരമ്പര്യകൃഷി രീതികള്‍ തിരിച്ചു പിടിക്കാന്‍ 'പുനര്‍ജീവനം'
പാലക്കാട്: ആദിവാസികളുടെ പാരമ്പര്യ കൃഷികളും ഭക്ഷണ രീതികളും തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതി വിജയത്തിലേക്ക.് മൂന്നാര്‍ വനം ഡിവിഷന്റെ കീഴില്‍ മറയൂര്‍ റേഞ്ചിലുളള ആദിവാസി കുടികളിലാണ് 'പുനര്‍ജീവനം'പദ്ധതിക്ക് തുടക്കമിട്ടത്. കേരളത്തില്‍ വനംവകുപ്പ് ആദ്യമായാണ് ഇതുപോലൊരു പദ്ധതി നടപ്പാക്കുന്നത്.
പാരമ്പര്യ കര്‍ഷകരായ മുതുവാന്മാരുടെ കുടികളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ച് തായന്നകുടിയില്‍ ആദ്യഘട്ടം കൃഷിയിറക്കി. റാഗിയും, തിനയും, ചാമയും, വരകും, മത്തനും, കുമ്പളവും കുത്തിയിട്ടു. കൂടുതല്‍ വിത്തുണ്ടാക്കുകയായിരുന്നു ഒന്നാം ഘട്ടത്തില്‍ ഉദ്ദേശം.
സര്‍ക്കാര്‍ സൗജന്യ അരി വിതരണം നടത്തിയതോടെയാണ് ഇവര്‍ രാജി ,തിന ചാമ വരവു തുടങ്ങിയ കൃഷികള്‍ കൈവിട്ടത്. ഇതോടെ പ്രമേഹവും ഗോയ്റ്ററും അമിത രക്തസമ്മര്‍ദവും വിളര്‍ച്ചയും ആരോഗ്യത്തെ തകര്‍ത്തു. ഇത് മനസിലാക്കിയ അസി .വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.എം.പ്രഭുവാണ് പുനര്‍ജീവനം പദ്ധതിക്ക് പ്ലാന്‍ തയാറാക്കിയത്.
ഓരോ കുടികളിലും കയറിയിറങ്ങി ആദ്യം പാരമ്പര്യ വിത്തിനങ്ങള്‍ ശേഖരിച്ചു. ഈ വിത്തുകള്‍ കൃഷി ചെയ്തു. നല്ല വിളവാണ് ലഭിച്ചതെന്ന് പ്രഭു സുപ്രഭാതത്തോട് പറഞ്ഞു.
ഈ വിത്തുകള്‍ വരുന്ന സീസണില്‍ മറ്റു കുടികളിലേക്ക് നല്‍കി കൃഷി ചെയ്യുകയും അവരുടെ ആവശ്യം കഴിഞ്ഞ് വില്‍ക്കുകയും ചെയ്യാനാണ് പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് ചിന്നാറിലെ മുതുവാന്‍മാര്‍ പതിനഞ്ചിനം റാഗികള്‍ കൃഷി ചെയ്തിരുന്നു. പച്ചമുട്ടി, കരിമുട്ടി, നീലക്കണ്ണി, മീങ്കണ്ണി, കരിങ്കണ്ണി, വിരലുകൊളുത്തി, മട്ടക്കാവ, പാലക്കിണി, കമ്പിളി തുടങ്ങിയ റാഗി ഇനങ്ങള്‍ വീണ്ടും കൃഷി ചെയ്ത് നഷ്ടടപെട്ട ആരോഗ്യം തിരിച്ചുപിടിക്കാനുള്ള പദ്ധതിയാണിത്. പച്ചക്കറിയിനങ്ങളായ തൊപ്പി ചീരകളും, മത്തന്‍ ഇനങ്ങളായ പട്ടണക്കു മത്തനും ചിരുമത്താനും, ചിന്നപുസനിയും ഇവര്‍ വിളയിച്ചു.
തായണ്ണകുടിയിലാണ് വിത്തുകള്‍ക്കായി കൃഷിയിറക്കിയത്. ഈ വര്‍ഷം മുതല്‍ ചിന്നാര്‍ മേഖലയിലെ 25 ആദിവാസി കുടികളിലേക്കു കൃഷി വ്യാപിപ്പിക്കും. കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍, കാരയൂര്‍, കോട്ടക്കുടി എന്നിവിടങ്ങളിലെ മുതുവാന്‍ കാണികള്‍ വിത്തിനങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചു.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദിന്റെ കൂടിനിര്‍ദേശങ്ങളാണ് പദ്ധതി വിജയിക്കാന്‍ കാരണമെന്ന് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.എം പ്രഭു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."