തലവേദനയായി ഇരുട്ടിലെ മാലിന്യ നിക്ഷേപം
മാനന്തവാടി: പുഴയിലും റോഡരികിലും ഹോട്ടല്‍ മാലിന്യം തള്ളിയ സംഭവത്തില്‍ കുഴിനിലത്തെ ഗ്രീന്‍ ഹൗസ് ഹോട്ടലുടമകള്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഉടമകളായ ജോഷി, സ്റ്റാര്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തിരിക്കുന്നത്.
മാനന്തവാടി നഗരസഭാ പരിധിയിലെ റോഡരികിലും തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ എന്‍ജിനീയറിങ് കോളജിന് മുന്‍വശത്തെ പുഴയിലും എസ് വളവ് റോഡരികിലുമാണ് ഇന്നലെ രാത്രിയില്‍ ഇവര്‍ മാലിന്യം നിക്ഷേപിച്ചത്.
അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മാനന്തവാടി-തലശ്ശേരി റോഡരികിലെ രണ്ടിടങ്ങളിലായി മാലിന്യം തള്ളിയത് ആദ്യം ശ്രദ്ധയില്‍പെട്ടത്.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ എന്‍ജിനീയറിങ് കോളജിന് സമീപത്തെ പുഴയിലും മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് പൊലിസെത്തി ഹോട്ടല്‍ ഉടമകളെ കസ്റ്റഡിയിലെടുത്തത്.
എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും സമീപത്തെ താമസക്കാരും ദൈന്യംദിന പ്രവൃത്തികള്‍ക്കും കുടിവെള്ളത്തിനു പോലും ഇടക്ക് ആശ്രയിക്കുന്ന പുഴക്കടവിലാണ് അതീവ ദുര്‍ഗന്ധമുള്ള മാലിന്യം നിക്ഷേപിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്ന് കോളജ് ഹോസ്റ്റലിലേക്കും മറ്റും വെള്ളം പമ്പ് ചെയ്തില്ല.
പിന്നീട് സംഘടിച്ചെത്തിയ നാട്ടുകാര്‍ മാലിന്യം തള്ളിയ ഹോട്ടല്‍ അടച്ചുപൂട്ടിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചെങ്കിലും പൊലിസ് സ്ഥലത്തെത്തി ഹോട്ടലുടമകളെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
പൊതുനിരത്തിലും ജനവാസമേഖലയിലും മാലിന്യം നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലുടമകള്‍ക്കെതിരേ വ്യത്യസ്ഥ പരാതികളുടെ അടിസ്ഥാനത്തില്‍ തലപ്പുഴ പൊലിസും മാനന്തവാടി പൊലിസും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."