കെട്ടിട നിര്‍മാണമേഖലയില്‍ ചുവടുറപ്പിക്കാന്‍ കുടുംബശ്രീ
കല്‍പ്പറ്റ: സംരംഭ രംഗത്ത് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയ കുടുംബശ്രീ നിര്‍മാണ മേഖലയിലും ചുവട്വക്കുന്നു. സ്ത്രീകള്‍ മാത്രം നേതൃത്വം വഹിക്കുന്ന ജില്ലയിലെ ആദ്യത്തെ നിര്‍മാണ സംഘം തുടങ്ങുന്നതിനാണ് കുടുംബശ്രീ ജില്ലാ മിഷന് ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 30 പേര്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് ഓരോ ബ്ലോക്കിന് കീഴിലും 30 പേര് വീതമുള്ള ഓരോ സംഘങ്ങള്‍ രൂപീകരിക്കും. ഒരു മാസം നീണ്ടു നില്ക്കുന്ന വിദഗ്ധ പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. പ്ലാനുകള്‍ മനസ്സിലാക്കുന്നത് മുതല്‍ സ്ഥലം വൃത്തിയാക്കി കുറ്റിയടിക്കുന്നതിനും അസ്ഥിവാരം നിര്‍മിച്ച് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ പ്രാപ്തരാക്കുന്നതിനുതകുന്ന തരത്തിലുള്ള പരിശീലനമാണ് നല്‍കുക. ആദ്യ 30 ദിവസം പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവരുടെ നേതൃത്വത്തില്‍ ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.
മാനന്തവാടി സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയെയാണ് ജില്ലയിലെ പരിശീലന ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്. പരിശീലനത്തിനാവശ്യമായ വിശദമായ മൊഡ്യൂള്‍ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയിട്ടുണ്ട്. പരിശീലനത്തിനാവശ്യമായ പണിയായുധങ്ങള്‍, മറ്റ് പരിശീലന സാമഗ്രികള്‍ തുടങ്ങിയവ ഡബ്ല്യു.എസ്.എസ്.എസ് ഒരുക്കും. നിര്‍മാണ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉയര്‍ന്നു വരുന്നതായുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ പുതിയ മേഖലയിലേക്ക് കടക്കുന്നത്. നിലവില്‍ ധാരാളം കുടുംബശ്രീ അംഗങ്ങള്‍ നിര്‍മാണ മേഖലയില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഭവന നിര്‍മാണ പദ്ധതികള്‍ തുടങ്ങിയവ ടെന്‍ഡര്‍ നടപടികളില്ലാതെ ഭാവിയില്‍ നിര്‍മാണ സംഘങ്ങളെ ഏല്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നിര്‍മാണ ഗ്രൂപ്പിന്റെ പരിശീലനം മാനന്തവാടി ഡബ്ല്യു.എസ്.എസ്.എസ് ഹാളില്‍ ഈമാസം 17ന് രാവിലെ 11ന് മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.ആര് പ്രവീജ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."