പണം ഇനിയും കിട്ടിയില്ല: കൃഷിഭവന്‍ മുഖേന തേങ്ങ വിറ്റ കര്‍ഷകര്‍ പ്രതിസന്ധിയില്‍
രാജപുരം: വിറ്റ തേങ്ങയ്ക്ക് പണം കിട്ടാതെ നാളികേര കര്‍ഷകര്‍ വലയുന്നു. കൃഷിഭവന്‍ മുഖേന തേങ്ങ നല്‍കിയ കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നത്. നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി കൂടി വന്നതോടെ അടുത്ത കാലത്തൊന്നും പണം കിട്ടാന്‍ സാദ്ധ്യതയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പനത്തടി, കോടോം ബേളൂര്‍ കൃഷിഭവന്‍ മുഖേനയാണു കേരഫെഡ് കര്‍ഷകരില്‍നിന്നു തേങ്ങ സംഭരിച്ചിരുന്നത്. ഓഗസ്റ്റ് ഒന്‍പതു വരെയാണു മലയോരത്തെ കൃഷിഭവനുകളില്‍ തേങ്ങ സംഭരിച്ചത്. ഇതിനുള്ള പണമാണ് കര്‍ഷകര്‍ക്ക് കിട്ടാതായിരിക്കുന്നത്. ലക്ഷങ്ങളാണ് രണ്ട് പഞ്ചായത്തുകളിലായി നല്‍കാനുള്ളത്. മേയ് 19 വരെ എടുത്ത തേങ്ങയുടെ വില മാത്രമേ നല്‍കിയിട്ടുള്ളൂ. 26 മുതല്‍ സംഭരണം നിര്‍ത്തിയ ഓഗസ്റ്റ് ഒന്‍പതു വരെയുള്ള തുകയാണു കര്‍ഷകര്‍ക്കു നല്‍കാനുള്ളത്. കോടോം ബേളൂര്‍ കൃഷിഭവനില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 17 ലക്ഷവും പനത്തടിയില്‍ 25 ലക്ഷവുമാണ് നല്‍കാനുള്ളത്.
വിവിധ കൃഷിഭവനുകളില്‍ സംഭരണത്തിനായി നിയമിച്ച അക്കൗണ്ടന്റുമാരെ ഒക്ടോബര്‍ അവസാനത്തോടെ പിരിച്ചുവിട്ടതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തുക ലഭിക്കാന്‍ ആരെ സമീപിക്കുമെന്നതാണ് ആശങ്ക. പണം എവിടെനിന്നു ലഭിക്കുമെന്നും കര്‍ഷകര്‍ക്കറിയില്ല. കൃഷിഭവനുകളുടെ അക്കൗണ്ടിലേക്കാണു തുക വരുന്നത്. എന്നാല്‍ കൃഷിഭവനിലും വിവരമില്ല. സംഭരണം നിര്‍ത്താനുള്ള അറിയിപ്പു ലഭിച്ചിട്ടുണ്ട്. കൃഷിഭവന്‍ മുഖേന കേരഫെഡ് സംഭരിച്ച തേങ്ങയ്ക്കു കിലോയ്ക്ക് 25 രൂപയാണു നല്‍കിയിരുന്നത്.
പൊതുവിപണിയേക്കാള്‍ ലാഭകരമായിരുന്നെങ്കിലും കര്‍ഷകര്‍ക്കു തങ്ങളുടെ മുഴുവന്‍ തേങ്ങയും ഇതുവഴി വില്‍പന നടത്താന്‍ സാധിച്ചിരുന്നില്ല. സംഭരണം നിര്‍ത്തിയതിനെ തുടര്‍ന്നു വീണ്ടും പൊതുവിപണി തന്നെയാണു കര്‍ഷകര്‍ക്ക് ആശ്രയം. തേങ്ങയുടെ വില ലഭിക്കാതായതോടെ നൂറുകണക്കിനു നാളികേര കര്‍ഷകരാണു പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."