കൊച്ചി മെട്രോയുടെ രണ്ടാംഘട്ട സാമ്പത്തിക സഹായത്തിന് എ.എഫ്.ഡിയുടെ അംഗീകാരം
കൊച്ചി: മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നഗരനവീകരണ പദ്ധതികള്‍ക്കുമായി 1,350 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് ഫ്രഞ്ച് ധനകാര്യ ഏജന്‍സി (എ.എഫ്.ഡി)യുടെ അംഗീകാരം. പൊതു നിക്ഷേപക ബോര്‍ഡിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണു വായ്പ നല്കാന് എ.എഫ്.ഡി അംഗീകാരം നല്‍കിയത്.
കഴിഞ്ഞ ദിവസം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) ആസ്ഥാനത്തെത്തിയ എ.എഫ്.ഡി സംഘം വായ്പ നല്കുന്ന കാര്യത്തില്‍ ഉറപ്പു നല്‍കിയിരുന്നു. 1.35 ശതമാനം പലിശയില്‍ 25 വര്‍ഷത്തേക്കാണു വായ്പ അംഗീകരിച്ചിരിക്കുന്നത്. നഗരസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു ലോണ്‍ കാലാവധി സാധാരണ 20 വര്‍ഷമാണെങ്കിലും പ്രത്യേക പരിഗണ നല്‍കിയാണു കൊച്ചി മെട്രാ രണ്ടാംഘട്ടത്തിനുള്ള വായ്പ തിരിച്ചടവ് നീട്ടിയതെന്ന് എ.എഫ്.ഡി പ്രതിനിധികള്‍ അറിയിച്ചു. 2100 കോടി മുടക്കിയാണ് കാക്കനാട്ടേക്ക് മെട്രോ ദീര്‍ഘിപ്പിക്കുന്നത്.
മെട്രോ സ്റ്റേഷനുകളുടെ സൗന്ദര്യവത്കരണം, ആലുവ, ഇടപ്പള്ളി, വൈറ്റില ജങ്ഷനുകളുടെ വികസനം, എം.ജി റോഡില്‍ ആധുനിക നടപ്പാത എന്നിവയ്ക്കാണു 161 കോടി. നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ 31 കോടിയുടെയും പ്രധാന ജംഗ്ഷനുകളുടെ വികസനത്തിനു 30 കോടിയുടെയും പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."