അമ്പലമുകള്‍ ഗവ. സ്‌കൂളിന് സ്ഥിരം സംവിധാനം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി
കൊച്ചി: അമ്പലമുകള്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡി സ്‌കൂളിന് സ്ഥിരം കെട്ടിടം ഒരുക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് മുറികള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യശ്രേണിയില്‍ അമ്പലമുകള്‍ സ്‌കൂളിനെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
അമ്പലമേട്ടില്‍ നവീകരിച്ച ഫാക്ട് സ്‌കൂളിലേക്കു മാറ്റി സ്ഥാപിച്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സെപ്തംബര്‍ 29നുണ്ടായ വാതകച്ചോര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് കുഴിക്കാട് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഫാക്ടിന്റെ പഴയ സ്‌കൂള്‍ കെട്ടിടം നവീകരിച്ച് അവിടേക്ക് മാറ്റിയത്. വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയിലായ സംഭവം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടതെന്ന് മന്ത്രി പറഞ്ഞു. വി.പി സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ശിശുദിന സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ അയ്യപ്പന്‍കുട്ടി, ജാന്‍സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ സുകുമാരന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി. വിശാഖ്, അംഗങ്ങളായ എം.കെ. രവി, കെ.കെ. അശോക് കുമാര്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ലിജി ജോസഫ്, ബി.പി.സി.എല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ്.കെ.പണിക്കര്‍, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍ സി.എ. സന്തോഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി. സുരേഷ്, പി.ടി.എ പ്രസിഡന്റ് കെ.പി. ശിവന്‍, പ്രധാനാധ്യാപിക ഷൈനി.കെ. ശങ്കര്‍, പ്രിന്‍സിപ്പല്‍ ഡോ. വി.ജി ചിത്ര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."