സക്കീര്‍ ഹുസൈന്റെ അറസ്റ്റ് പ്രതീക്ഷിച്ച് സി.പി.എം ഓഫിസിനു മുന്നില്‍ തടിച്ചുകൂടിയത് വന്‍ ജനക്കൂട്ടം
കളമശ്ശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട സി.പി.എം മുന്‍ ഏരിയ സെക്രട്ടറി വി.എ സക്കീര്‍ ഹുസൈനെ അറസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ച് പാര്‍ട്ടി ഓഫിസ് പരിസരത്ത് ജനം തടിച്ചുകൂടി. നോര്‍ത്ത് കളമശ്ശേരിയിലുള്ള ബി.ടി.ആര് മന്ദിരത്തിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ ഇന്നലെ വൈകീട്ട് 3.20 ഓടെയാണ് സക്കീര്‍ ഹുസൈന് എത്തിയത്.
ഓഫിസില്‍ എത്തിയ വിവരം അറിഞ്ഞും അറിയിച്ചും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഓഫിസിലെത്തി. ഇതറിഞ്ഞ് നിരവധി മാധ്യമ പ്രവര്‍ത്തകരും എത്തിയതോടെ പാര്‍ട്ടി ഓഫിസ് പരിസരം ജനനിബിഡമായി. ഇതോടെ സക്കീര്‍ ഹുസൈന് പൊലിസിന് കീഴടങ്ങുകയോ പൊലിസ് അറസ്റ്റ് ചെയ്യുകയോ ഉണ്ടാകുമെന്ന പ്രതീതിയായി. എന്നാല്‍ ഈ പരിസരത്തേക്ക് യൂനിഫോം അണിഞ്ഞ ഒരു പൊലിസുകാരനും തിരിഞ്ഞു നോക്കിയില്ല.
ആറ് മണിയോടെ കളമശ്ശേരി ഏരിയ സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന ടി.കെ മോഹനന് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ടെന്നു ഓഫിസില്‍ നിന്നറിയിച്ചു. ഈ സമയം നിര്‍വധി പൊലിസുദ്യോഗസ്ഥര്‍ മഫ്തിയില്‍ സ്ഥലത്തെത്തിയിരുന്നു. നൂറു മീറ്റര്‍ അകലത്തിലായി പൊലിസ് ദ്രുതകര്‍മസേനയുടെ വാഹനവും നിലയുറപ്പിച്ചിരുന്നു.ഏഴ് മണിയോടെ ടി.കെ മോഹനന് മാധ്യമപ്രവര്‍ത്തകരെ കണ്ടു.
സക്കീര്‍ ഹുസൈന് ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്പില് ഹാജരാകുമെന്നും അന്നു വൈകിട്ട് നാലോടെ മജിസ്ട്രേറ്റ് മുന്‍പാകെ പൊലിസ് ഹാജരാക്കുമെന്നും മോഹനന് പറഞ്ഞു. എന്നാല്‍ കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ലന്നും അതു കിട്ടി കഴിഞ്ഞ് കൂടുതല്‍ പറയാമെന്നും മോഹനന് പറഞ്ഞു. ഇതോടെ പാര്‍ട്ടി അണികള്‍ ഈന് കുലാബ് സിന്ദാബാദ്, സി.പി.എം സിന്ദാബാദ് വിളിച്ചു. എല്ലാവരും പിരിഞ്ഞു പോകാന്‍ അണികള്‍ ആഹ്വാനവും ചെയ്തു. തുടര്‍ന്ന് കുറേ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."