വിഴിഞ്ഞം തുറമുഖം കടലിന്റെ അടിത്തട്ട് നിരീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
കോവളം: വിഴിഞ്ഞത്ത് കടലിന്റെ അടിത്തട്ടിലുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ടര്‍ബിഡിറ്റി ബോയകളുടെ യന്ത്ര സാമഗ്രികള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. കടല്‍വെള്ളത്തെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിയൊഴുക്കുകളെയും പ്രതിരോധിക്കാനുള്ള സുരക്ഷാ കവചങ്ങള്‍ ഉറപ്പിക്കുന്ന അവസാന ഘട്ട പ്രവര്‍ത്തികളിലാണ് ജീവനക്കാര്‍.ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ നാളെ മുതല്‍ ബോയകളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബന്ധപ്പെട്ടവര്‍.
മൂന്ന് തട്ടുകളായി സജ്ജമാക്കിയ യന്ത്രത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഫെബിന്റെ മേല്‍നോട്ടത്തിലുള്ള അഞ്ചംഗ സംഘമാണ് നടത്തിവരുന്നത്.
തുറമുഖ നിര്‍മാണത്തിനായി കടല്‍കുഴിക്കുമ്പോള്‍ പ്രദേശത്തെ കടല്‍ ജലം അമിതമായി കലങ്ങിയാല്‍, അത് ഓക്‌സിജന്റെ അളവ് കുറയുന്നതിനിടയാക്കും. ഇത് മേഖലയിലെ മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കും.അതിനാലാണ് കടലിന്റെ അടിത്തട്ടിലെ വെള്ളം കലങ്ങുന്നത് നിരന്തരം നിരീക്ഷിക്കാനും അളക്കാനുമുള്ള ആധുനിക രീതിയിലുള്ള ടര്‍ബിഡിറ്റി ബോയ എന്ന പേരിലുള്ള ടര്‍ബിഡിറ്റി മെഷര്‍മെന്റ് സംവിധാനം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
25 മീറ്ററോളം ആഴത്തില്‍
രണ്ടര കിലോമീറ്റര്‍ അകലത്തിലായാണ് മൂന്ന് ടര്‍ബിഡിറ്റി ബോയകള്‍ സ്ഥാപിക്കുന്നത്.കടലില്‍ സ്ഥാപിച്ച് ഓരോ പത്ത് മിനിട്ടിലും കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയില്‍ വരുന്ന കാതലായ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതോടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന അപകടകരമായ മാറ്റം തടഞ്ഞ് പ്രദേശത്തെ മത്സ്യ സമ്പത്ത് സംരക്ഷിക്കുകയാണ് ലക്ഷ്യം.
ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംരംഭമാണ് വിഴിഞ്ഞത്തേതെന്ന് ഇതിന്റെ ചുമതലക്കാരായ ബോംബെ ആസ്ഥാനമായുള്ള ഓഷ്യന്‍ സയന്‍സ് ആന്റ് ടറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."