കൊതുകുകള്‍ പെരുകുന്നു; നഗരസഭയില്‍ സമഗ്ര വെക്ടര്‍ മാപ്പിങ്ങിന് തീരുമാനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും
തൊടുപുഴ: പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകുന്ന കൊതുകുകള്‍ വ്യാപകമായ സാഹചര്യത്തില്‍ നഗരസഭാ പരിധിയില്‍ സമഗ്ര വെക്ടര്‍ മാപ്പിങ്ങും മോസ്‌കിറ്റോ പ്രൊഫൈലിങ്ങും നടത്താന്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം.
തൊടുപുഴ മേഖലയില്‍ രോഗാണുവാഹികളായി കാണുന്ന മലമ്പനിക്ക് കാരണമാകുന്ന അനോഫിലസ് വിഭാഗം, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക, യെല്ലോഫിവര്‍, റിഫ്റ്റ് വാലി, രോഗം എന്നിവയ്ക്കു കാരണമാകുന്ന ഈഡിസ് കൊതുകുകള്‍, മന്ത്, ജപ്പാന്‍ ജ്വരം എന്നിവ പരത്തുന്ന ക്യൂലസ്, മാന്‍സോണിയ കൊതുകുകള്‍ എന്നിവയുടെ സാന്ദ്രത കണ്ടെത്തിയിരുന്നു. ഇവയുടെ നിയന്ത്രണത്തിന് തദേശീയരെ പ്രാപ്തരാക്കുകയാണ് വെക്ടര്‍ മാപ്പിങ്ങിലൂടെ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടാത്ത രോഗങ്ങളായ കാലാ ആസാര്‍, ഫീല്‍ബോട്ടം ഫിവര്‍ എന്നിവ പരത്തുന്ന മണലീച്ച, ലൈം രോഗം, റിലാപ്‌സിംഗ് പനി, റികറ്റ്‌സിയല്‍ രോഗം, എന്‍സഫലൈറ്റിസ് എന്നിവ പരത്തുന്ന ടിക്കുകള്‍, നേത്രരോഗങ്ങള്‍, കുടല്‍ രോഗം, ത്വക്ക് രോഗം എന്നിവയ്ക്കു കാരണമാകുന്ന ഈച്ചകള്‍, കുരങ്ങുപനി, സ്‌ക്രബ്‌ടൈഫസ് എന്നിവയ്ക്കു കാരണമാകുന്ന മൈറ്റുകള്‍ എന്നിവയുടെ സാന്നിധ്യവും വെക്ടര്‍ മാപ്പിങ് വഴി കണ്ടെത്തും. റെസിഡന്റ്‌സ് അസോസിയേഷനുകള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഫീല്‍ഡ് റിസര്‍ച്ച് വിഭാഗമാണ് വെക്ടര്‍ മാപ്പിങ് നടത്തുക.
മാപ്പങ് പൂര്‍ത്തിയാകുന്നതോടെ ഒരോ പ്രദേശത്തും കാണുന്ന വെക്ടറുകളുടെ സാന്ദ്രത കണ്ടെത്തി നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വെക്ടര്‍ മാപ്പിംഗിന്റെ മുനിസിപ്പല്‍തല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിനു പുലരി റസിഡന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഞാറക്കണ്ടത്തില്‍ എന്‍. സുരേഷ് ബാബുവിന്റെ ഭവനത്തില്‍ നടക്കും. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിനി ജോഷി അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ മാപ്പിംഗിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഹരി, കൗണ്‍സിലര്‍ ജെസി ജോണി, ട്രാക്ക് സെക്രട്ടറി സണ്ണി തെക്കേക്കര, പുലരി റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ആന്റണി എന്നിവര്‍ പങ്കെടുക്കും.
ജില്ലാ സര്‍വയന്‍സ് ഓഫീസര്‍ ഡോ. സിതാര, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി, ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ കെ.എന്‍. വിനോദ്, മാസ് മീഡിയ ഓഫീസര്‍ ആര്‍. അനില്‍കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍. ജയപ്രകാശ് എന്നിവര്‍ വിഷയാവതരണം നടത്തും. പുലരി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നന്ദി പറയും. തൊടുപുഴ നഗരസഭയെ സമ്പൂര്‍ണ പകര്‍ച്ചവ്യാധിരഹിത മുനിസിപ്പാലിറ്റിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."