ചിന്നമ്മ വധം: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
കല്‍പ്പറ്റ: വയനാട് തൃക്കൈപ്പറ്റയിലെ വെള്ളിത്തോട് കെ.കെ ജങ്ഷനിലെ ഓലിക്കുഴിയില്‍ പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ(അന്നമ്മ-68)യെ കവര്‍ച്ചക്ക് വേണ്ടി വധിച്ചകേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. കല്‍പ്പറ്റ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എസ്.എച്ച് പഞ്ചാപകേശനാണ് കേസിലെ പ്രതികളായ എരുമാട് കൊന്നച്ചാലില്‍ കുന്നാരത്ത് ഔസേഫ്(24), സഹോദരന്‍ സില്‍ജോ(26), തൃക്കൈപ്പറ്റ മാണ്ടാട് കരിങ്കണ്ണിക്കുന്ന് കയ്യാനിക്കല്‍ വിപിന്‍ വര്‍ഗീസ് (വമ്പന്‍-26) എന്നിവരെ ശിക്ഷിച്ചത്.
കൊലനടത്തിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപവീതം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം വീതം തടവും ഇവര്‍ അനുഭവിക്കണം. ഒപ്പം കുറ്റകരമായ ഗൂഢാലോചനക്ക് 120(ബി) വകുപ്പു പ്രകാരം മൂന്നു വര്‍ഷം വീതം കഠിന തടവും, വീട്ടില്‍ അതിക്രമിച്ച് കടന്നതിന് 449 വകുപ്പു പ്രകാരം അഞ്ചു വര്‍ഷം വീതം കഠിനതടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം വീതം തടവും ഉണ്ട്. കവര്‍ച്ച നടത്തിയതിന് 392 വകുപ്പു പ്രകാരം ഏഴു വര്‍ഷം വീതം കഠിന തടവും 50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 18 മാസം വീതം തടവും അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് 201 വകുപ്പുപ്രകാരം അഞ്ചുവര്‍ഷം വീതം കഠിന തടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
2014 സെപ്റ്റംബര്‍ 13ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ ഔസേഫും സില്‍ജോയും ചിന്നമ്മയുടെ അകന്ന ബന്ധുക്കളാണ്. കവര്‍ച്ചയ്ക്കുവേണ്ടി ശീതളപാനീയത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയശേഷം കത്തി ഉപയോഗിച്ച് വെട്ടിയും കല്ലുകൊണ്ട് ഇടിച്ചും ചിന്നമ്മയെ കൊന്നുവെന്നാണ് കേസ്. കൊലയ്ക്കു ശേഷം 34.35 ഗ്രാം സ്വര്‍ണമാലയും 3.1ഗ്രാം തൂക്കം വരുന്ന സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
സാഹചര്യതെളിവുകളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ കുറ്റം തെളിയിച്ചത്. കല്‍പ്പറ്റ സി.ഐ സുഭാഷ് ബാബുവാണ് കേസന്വേഷിച്ചത്. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ ചിന്നമ്മയുടെ മക്കള്‍ക്ക് ഒന്നരലക്ഷം രൂപ വീതം നല്‍കാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. അനുപമനാണ് ഹാജരായത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."