ഒരുമാസം പ്രായമായ കുഞ്ഞുമായി ദമ്പതികള്‍ പൊലിസ് കസ്റ്റഡിയില്‍
ചെറുവത്തൂര്‍ (കാസര്‍കോട്): സംശയാസ്പദമായ സാഹചര്യത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരേ കേസ്. ചെറുവത്തൂര്‍ കണ്ണങ്കൈയിലെ ദമ്പതികള്ക്കെതിരേയാണ് ചന്തേര പൊലിസ് കേസെടുത്തത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ സി.ഐ. നിര്‍മലയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെയാണ് കുട്ടിയുമായി ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. 16 വര്‍ഷമായി ഒന്നിച്ചുകഴിയുന്ന തമിഴ്നാട് സ്വദേശിക്കും ഭാര്യ കണ്ണങ്കൈ സ്വദേശിനിക്കും കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. കഴിഞ്ഞമാസം രണ്ട് ദിവസം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ എത്തിയിരുന്നു. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ ഇവരുടെ കൈയില്‍ കൈക്കുഞ്ഞുമുണ്ടായിരുന്നു. ഗര്ഭിണിയല്ലാതിരുന്ന സ്ത്രീയുടെ കൈയില്‍ നവജാതശിശുവിനെ കണ്ടു സംശയം തോന്നിയ ചിലര്‍ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വനിത സി.ഐ.യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. ആരോപണ വിധേയയായ സ്ത്രീയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സ്ത്രീ പ്രസവിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതിനുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും വാങ്ങിയതാണെന്ന് സ്ത്രീ പൊലിസിനോട് പറഞ്ഞതായാണ് വിവരം. ഇതേതുടര്‍ന്ന് പൊലിസ് സംഘം പയ്യന്നൂരിലെ ആശുപത്രിയിലെത്തി അന്വേഷണം നടത്തി. ആരോപണ വിധേയായ സ്ത്രീ പ്രസവിച്ച കുട്ടി തന്നെയാണ് അവരുടെ കൈയിലുള്ളത് എന്ന് പൊലിസിനോട് പറഞ്ഞ ഇവിടുത്തെ ഡോക്ടര്‍ ആശുപത്രി രേഖകള്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ പ്രസവിക്കാത്ത സ്ത്രീ പ്രസവിച്ചതായി വ്യാജരേഖയുണ്ടാക്കി കുട്ടിയെ ആശുപത്രി അധികൃതര്‍ കൈമാറിയെന്ന സംശയം ബലപ്പെടുന്നുണ്ട്. ആ വഴിക്കാണ് അന്വേഷണം നീങ്ങുന്നത്. ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ കുഞ്ഞിനെ പട്ടുവം ജുവനൈല്‍ കെയര്‍ സെന്ററിലാക്കി. ചന്തേര പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."