കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസിലെത്തിയത് സി.പി.എമ്മിന് തിരിച്ചടിയായി
കൊച്ചി: കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശം വന്നിട്ടും പരസ്യമായി പാര്‍ട്ടിഓഫിസില്‍ അഭയം തേടിയ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈന്റെ നടപടി സി.പി.എമ്മിനും പൊലിസിനും തിരിച്ചടിയായി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് സംഘം പാര്‍ട്ടി ഓഫിസിന് പുറത്തുകാത്തുനിന്നശേഷം മടങ്ങേണ്ടിവന്നത് നിയമവാഴ്ചയ്‌ക്കെതിരേയുള്ള വെല്ലുവിളിയായി വ്യാഖ്യാനിച്ചുകൊണ്ട് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത് വന്നതോടെ സി.പി.എം വെട്ടിലായി. സക്കീര്‍ ഹുസൈന്‍ പൊലിസിന് കീഴടങ്ങണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം പാര്‍ട്ടി ഓഫിസില്‍ വന്നത് എന്തിനാണെന്ന് അന്വേഷിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയേണ്ടിവന്നു. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന വന്നിട്ടും ഇന്നലെയും സക്കീര്‍ ഹുസൈന്‍ ഹാജരാകാതിരുന്നതാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം സി.പി.എം കളമശ്ശേരി ഏരിയാകമ്മിറ്റി ഓഫിസില്‍ ഇയാള്‍ എത്തിയെന്ന് സ്ഥിരീകരിക്കുകയും കീഴടങ്ങാത്തതിനെ ന്യായീകരിക്കുകയും ചെയ്ത ഏരിയാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ മോഹനന്‍, കീഴടങ്ങണമോയെന്നത് സക്കീര്‍ഹുസൈ ന്റെ വ്യക്തിപരമായ വിഷയമാണെന്ന് പറഞ്ഞ് ഇന്നലെ ഒഴിഞ്ഞുമാറി. കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷ തള്ളുകയും അറസ്റ്റ് ചെയ്യുന്നതിന് തടസമായ നടപടി സ്വീകരിക്കുകയും ചെയ്തത് വിവാദമായതോടെ ഇന്ന് സക്കീര്‍ ഹുസൈന്‍ കീഴടങ്ങുമെന്നാണ് അറിയുന്നത്. ഇതിനായി പാര്‍ട്ടി തന്നെ സക്കീറിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിതല അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്ന എളമരം കരീം പരാതിക്കാരനായ വ്യവസായി ജൂബി പൗലോസില്‍ നിന്നും ഏരിയാകമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴി എടുത്തിരുന്നു. സക്കീറിന്റെ ഇടപ്പെടലാണ് തന്റെ വ്യവസായം തകര്‍ത്തതെന്ന പരാതി ജൂബി അന്വേഷണകമ്മിഷന്‍ മുന്‍പാകെ ആവര്‍ത്തിച്ചു. അതിനിടെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി.ജെ പൗലോസും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."