ചെന്നൈയിന്‍ വിജയവഴിയില്‍
ചെന്നൈ: തുല്യശക്തികളുടെ പോരാട്ടത്തില്‍ പൂനെ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് ചെന്നൈയിന്‍ എഫ്.സി തകര്‍ത്തു. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ജെജെ ലാല്‍പെഖുലെ, ഡേവിഡ് സുച്ചി എന്നിവരാണ് ചെന്നൈയിന്റെ ഗോളുകള്‍ നേടിയത്. ജയമറിയാത്ത അഞ്ചു മത്സരങ്ങള്‍ക്ക് ശേഷമാണ് ചെന്നൈയിന്‍ വിജയപാതയിലേക്ക് എത്തിയിരിക്കുന്നത്. പൂനെയെ വീഴ്ത്തിയതോടെ 13 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയരാനും ചെന്നൈയിന് സാധിച്ചു.
ബ്ലാസ്റ്റേഴ്‌സിനോട് പരാജയപ്പെട്ട ടീമില്‍ ആറു മാറ്റങ്ങളാണ് കോച്ച് മറ്റരാസി വരുത്തിയത്. കരണ്‍ജിത്ത് സിങ്, എദര്‍ മൊന്‍ഡേറോ, മാന്യുവല്‍ ബ്ലാസി, ഹാന്‍സ് മുള്‍ഡര്‍, ഡേവിഡ് സുച്ചി എന്നിവര്‍ ടീമിലിടം പിടിച്ചു. രാജു യുമ്‌നം പൂനെ ടീമിലും ഇടംപിടിച്ചു. ചെന്നൈയിന്‍ തന്നെയാണ് മത്സരത്തിലെ ആദ്യ മുന്നേറ്റം സംഘടിപ്പിച്ചത്. എട്ടാം മിനുട്ടില്‍ റാഫേല്‍ അഗസ്റ്റോയുടെ മികച്ചൊരു മുന്നേറ്റത്തില്‍ പന്ത് ലഭിച്ച ജെജെ സുഷി പാസ് നല്‍കി.
താരം പന്ത് ലക്ഷ്യത്തിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ പിന്നീട് ഇരുടീമുകളും മധ്യനിരയില്‍ കേന്ദ്രീകരിച്ച് കളി തുടര്‍ന്നപ്പോള്‍ പലപ്പോഴും മുന്നേറ്റങ്ങളില്ലാതെ മത്സരം വിരസമായി.
23ാം മിനുട്ടില്‍ ജൊനാഥന്‍ ലൂക്കയുടെ പാസില്‍ അഗസ്റ്റോ നടത്തിയ മുന്നേറ്റം ഭീഷണിയുയര്‍ത്തി. എന്നാല്‍ അഗസ്റ്റോ പന്ത് സുച്ചിക്ക് നല്‍കി. പക്ഷേ താരത്തിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ തന്നെ സുച്ചി മറ്റൊരവസരം ലഭിച്ചെങ്കിലും ഇത്തവണയും ഫലം ഇതുതന്നെയായിരുന്നു. ഇതിനു ശേഷവും ഇരുടീമുകളും മികച്ച അവസരങ്ങള്‍ മുതലാക്കുന്നതില്‍ പരാജയപ്പെടുന്നതാണ് കണ്ടത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിപ്പിക്കും എന്നു കരുതിയിരിക്കെയാണ് ഗോള്‍ വീണത്. ബെര്‍നാര്‍ഡ് മെന്‍ഡിയുടെ പാസുമായി മുന്നേറിയ അഗസ്റ്റോ പന്ത് സുച്ചിക്ക് കൈമാറി. താരത്തിന്റെ ഷോട്ടില്‍ മികച്ചൊരു ഹെഡ്ഡറിലൂടെ ജെജെ ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ കൂടുതല്‍ ആക്രമണം പുറത്തെടുത്തു. 51ാം മിനുട്ടില്‍ അതിന് ഫലവും കണ്ടു. അഗസ്റ്റോയുടെ ക്രോസില്‍ സുച്ചിയായിരുന്നു സ്‌കോര്‍ ചെയ്തത്.
രണ്ടാം ഗോളും വഴങ്ങിയതോടെ പൂനെയുടെ പ്രതിരോധം പാടെ തകര്‍ന്നു. തൊട്ടുപിന്നാലെ തന്നെ ജെജെയ്ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ ലഭിച്ച അവസരം മുതലാക്കാന്‍ സാധിച്ചില്ല.
തിരിച്ചടിക്കാന്‍ പിന്നീട് പൂനെയ്ക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മ തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."