മോദി സര്‍ക്കാര്‍ ജനങ്ങളെ യാചകരാക്കി: മമതാ ബാനര്‍ജി
കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ ജനങ്ങളെ യാചകരാക്കി മാറ്റിയതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. രാജ്യത്ത് പലയിടത്തും ബാങ്കുകളോ പോസ്റ്റ് ഓഫിസ് സൗകര്യങ്ങളോ ഇല്ല. ഇവിടങ്ങളിലെ ജനങ്ങള്‍ എന്താണ് ചെയ്യുക. നോട്ടുകള്‍ പിന്‍വലിച്ച നടപടിയിലൂടെ മോദി സൃഷ്ടിച്ചത് യാചകരെയാണെന്നും മമത ആരോപിച്ചു.
രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാഷ്ട്രപതിയെ കാണുമെന്നും അവര്‍ കൊല്‍ക്കത്തയില്‍ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.പിമാരുമായി ചേര്‍ന്നാണ് രാഷ്ട്രപതിയെ കണ്ട് ഇപ്പോഴുണ്ടായ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക.
പ്രതിസന്ധിയെക്കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, സമാജ് വാദി നേതാവ് മുലായം സിങ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മമതാ ബാനര്‍ജി അറിയിച്ചു.
ഇവരെല്ലാം പണപ്രതിസന്ധിയുടെ കാര്യത്തില്‍ തനിക്കൊപ്പം ചേര്‍ന്നാല്‍ വളരെ നന്നായിരുന്നു. ഇവരാരും ഇല്ലെങ്കിലും തന്റെ പാര്‍ട്ടി എം.പിമാരുമായി ചേര്‍ന്ന് രാഷ്ട്രപതിയുമായി ചര്‍ച്ച നടത്തും. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല തനിക്കൊപ്പം ചേരാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മമത അറിയിച്ചു. പ്രശ്‌നം സംബന്ധിച്ച് പ്രസിഡന്റുമായി പിന്നീട് ചര്‍ച്ച നടത്താമെന്നാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചത്. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുമ്പ് രോഗി മരിച്ച അവസ്ഥയായിരിക്കും ഉണ്ടാവുക.
റെയില്‍വേ സ്റ്റേഷന്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുമ്പോള്‍ കൃഷി, സഹകരണ മേഖലകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇളവ് അനുവദിക്കാത്തത് എന്ത് കാരണത്താലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത് പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്. ജനങ്ങള്‍ സഹിക്കാനാകുന്നതിലും അപ്പുറത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."