വ്യക്തിനിയമം യുക്തിഭദ്രം
'ശരീഅത്തില്‍ ഞങ്ങള്‍ തൃപ്തരാണ്' -രണ്ടാം ഭാഗം
ഇസ്‌ലാമിലെ ബഹുഭാര്യത്വമാണു ചില സ്വതന്ത്രവാദികളെ വല്ലാതെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. ഇത്തരക്കാര്‍ പ്രാഥമികമായി ഒരുകാര്യം മനസ്സിലാക്കണം. ബഹുഭാര്യത്വം ഒരു പ്രശ്‌നമല്ല, പരിഹാരമാണ്. അതു നിര്‍ബന്ധബാധ്യതയല്ല, ചില സാഹചര്യങ്ങളില്‍ മനുഷ്യനു നല്‍കപ്പെട്ട ആനുകൂല്യമാണ്. ഇനി സ്ത്രീക്കാകട്ടെ, അതു രക്ഷയാണ്, ശിക്ഷയല്ല. തോന്നുമ്പോള്‍ പെണ്ണു കൊള്ളാനും തോന്നുമ്പോള്‍ തള്ളാനും ഇസ്‌ലാം അനുവദിച്ചിട്ടില്ല.
ബഹുഭാര്യത്വം സ്വീകരിക്കുന്നതിനു വളരെ യുക്തിസഹമായ നിബന്ധനകള്‍ മതം നിര്‍ദേശിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിലാകട്ടെ അത് അനിവാര്യമാകുകയും ചെയ്യുന്നു. ഭാര്യമാര്‍ക്കിടയില്‍ നീതി നടപ്പാക്കാനും അവരുടെ ചെലവുകള്‍ വഹിക്കാനും സാധിക്കുന്നവര്‍ക്കു മാത്രമേ ഇസ്‌ലാം ബഹുഭാര്യത്വം അനുവദിക്കുന്നുള്ളൂ. ബഹുഭാര്യത്വം അനിവാര്യമാകുന്ന സാഹചര്യങ്ങളിലൊന്ന് സ്ത്രീകളുടെ ക്രമാതീതമായ വര്‍ധനവാണ്. യുദ്ധങ്ങള്‍പോലെ പുരുഷന്മാരെ അധികമായി ബാധിക്കുന്ന വിഷയങ്ങളുണ്ടാകുമ്പോള്‍ ആണ്‍പെണ്‍ അനുപാതത്തില്‍ വലിയ വ്യത്യാസം വരും.
ഇത്തരം സാഹചര്യമുണ്ടായാല്‍ കഴിവുള്ള പുരുഷന്മാര്‍ക്കു നാലു ഭാര്യമാരെവരെ നിമയമപരമായി സ്വീകരിക്കാം. രണ്ടാംലോകമഹായുദ്ധത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട ആയിരക്കണക്കിനു സ്ത്രീകള്‍ തെരുവിലിറങ്ങി വ്യഭിചാരവൃത്തി നടത്താന്‍ വിധിക്കപ്പെട്ടപ്പോള്‍ ഇസ്‌ലാമിലെ ബഹുഭാര്യത്വത്തെക്കുറിച്ചു പഠിക്കാന്‍ ജര്‍മനി നിര്‍ബന്ധിതമായ സാഹചര്യം ചരിത്രം മറന്നിട്ടില്ല. കഴിവുള്ള പുരുഷന്മാര്‍ ഇത്തരം സ്ത്രീകളെ ഭാര്യാപദവി നല്‍കി സദാചാരജീവിതത്തിലേയ്ക്ക് ആനയിക്കുന്നതാണോ അതല്ല, മാംസക്കച്ചവടം നടത്താന്‍ തെരുവിലിറക്കുന്നതാണോ നീതി.
ഭാര്യ വന്ധ്യയായാല്‍ ബഹുഭാര്യത്വമെന്ന പരിഹാരമാര്‍ഗം പുരുഷനു സ്വീകരിക്കാവുന്നതാണ്. സന്താനശേഷിയില്ലാത്ത ഭാര്യയെ അതിന്റെ പേരില്‍ ക്രൂരമായി ഒഴിവാക്കാനല്ല കല്‍പിക്കുന്നത്. അവളുടെ ഭാര്യാ പദവി നിലനിര്‍ത്തിക്കൊണ്ടുതന്നെ സന്താനാവശ്യം പരിഗണിച്ചു മറ്റൊരു സ്ത്രീയെ നിയമപരമായി വിവാഹം കഴിക്കാനാണ്. നിലവിലുള്ള ഭാര്യക്കു പൂര്‍ണാര്‍ഥത്തിലുള്ള ദാമ്പത്യജീവിതത്തിനു തടസ്സമാകുന്നരീതിയില്‍ മാറാവ്യാധി പിടിപെടുമ്പോഴും ബഹുഭാര്യത്വം പരിഹാരമാണ്. രോഗിയായ ഭാര്യയെ ഒഴിവാക്കാതെ അവള്‍ക്കുവേണ്ട സാമീപ്യവും സാന്ത്വനവും പരിരക്ഷയും നല്‍കി അവളെ ശുശ്രൂഷിക്കാനും വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും കഴിയുന്ന പുതിയ ഭാര്യയെ സ്വീകരിക്കാം.
ഇതു പോലുള്ള നിരവധി മാനുഷികവും യുക്തിഭദ്രവുമായ ലക്ഷ്യങ്ങളാണു ബഹുഭാര്യത്വമെന്ന സംവിധാനത്തിലൂടെ ഇസ്‌ലാം കാണുന്നത്. ഈ ആനുകൂല്യത്തിന്റെ മറവില്‍ നീച താല്‍പര്യങ്ങള്‍ക്കുവേണ്ടി കണക്കില്ലാതെ കെട്ടുകയും ഒഴിവാക്കുകയും അനാഥരായ മക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നവരുണ്ടാകും. അവിടെ വ്യക്തികളാണു പ്രതിസ്ഥാനത്തു നിര്‍ത്തപ്പെടേണ്ടത്, മതമല്ല.
ഏകസിവില്‍കോഡ് ചര്‍ച്ചകളില്‍ ഏറെ വിമര്‍ശിക്കപ്പെട്ടതു ത്വലാഖും അനുബന്ധകാര്യങ്ങളുമായിരുന്നല്ലോ. ത്വലാഖിന്റെ പേരില്‍ മുസ്‌ലിംസ്ത്രീകള്‍ അക്രമിക്കപ്പെടുന്നുവെന്ന ധാരണ തെറ്റാണ്. മോചിപ്പിക്കുക, വിട്ടയയ്ക്കുക തുടങ്ങിയവയാണു ത്വലാഖ് എന്ന അറബിപദത്തിന്റെ അര്‍ഥം. അര്‍ഥത്തില്‍ത്തന്നെ ഇതൊരു രക്ഷയാണെന്ന ധ്വനിയുണ്ട്.
ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കാന്‍ സാധിക്കാത്ത ഭാര്യയെ ചിലപ്പോള്‍ ഒഴിവാക്കേണ്ടി വരും. കേവലം ചെറിയ പിണക്കങ്ങള്‍ക്കും കാരണങ്ങള്‍ക്കുമൊന്നും മതം ത്വലാഖ് അനുവദിച്ചിട്ടില്ല. നിര്‍ബന്ധസാഹചര്യങ്ങളില്‍ നല്‍കപ്പെടുന്ന ആനുകൂല്യങ്ങളെ അക്രമിയായ മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്നതാണ് ഇവിടെയെല്ലാം പ്രശ്‌നമായിത്തീരുന്നത്. ശക്തമായ ഉടമ്പടിയെന്നാണു ഖുര്‍ആന്‍ വിവാഹത്തെ വിശേഷിപ്പിക്കുന്നത്. കളിയല്ല, വളരെ ഗൗരവമേറിയതാണു വിവാഹം. മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ മഹര്‍ പുരുഷനു തിരിച്ചു വാങ്ങാവതല്ല.
പിണങ്ങിയ ഭാര്യയെയും ദുഃസ്വഭാവിയായ ഭാര്യയെയും വളരെ സുന്ദരമായ രീതിയില്‍ അച്ചടക്കം പഠിപ്പിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ത്വലാഖ് ആദ്യഘട്ടപരിഹാരമായി മതം കാണുന്നേയില്ല. ആദ്യം അവളോടു സദുപദേശം നടത്തണം. മനസില്‍ത്തട്ടുന്ന രീതിയില്‍ ഉപദേശിക്കപ്പെട്ടാല്‍ത്തന്നെ ഒട്ടുമിക്ക ഭാര്യമാരിലും മാറ്റം കാണാനാകും. അതു ഫലംചെയ്യുന്നില്ലെങ്കില്‍ അവളുടെ കൂടെ കിടപ്പറകൂടുന്നത് ഒഴിവാക്കണം. ഒരു വീട്ടില്‍ ഭാര്യയും ഭര്‍ത്താവും രണ്ടു മുറികളില്‍ ശയിക്കുന്നതു മാറിച്ചിന്തിക്കാന്‍ എത്രയോ പര്യാപ്തമാണ്. തികച്ചും മനഃശാസ്ത്രപരമായ നിലപാടാണു മതം ഇവിടെ നിര്‍ദേശിക്കുന്നത്. അതും വേണ്ടതുപോലെ ഫലിച്ചില്ലെങ്കില്‍ മുറിവോ പൊട്ടലോ വരാത്തരീതിയില്‍ അവളെ അടിക്കണം. ഒരു ദുര്‍ഗുണപരിഹാരത്തിനുവേണ്ടിയുള്ള ചെറിയശിക്ഷ മാത്രമായിരിക്കണം അത്. ഘനമുള്ള വസ്തുക്കളോ ആയുധങ്ങളോ ഉപയോഗിച്ചാകരുത്.
ഈ നടപടിയും ഫലിക്കുന്നില്ലെങ്കില്‍ വധുവിന്റെയും വരന്റെയും ഭാഗത്തുനിന്നു രണ്ടു പ്രതിനിധികള്‍ വന്നു കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്നാണു ശാസന. അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ഇതോടുകൂടെ അവരെ പഴയപടി ഒന്നിപ്പിക്കുമെന്നു ഖുര്‍ആന്‍ പറയുന്നു. ഈ ഘട്ടങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ മാത്രമാണു ത്വലാഖിന് അവസരമുള്ളത്. സൂറത്തു അന്നിസാഇലെ 34,35 സൂക്തങ്ങള്‍ വിശദമായി ഈ ഘട്ടങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.
ക്ഷമയുടെയും കാത്തിരിപ്പിന്റെയും എല്ലാ കടമ്പകളും കഴിഞ്ഞിട്ടേ ത്വലാഖില്‍ അഭയം കണ്ടെത്താനാകൂ. അല്ലാഹുവിന് ഏറ്റവും ദേഷ്യമുള്ള കാര്യമെന്നാണു പ്രമാണങ്ങള്‍ ത്വലാഖിനെ പരിചയപ്പെടുത്തുന്നത്. അനുവദിക്കപ്പെട്ട മൂന്നു ത്വലാഖുകളില്‍ ആദ്യം ഒന്ന് ഉപയോഗിക്കാം. അതു ഭാര്യക്കു സ്വാഭാവികമായും ഒരു താക്കീതാകും. ആ ഇദ്ദാകാലയളവില്‍ മാനസാന്തരം സംഭവിക്കുന്നപക്ഷം മടക്കിയെടുത്തു എന്ന വാചകം മാത്രം ചൊല്ലി മടക്കിയെടുക്കാന്‍ പുരുഷന് അധികാരമുണ്ട്. ഇദ്ദ കഴിഞ്ഞാല്‍ പുതിയ നികാഹിലൂടെ ഭാര്യയാക്കാം. രണ്ടാം ത്വലാഖ് അനിവാര്യമാകുന്ന പക്ഷം വീണ്ടും പരീക്ഷിക്കാം.
അതും പ്രയോജനപ്പെടാതെ പോകുമ്പോള്‍ മാത്രമേ മൂന്നാമത്തേതും അവസാനത്തേതുമായ ത്വലാഖ് ചൊല്ലാന്‍ പറ്റൂ. ഇനിയും തിരിച്ചെടുക്കണമെങ്കിലാണു മറ്റൊരാള്‍ നികാഹ് ചെയ്തു മൊഴി ചൊല്ലി ഇദ്ദ കഴിയാന്‍ കാത്തിരിക്കേണ്ടതുള്ളൂ. മൂക്കത്തു ശുണ്ഠി കേറി മൂന്നു ത്വലാഖും ആദ്യമേ എടുത്തിടുന്ന അവിവേകളെവച്ച് ഇസ്‌ലാമിനെ വിലയിരുത്തരുത്. വിവാഹത്തെ ഇസ്‌ലാം എത്രമാത്രം ഗൗരവമായി കാണുന്നുണ്ടെന്നു ത്വലാഖുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
ത്വലാഖിന്റെ അധികാരം പുരുഷനു മാത്രം നല്‍കുക വഴി സ്ത്രീകള്‍ അവഗണിക്കപ്പെടുന്നുവെന്ന തെറ്റായ ധാരണ നിലില്‍ക്കുന്നുണ്ട്. പുരുഷനുള്ളതുപോലെ പെണ്ണിനും ത്വലാഖിന് അധികാരം നല്‍കിയാല്‍ ഈ നാട്ടില്‍ അധികം സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ടാകില്ല. മതിയായ ദീര്‍ഘദര്‍ശനമില്ലാതെ സാഹചര്യങ്ങള്‍ക്ക് അടിമപ്പെടുന്ന സ്ത്രീകള്‍ ഈ സംവിധാനത്തെ അവസരത്തിലും അനവസരത്തിലും ഉപയോഗിക്കുമെന്നു തീര്‍ച്ചയാണ്. പുരുഷന്മാരുടെ അടുത്തുനിന്നു ദുരുപയോഗം ഉണ്ടാകുന്നുണ്ടെന്നതു ശരി. പ്രകൃത്യാ പുരുഷനാണല്ലോ സ്ത്രീയെക്കാള്‍ നല്ല തീരുമാനങ്ങളെടുക്കാന്‍ കഴിവും പ്രാപ്തിയുമുള്ളവന്‍.
സ്ത്രീക്കുകൂടി ത്വലാഖിന് അധികാരമുണ്ടായിരുന്നെങ്കില്‍ നിലവിലുള്ളതിനേക്കാള്‍ ദയനീയമാകും കാര്യങ്ങള്‍. അതേ സമയം മതം അനുവദിച്ചിട്ടുള്ള കാരണങ്ങളുണ്ടാകുന്ന പക്ഷം തന്റെ ഭര്‍ത്താവിനെ ഒഴിവാക്കാനുള്ള അധികാരം സ്ത്രീക്കുണ്ട്. അതുപക്ഷേ ത്വലാഖിനേക്കാള്‍ കൂടുതല്‍ നിബന്ധനകള്‍ക്കു വിധേയമാണെന്നു മാത്രം. ഈ സംവിധാനത്തിന് ഫസ്ഖ് എന്നാണു പറയുക.
ത്വലാഖിനെപ്പറ്റി മാത്രമല്ല ഖുര്‍ആന്‍ പറയുന്നത്. അതിലേറെ വിശദമായി ദാമ്പത്യജീവിതം സുന്ദരവും സുദൃഢവുമാക്കാന്‍ വിവാഹത്തിലേയ്ക്കു പ്രവേശിക്കുന്ന യുവതീയുവാക്കള്‍ക്കു നിരവധി അധ്യാപനങ്ങള്‍ ഖുര്‍ആനും സുന്നത്തും നല്‍കുന്നുണ്ട്. പ്രസ്തുത ആജ്ഞകളും നിര്‍ദേശങ്ങളും ദമ്പതികള്‍ പാലിക്കുന്ന പക്ഷം ത്വലാഖു പ്രശ്‌നങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നായിത്തീരും. അതൊന്നും വിമര്‍ശകര്‍ കാണുന്നില്ലെന്നത് ഏറെ ഖേദകരമാണ്.
ഇതു ലോകരക്ഷിതാവിന്റെ നിയമങ്ങളും ആജ്ഞകളുമാണ്. അതു കാലികവും അന്യൂനവുമാകുമെന്നതു തീര്‍ച്ച. സ്‌റ്റേജുകളിലും കവലകളിലും മുസ്‌ലിംസ്ത്രീയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി കൈയടി വാങ്ങുന്നവരേ, മുസ്‌ലിംസ്ത്രീയെക്കുറിച്ചു നിങ്ങള്‍ വേവലാതിപ്പെടേണ്ട. ഞങ്ങളെ ഞങ്ങളാക്കിയ ഞങ്ങളുടെ മതം ഞങ്ങളുടെ മാംസത്തിലും മജ്ജയിലുമുണ്ട്.
നിങ്ങള്‍ കാണുന്ന ഹിജാബിന്റെയുള്ളില്‍ ഞങ്ങള്‍ കരയുകയല്ല, ചിരിക്കുകയാണ്. നിങ്ങള്‍ക്കതു കാണാനാകുന്നില്ലെന്നു മാത്രം. ഈ ദൈവികമതത്തില്‍ ഞങ്ങള്‍ പൂര്‍ണസംതൃപ്തരും സുരക്ഷിതരുമാണ്. അതിന്റെ സുഖമനുഭവിക്കാന്‍ ഞങ്ങള്‍ നിങ്ങളെയും വിനീതമായി ക്ഷണിക്കുന്നു.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."