ട്രംപിനു കീഴില്‍ ചാരപ്രവര്‍ത്തനം കൂടുമെന്ന് സ്‌നോഡന്‍
മോസ്‌കോ: ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ അമേരിക്ക നടത്തുന്ന ചാരപ്രവര്‍ത്തനം കൂടുതല്‍ വിപുലമാകാനാണ് സാധ്യതയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. ഇക്കാര്യത്തില്‍ ബരാക് ഒബാമ സ്വീകരിച്ച നയത്തിന് വിരുദ്ധമാണ് ട്രംപിന്റെ നിലപാടുകളെന്നും സ്‌നോഡന്‍ വ്യക്തമാക്കി.
ബ്യൂണസ് അയേഴ്‌സ് യൂനിവേഴ്‌സിറ്റി നിയമ വിദ്യാര്‍ഥികളുമായി നടത്തിയ ടെലി കോണ്‍ഫറന്‍സിലാണ് എഡ്വേര്‍ഡ് സ്‌നോഡന്‍ ഡൊണാള്‍ഡ് ട്രംപിനെതിരേ നിലപാടെടുത്തത്. രാജ്യത്തിനകത്തും പുറത്തും നടത്തുന്ന ചാരപ്രവൃത്തികള്‍ സംബന്ധിച്ച് ബരാക്ക് ഒബാമ ഭരണകൂടം സ്വീകരിച്ച അതേ നിലപാടുകള്‍ ഡൊണാള്‍ഡ് ട്രംപ് പിന്തുടരുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് സ്‌നോഡന്‍ പറഞ്ഞു.
സര്‍ക്കാരിന് പകരം പ്രമാണിത്വമാണ് ഇപ്പോഴുള്ളത്. നയങ്ങള്‍ക്കും പരിപാടികള്‍ക്കും ജനങ്ങളുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും സ്‌നോഡന്‍ പറഞ്ഞു. വ്യക്തികളിലും അവകാശവാദങ്ങളിലും വിശ്വാസമര്‍പ്പിക്കുകയും അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുമെന്ന പ്രതീക്ഷയിലുമാണ് പുതിയ ഭരണകൂടം അധികാരത്തിലെത്തിയതെന്ന് സ്‌നോഡന്‍ കുറ്റപ്പെടുത്തി.
അമേരിക്കയിലേക്ക് മടങ്ങിവരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ല. തന്റെ ജീവനും സ്വത്തിനും ഭീഷണിയില്ലെങ്കില്‍ താനിപ്പോഴും നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ഭാഗാമിയിരുന്നേനെയെന്നും സ്‌നോഡന്‍ പറഞ്ഞു. നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ജീവനക്കാരനായിരുന്ന സ്‌നോഡന്‍ പുറത്തുവിട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. റഷ്യയാണ് സ്‌നോഡന് രാഷ്ട്രീയ അഭയം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."