കൊണ്ടോട്ടിക്ക് പോര്‍വിളികളുടെ ആദ്യ വര്‍ഷം
കൊണ്ടോട്ടി: ജില്ലയില്‍ പുതുതായി ആരംഭിച്ച അഞ്ചു നഗരസഭകളില്‍ ഒന്നാണ് കൊണ്ടോട്ടി. നെടിയിരുപ്പ്, കൊണ്ടോട്ടി പഞ്ചായത്തുകള്‍ ചേര്‍ത്താണ് കൊണ്ടോട്ടി നഗരസഭ രൂപീകരിച്ചത്. കോണ്‍ഗ്രസ്-ഇടതുമുന്നണി കൂട്ടുകെട്ടാണ് നഗരസഭ ഭരിക്കുന്നത്. ഒട്ടേറെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനായെന്നു ഭരണസമിതി അവകാശപ്പെടുന്നു.
ഒരു വര്‍ഷത്തിനിടെ നടന്ന മുഴുവന്‍ കൗണ്‍സില്‍ യോഗത്തിലും ഭരണ-പ്രതിപക്ഷ വാക്കേറ്റവും പോര്‍വിളികളും നിത്യകാഴ്ചയായെന്നതു കൊണ്ടോട്ടി നഗരസഭയുടെ പ്രത്യേകതയാണ്. പ്രതിപക്ഷത്തെ അവഗണിക്കുന്നെന്നു മുസ്‌ലിംലീഗും വെറുംവാക്കു പറയുന്നെന്നു ഭരണകക്ഷികളും വാദിക്കുന്നു. ഇതിനു പുറമേ ജീവനക്കാരുടെ കുറവും ഗരസഭയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
പഞ്ചായത്തുതലത്തിലുള്ള ജീവനക്കാരാണ് ഇപ്പോഴുമുള്ളത്. ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കിയിട്ടുമില്ല. ഒരു വര്‍ഷമായെങ്കിലും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നെടിയിരുപ്പ് പഞ്ചായത്ത് സെക്രട്ടറിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.
കാര്യങ്ങളിലേക്കു കടക്കുമ്പോള്‍, നഗരസഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കുടിവെള്ളംതന്നെയാണ്. ഈ വര്‍ഷത്തെ പദ്ധതിയില്‍ 50 ലക്ഷം രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. കോട്ടാശ്ശേരി കോളനിക്ക് 30 ലക്ഷവും പനയംപറമ്പ് കോളനിക്ക് 15 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. ചീക്കോട് കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്തുകകൂടി ചെയ്താല്‍മാത്രമേ ഈ പ്രശ്‌നത്തിന് അറുതിയാകൂ.
അവിടെ രാഷ്ട്രീയമാണ് പ്രശ്‌നം. ചീക്കോട് കുടിവള്ള പദ്ധതിക്കുവേണ്ട് സ്ഥലം എം.എല്‍.എയ്‌ക്കൊപ്പം നഗരസഭയും ഒന്നിച്ചുനില്‍ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഭവന പദ്ധതി, സി.സി.ടി.വി കാമറ സ്ഥാപിക്കല്‍, വിദ്യാഭ്യാസ, കാര്‍ഷിക മേഖല തുടങ്ങിവയ്ക്കും പ്രാധാന്യം നല്‍കിയാണ് നഗരസഭയുടെ ആദ്യവര്‍ഷം മുന്നോട്ടുപോകുന്നത്. എന്നാല്‍, പദ്ധതികള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പ്രതിപക്ഷ ബഹുമാനംപോലും ഭരണപക്ഷം കാണിക്കുന്നില്ലെന്നു ലീഗിനു പരാതിയുണ്ട്.
നഗരമധ്യത്തിലെ സ്ഥലം 40 വര്‍ഷത്തേക്കു നാലു ലക്ഷം രൂപയ്ക്കു സ്വകാര്യവ്യക്തിക്കു പാട്ടത്തിനു നല്‍കിയ വിവാദത്തിന്റെ ചൂടാറിയിട്ടില്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വികസനത്തിനും
സാമൂഹ്യ സേവനത്തിനും മുന്‍ഗണന
പശ്ചാത്തല വികസനത്തിനും സാമൂഹ്യ, സേവന മേഖലകള്‍ക്കും മുന്‍ഗണന നല്‍കിയാണ് 14.5 കോടി രൂപയുടെ ആദ്യ പദ്ധതിക്ക് അംഗീകാരമായത്. വ്യത്യസ്തവും ജനപക്ഷവുമായ നിരവധി പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഫയല്‍ അദാലത്ത് സംഘടിപ്പിച്ചു. വലിയ തോട് നവീകരണം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, നഗരത്തില്‍ സി.സി.ടി.വി, ആയിരം വീട്, നഗരാരോഗ്യകേന്ദ്രം, ഭവന രഹിതര്‍ക്ക് വീട്, ഫ്‌ളാറ്റ് തുടങ്ങിയ വിവിധ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ജനവഞ്ചനയുടെ വര്‍ഷം
പൊള്ളവാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരെ കബളിപ്പിക്കുകയാണ്. ഒരു വര്‍ഷമായിട്ടും കാര്യമായ പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ല. യു.ഡി.എഫ് കൊണ്ടുവന്ന നഗരാരോഗ്യകേന്ദ്രമാണ് സ്വന്തം പേരിലാക്കി ക്രെഡിറ്റെടുക്കുന്നത്. കൊണ്ടോട്ടിയിലെ വഖ്ഫ് ഭൂമിയിലെ കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കാന്‍ നടത്തിയ നീക്കം പ്രതിപക്ഷത്തിന്റെ ഇടപടലിലൂടെ തടയാനായി.
വലിയ തോട് നവീകരണവും പഴയപടിയാണ്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ മൂവായിരത്തോളം തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയെന്നു പറയുന്നവര്‍ 10 പേര്‍ക്ക് മാത്രമാണ് ഇതുവരെ തൊഴില്‍ കാര്‍ഡ് നല്‍കിയത്. ഭരണസമിതിക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."