ഗുണഭോക്താവിനെ വഞ്ചിച്ചതായി പരാതി
വേങ്ങര: പറപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ മൃഗാശുപത്രി വഴി നടപ്പിലാക്കിയ ഗോട്ട് സാറ്റലൈറ്റ് യൂനിറ്റില്‍ തട്ടിപ്പ് നടന്നതായി പരാതി. തെരഞ്ഞെടുക്കപ്പെട്ട തന്നെ അവഗണിച്ച് മറ്റൊരാള്‍ക്ക് ആനുകൂല്യം നല്‍കിയെന്നാരോപിച്ച് വഞ്ചിക്കപ്പെട്ടയാള്‍ ഗ്രാമപഞ്ചായത്തിന് പരാതി നല്‍കി.
2016 സെപ്റ്റംബറില്‍ മൃഗാശുപത്രി വഴി അപേക്ഷ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ 19 പേര്‍ അപേക്ഷ നല്‍കിയിരുന്നു.പഞ്ചായത്ത് പ്രസിഡന്റും വെറ്ററിനറി ഡോക്ടറും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഗുണഭോക്താവിനെ തെരഞ്ഞെടുത്തിരുന്നത്. ഇതനുസരിച്ച് തെരഞ്ഞെടുത്തിട്ടുണ്ടെന്ന് സ്ഥിരം സമിതി ചെയര്‍മാന്‍ കഴിഞ്ഞ മാസം തന്നെ അറിയിച്ചതായി 16ാം വാര്‍ഡ് പൊട്ടിപ്പാറ കല്ലന്‍ സൈതാലി പറഞ്ഞു. 25000 രൂപ ആനുകൂല്യം ലഭിക്കുമെന്ന ഉറപ്പില്‍ ഇയാള്‍ താന്‍ വളര്‍ത്തുന്ന 30 ആടുകള്‍ക്ക് വേണ്ടി പണം മുടക്കി കൂടും നിര്‍മിച്ചു. എന്നാല്‍ മറ്റ് നടപടിക്രമങ്ങള്‍ക്കായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് ആനുകൂല്യം മറ്റൊരാള്‍ക്ക് നല്‍കിയതായി അറിയുന്നത്. എട്ട് സെന്റ് ഭൂമിയിയില്‍ 30 ആടുകള്‍ വളര്‍ത്തുന്ന സൈതാലിയെ തഴഞ്ഞ് 4 ആടുകളെ മാത്രം വളര്‍ത്തുന്ന മറ്റൊരാള്‍ക്ക് ആനുകൂല്യം നല്‍കിയതായി പരാതിയില്‍ പറയുന്നു. പഞ്ചായത്ത് പരിധിയില്‍ പരമ്പരാഗതമായി ആട് വളര്‍ത്തല്‍ ഉപജീവന മാര്‍ഗമായി സ്വീകരിച്ചയാളാണ് സൈതലവി. തനിക്ക് ലഭിക്കേണ്ട ആനുകൂല്യം മറ്റൊരാള്‍ക്ക് നല്‍കിയതിനെതിരേ സെയ്തലവി പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."