നഗരസഭയുടെ കെട്ടിടം വീട്ടിക്കുത്ത് റോഡിലേക്ക് മാറ്റും
നിലമ്പൂര്‍: 2016-17 വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ നഗരസഭയില്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. 33 ഡിവിഷനുകളിലും ഗ്രാമസഭകള്‍ ചേര്‍ന്ന് വ്യക്തിഗത ഗുണഭോക്തൃ പട്ടികക്ക് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വീട്ടിക്കുത്ത് റോഡില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫയര്‍ സ്റ്റേഷന്‍ കരിമ്പുഴയിലേക്ക് മാറ്റാനും പകരം നഗരസഭയുടെ പുതിയ കെട്ടിടം ഇവിടെ നിര്‍മിക്കാനും ധാരണയായി. ഇതിനുള്ള പ്രവൃത്തി ഊര്‍ജിതമാക്കും.
മുതുകാട് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷി യോഗം ചേര്‍ന്ന് ജനങ്ങളുടെ ആശങ്കയകറ്റാനും തീരുമാനമായി. നിലമ്പൂരിലെ ഗവ. കോളജുമായി ബന്ധപ്പെട്ട് സര്‍വകക്ഷി നിവേദക സംഘം മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചു. നിലമ്പൂരില്‍ അനുവദിച്ച കോളജിനായി വിവിധ ഭാഗങ്ങളില്‍ നിന്നും പിടിവലി തുടങ്ങിയതോടെയാണ് നിലമ്പൂരില്‍ തന്നെ കോളജ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സംഘം മുഖ്യമന്ത്രിയെ കാണുന്നത്. കരിമ്പുഴയില്‍ ഗ്രീന്‍പാര്‍ക്ക് സ്ഥാപിക്കാനും തത്വത്തില്‍ ധാരണയായി. കേരളോത്സവം 20,26, 27 തിയതികളില്‍ നടത്തും. തെരുവുവിളക്ക് പുന:സ്ഥാപിക്കല്‍ ഊര്‍ജിതമായി നടന്നുവരുന്നതായും മുക്കട്ടയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പുഴകളില്‍ കൂടുതല്‍ തടയണ നിര്‍മിക്കും. നഗരസഭയുടെ വെളിയിട സമ്പൂര്‍ണ ശൗച്യാലയ പ്രഖ്യാപനം ജനുവരി 31ന് നടത്താനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."