നാടിന് ഉപകാരപ്രദമായ വസ്തുക്കളൊരുക്കി പേരോട് ഹൈസ്‌കൂള്‍
വടകര: റവന്യു ജില്ലാ ശാസ്‌ത്രോത്സവത്തില്‍ നാടിന് ഉപകാരപ്രദമായ വസ്തുക്കളൊരുക്കി പേരോട് എം.ഐ.എം ഹൈസ്‌കൂള്‍ മികവ് നേടി. ശാസ്ത്രമേളയിലെ സ്റ്റില്‍ മോഡലില്‍ ജൈവ മാലിന്യങ്ങളില്‍നിന്നും പ്രൊഡ്യൂസര്‍ ഗ്യാസും മെഥനോളും നിര്‍മിക്കുകയും വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡ് മെഥനോളാക്കിമാറ്റുകയും ചെയ്യുന്ന ഇവരുടെ പ്രൊജക്ടിനാണ് ഒന്നാം സ്ഥാനം. വ്യാവസായിക ആവശ്യങ്ങള്‍ക്കും പെയിന്റ് നിര്‍മാണത്തിനും ആവശ്യമായ മെഥനോള്‍ പരിസ്ഥിതിക്ക് ആഘാതമാകുന്ന മാലിന്യങ്ങളില്‍നിന്നും വേര്‍തിരിക്കുന്ന പ്രൊജക്ട് സ്‌കൂളിലെ മാളവിക, ശ്രീഭാഗ്യ എന്നീ വിദ്യാര്‍ഥിനികളാണ് അവതരിപ്പിച്ചത്.
കാര്‍ഷിക മേഖലയില്‍ വാഴക്കൃഷിയുടെ നട്ടെല്ലൊടിക്കുന്ന കമ്പിളിപ്പുഴുവിന്റെ ആക്രമണത്തിന് ശാശ്വത പരിഹാരമായി ജൈവ കീടനാശിനി കണ്ടെത്തിയ പേരോട് സ്‌കൂളിന്റെ പ്രൊജക്ടും ശ്രദ്ധേയമായി. സ്‌പൈമോസേമ ഒബ്ലിക്ക എന്ന നിശാശലഭത്തിന്റെ കുട്ടികളാണ് കമ്പിളിപ്പുഴുക്കള്‍. വാഴകളെ പ്രത്യേകിച്ച് കദളിവാഴകളെയാണ് ഇവ പ്രധാനമായും ആക്രമിക്കുന്നത്. കമ്പിളിപ്പുഴുക്കളുടെ ആക്രമണത്തില്‍ വാഴകള്‍ നിശേഷം നശിക്കുകയാണ് പതിവ്. കര്‍ഷകര്‍ക്ക് എളുപ്പം ഉണ്ടാക്കാവുന്ന കീടനാശിനിയാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പച്ച എമര്‍ഷന്‍ എന്ന കീടനാശിനി 500 ഗ്രാം കമ്മ്യൂണിസ്റ്റ് പച്ച അരച്ച് അഞ്ചുലിറ്റര്‍ സോപ്പുവെള്ളത്തില്‍ ലയിപ്പിച്ചാണ് ഉണ്ടാക്കുന്നത്. ഇത് വാഴകളില്‍ തളിച്ചാല്‍ കമ്പിളിപ്പുഴുവിന്റെ ആക്രമണം തടയാമെന്നാണ് കുട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്. പേരോട് എം.ഐ.എം ഹൈസ്‌കൂളിലെ ജീവശാസ്ത്ര അധ്യാപകന്‍ ഹാരിസ് പണാറത്തിന്റെ നേതൃത്വത്തില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനികളായ കീര്‍ത്തന, അശ്വതി രാജീവ് എന്നിവരാണ് പ്രൊജക്ട് തയാറാക്കിയത്. നാദാപുരം മേഖലയില്‍ ഈ വര്‍ഷം വാഴകര്‍ഷകര്‍ക്ക് ദുരിതം വിതച്ച കമ്പിളിപ്പുഴുവിന്റെ ആക്രമണത്തെ ചെറുക്കാന്‍ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ഈ കീടനാശിനി കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ ഇതിന്റെ നിര്‍മാണം പഠിപ്പിക്കുകയും ബോധവല്‍ക്കരണ ലഘുലേഖകള്‍ കര്‍ഷകരുടെ ഇടയില്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."