രാത്രിയാത്രാ നിരോധനം; പരിഹാരവുമായി എസ്.കെ.എം.ജെ സ്കൂള്‍
കല്‍പ്പറ്റ: രാത്രിയാത്രാ നിരോധനത്തിന് പരിഹാരവുമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ വിദ്യാര്‍ഥികള്‍. മൃഗങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരുത്താത്ത രീതിയില്‍ വനത്തിനുള്ളിലൂടെ മേല്‍പ്പാലം പണിയാനുള്ള പ്രൊജക്ടുമായാണ് സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥികളായ രാഖിന്‍ മരിയയും ജ്യോതി മീനാക്ഷിയും ശാസ്ത്രമേളക്കെത്തിയത്.
വയനാടിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ രാത്രിയാത്രാ നിരോധനത്തിന് എങ്ങിനെ പരിഹാരം കാണാമെന്നാണ് ഇവര്‍ പ്രൊജക്ടിലൂടെ കാണിക്കുന്നത്. വനത്തില്‍ ഇപ്പോഴുള്ള റോഡിന് മുകളില്‍ പില്ലറുകള്‍ ഉയര്‍ത്തി അതിന് മുകളില്‍ റോഡ് നിര്‍മിക്കാനുള്ള വിദ്യയാണ് കുട്ടികള്‍ പറയുന്നത്.
രണ്ട് നിലകളിലായാണ് റോഡ് വരുന്നത്. ആദ്യത്തെ നില റയില്‍വേ ലൈനും അതിന് മുകളില്‍ വാഹനങ്ങള്‍ക്കുള്ള പാതയുമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു മേല്‍പ്പാലം വന്നാല്‍ റോഡിനടിയിലും മൃഗങ്ങള്‍ക്ക് സൈ്വര്യവിഹാരം നടത്താമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
മുത്തങ്ങയില്‍ നിന്ന് ഗുണ്ടല്‍പ്പേട്ടിലേക്ക് 24 കിലോമീറ്റര്‍ വരുന്ന റോഡിന് 120 കോടി രൂപ ചിലവ് വരുമെന്നാണ് ഇവരുടെ ഏകദേശ കണക്ക്. ഏതായാലും വയനാട്ടില്‍ ഏറെക്കാലമായി ചര്‍ച്ച നടക്കുന്ന രാത്രിയാത്രാ നിരോധനത്തിനും വയനാട് നഞ്ചന്‍ഗോഡ് റയില്‍വേക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഈ കുട്ടികളുടെ കണ്ടുപിടുത്തം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."