തൃക്കൈപ്പറ്റ ഓലിക്കാ കുഴിയില്‍ വീട്ടില്‍ പിന്നെ വിളക്ക് തെളിഞ്ഞിട്ടേയില്ല
മേപ്പാടി: വീടിന്റെ മാത്രമല്ല, ഒരു നാടിന്റെ വിളക്കാണ് അവര്‍ കെടുത്തിയത്. തൃക്കൈപ്പറ്റ ചിന്നമ്മ വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതറിഞ്ഞ് തൃക്കൈപ്പറ്റയിലെ നാട്ടുകാരന്റെ പ്രതികരണമായിരുന്നു ഇത്. കെ.കെ ജഗ്ണില്‍ ഓലിക്കാ കുഴിയില്‍ മാത്യുവിന്റെ ഭാര്യ ചിന്നമ്മ നാട്ടിലെ നാട്ടിലെ സജീവ സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു. രണ്ട് പെണ്‍മക്കളെയും കെട്ടിച്ച ശേഷം വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ സഹായമഭ്യര്‍ഥിച്ച് ആര് വന്നാലും വെറും കയ്യോടെ മടക്കില്ല.
അകന്ന ബന്ധുക്കള്‍ പോലും വീട്ടിലെ സ്ഥിരം അഥിതികളായിരുന്നു. അങ്ങിനെയാണ് കൊലയാളികളായ എരുമാട് സ്വദേശികളായ കുന്നാരത്ത് ഔസേപ്പ്, സഹോദരന്‍ സില്‍ജോ, തൃക്കൈപ്പറ്റ വിപിന്‍, വര്‍ഗീസ് എന്നീ മൂന്ന് പേര്‍ ചിന്നമ്മയുടെ വീട്ടില്‍ വിരുന്നെത്തുന്നത്. വയറ് നിറച്ച് ഭക്ഷണം വിളമ്പി നല്‍കി മൂന്ന് പേര്‍ക്കും ഉറങ്ങാന്‍ പായയും വിരിച്ചു നല്‍കി. ഇതിനിടയിലാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രതികള്‍ ചിന്നമ്മയെ കൊലപ്പെടുത്താനുള്ള ഒരുക്കം തുടങ്ങുന്നത്. മിനുറ്റുകള്‍ക്കകം തന്റെ മക്കളെ പോലെ സ്‌നേഹം നല്‍കിയ വയോധികയെ കൊലപ്പെടുത്തി കളഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കലായിരുന്നു ലക്ഷ്യം. തലക്ക് കല്ല് കൊണ്ട് ശക്തമായി അടിക്കുകയും ദേഹമാസകലം കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഒന്നും സംഭവിക്കാത്ത പോലെ വീട് പുറമെ നിന്നും പൂട്ടി പ്രതികള്‍ രക്ഷപ്പെട്ടു. പിറ്റേ ദിവസം ഉച്ചയായിട്ടും പള്ളിയില്‍ പ്രാര്‍ഥനക്കെത്താത്തതിനെ തുടര്‍ന്ന് പള്ളി വികാരി നടത്തിയ അന്വേഷണത്തിലാണ് ദാരുണ കൊലപാതരം പുറം ലോകം അറിഞ്ഞത്. ചിന്നമ്മ താമസിച്ചിരുന്ന വീട് ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. നാട്ടുകാര്‍ക്ക് ചിന്നമ്മയുടെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കല്യാണ വീടുകളിലും മരണ വീടുകളിലും നിറ സാന്നിധ്യമായിരുന്നു ഇവര്‍. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ ലഭിച്ചതിലുള്ള ആശ്വാസമാണ് നാട്ടുകാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."