കള്ളപ്പണം പുറത്തു കൊണ്ടുവരുന്നതില്‍ സി.ഐ.ടി.യു എതിരല്ല: എം.വി ജയരാജന്‍
കണ്ണൂര്‍: കള്ളപ്പണം പുറത്തു കൊണ്ടുവരുന്നതില്‍ സി.ഐ.ടി.യു എതിരല്ലെന്നും ജനങ്ങള്‍ പ്രയാസപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമായിരുന്നെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജന്‍. നോട്ട് പിന്‍വലിക്കലിലൂടെയുണ്ടായ പ്രതിസന്ധി പരിഹരിക്കുക, തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ദാതാക്കളും പണം നല്‍കാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കച്ചവടക്കാര്‍, കൂലിപ്പണിക്കാര്‍, ബസ്, ഓട്ടോ തൊഴിലാളികള്‍ എന്നിങ്ങനെ എല്ലാ മേഖലയിലുള്ളവരും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍ അധ്യക്ഷനായി. സെക്രട്ടറി കെ അശോകന്‍, കെ ജയരാജന്‍, വൈ.വൈ മത്തായി, പി.പി സുജയ, ഇ സുര്‍ജിത്കുമാര്‍, പി.കെ സത്യന്‍ നേതൃത്വം നല്‍കി.
നികുതിയടക്കാന്‍ കൊണ്ടുവന്ന 500 രൂപ സ്വീകരിച്ചില്ല
തലശ്ശേരി: ധര്‍മ്മടം പഞ്ചായത്തില്‍ നികുതിതുകയായി 500 രൂപ നോട്ട് സ്വീകരിച്ചില്ലെന്ന് പരാതി. കാവുണ്ടോത്ത് മാണിയത്ത് സുമതിയാണ് നികുതി അടക്കാനായി 500 രൂപ കൊണ്ടുവന്നത്. 463 രൂപയാണ് അടക്കാനുണ്ടായിരുന്നത്. 500 രൂപ നോട്ട് നല്‍കിയപ്പോള്‍ സ്വീകരിക്കില്ലെന്നു അറിയിച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നു. ധര്‍മ്മടം ഗ്രാമപഞ്ചായത്ത് സഹകരണ ബാങ്കുമായാണ് നികുതിയിന തുകകള്‍ അടക്കുന്നതെന്ന് പറഞ്ഞാണ് തുക സ്വീകരിക്കാതിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പിന്‍വലിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."