ആറളം ഫാമില്‍ 25 കോടി ചെലവില്‍ മോഡല്‍ റസിഡന്‍സി സ്‌കൂള്‍: മന്ത്രി എ.കെ ബാലന്‍
ഇരിട്ടി: ആറളം ഫാമില്‍ ആദിവാസി പുനരധിവാസ മേഖലയിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി 25 കോടി രൂപ ചെലവില്‍ മോഡല്‍ റസിഡന്‍സി സ്‌കൂള്‍ സ്ഥാപിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍. ആറളം ഫാമില്‍ ആദിവാസി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സ്ഥാപിക്കുന്നതിനാവശ്യമായ അനുയോജ്യ സ്ഥലം കണ്ടെത്തുന്നതിനു ജില്ലാ കലക്ടറെ ചുമതലപ്പെടുത്തും. പണമടക്കാത്തതു മൂലം വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട വീടുകളില്‍ വൈദ്യുതി പുനസ്ഥാപിക്കുന്നതിനും ഇല്ലാത്ത വീടുകള്‍ വൈദ്യുതീകരിക്കുന്നതിനുമായി 16.89 കോടി അനുവദിക്കും.
പാതിവഴിയിലായതും പണിപൂര്‍ത്തിയാകാത്തതുമായ വീടുകളുടെ പണി പൂര്‍ത്തീകരിക്കാനും അപകടാവസ്ഥയിലായ വീടുകള്‍ അറ്റകുറ്റപ്പണി നടത്താനും വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കാനുമായി 5.12 കോടി അനുവദിക്കും. കേരളം പരിപൂര്‍ണ ഒ.ഡി.എഫ് സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടും ആറളം ഫാമിലെ പല വീടുകള്‍ക്കും ഇനിയും ശുചിമുറികള്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നിരിക്കെ എത്രയും പെട്ടെന്ന് ഇവയുടെ പണി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണം. ഫാമിലെ ആദിവാസി കുടുംബങ്ങള്‍ക്കിടയില്‍ സി.ആര്‍.പി.സിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. ഫാം ഏഴാം ബ്ലോക്കില്‍ ആദിവാസി സംഗമത്തില്‍ കെ ശ്രീധരന്‍ അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ മോഹനന്‍, വി.ജി പത്മനാഭന്‍, ബിനോയ് കുര്യന്‍, കെ ചെമ്മരന്‍, വി നാരായണന്‍, പി.കെ സുരേഷ് ബാബു സംസാരിച്ചു. തുടര്‍ന്ന് ആദിവാസികളുമൊത്ത് ഭക്ഷണം കഴിച്ച ശേഷം ആറളം ഫാം ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."