നോട്ട് നിരോധനം: പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങി
ആലപ്പുഴ:നിരോധിത നോട്ടുകള്‍ മാറിയെടുക്കാന്‍ ഇന്നലെയും ജനങ്ങള്‍ നെട്ടോട്ടത്തിലായിരുന്നു.കുടിവെളളത്തോടൊപ്പം നോട്ടും ഇപ്പോള്‍ കിട്ടാകനിയായി.
കേന്ദ്ര നിരോധനം ഏഴാംദിനം പിന്നിടുമ്പോഴും പണം വിതരണം എളുപ്പമാക്കാനും ജനങ്ങളുടെ ദുരിതം അകറ്റാനുമായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും പ്രഖ്യാപിച്ച സംവിധാനങ്ങളെല്ലാം തകിടംമറിഞ്ഞു. ജില്ലയിലെ പല എ.ടി.എമ്മുകളിലും ബാങ്കുകളിലും ഇന്നലെയും പുലര്‍ച്ചെ മുതല്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. മിക്ക എ.ടി.എമ്മുകളും അടഞ്ഞു കിടന്നു. കൂടുതല്‍ പണം ലഭിക്കുമെന്ന ആശ്വാസത്തില്‍ എത്തിയ ജനങ്ങള്‍ നിരാശരായാണ് മടങ്ങിയത്. പതിനായിരം രൂപയുടെ ചെക്കുമായി ഇന്നലെ ബാങ്കിലെത്തിയവര്‍ പണം ലഭിക്കാതെ മടങ്ങി. തുറന്ന് പ്രവര്‍ത്തിച്ച അപൂര്‍വ്വം എ.ടി.എമ്മുകളില്‍ പണവും തീര്‍ന്നു.ഉച്ചയോടെ ഭൂരിഭാഗം എ.ടി.എമ്മും കാലിയായി. ബാങ്കുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മുകളില്‍ പണം ഉണ്ടായിരുന്നെങ്കിലും രണ്ടായിരത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് പരിമിതികള്‍ ഉണ്ടായിരുന്നു. മാത്രമല്ല രണ്ടായിരത്തിന്റെ നോട്ടുകളോട് സാധാരണക്കാരന് അത്ര പ്രിയമില്ല.
നൂറ് രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്ന ആള്‍ രണ്ടായിരത്തിന്റെ നോട്ടു കൊടുത്താല്‍ മിക്ക കടകളിലും സ്വീകരിക്കാറില്ല. ബാക്കി തുക നല്‍കാനുളള നോട്ടുകള്‍ ലഭ്യമല്ലാത്തതാണ് ഇതിന് കാരണം.ഫലത്തില്‍ രണ്ടായിരത്തിന്റെ നോട്ടുകളും സാധാരണക്കാരന്റെ കൈയില്‍ നോക്കുകുത്തിയാവുകയാണ്. ബാങ്കില്‍ നേരിട്ടും ക്യാഷ് ഡെപ്പോസിറ്റ് മിഷീനിലൂടെയും പഴയ നോട്ടുകള്‍ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിച്ചവര്‍ വെട്ടിലായി.
അക്കൗണ്ടില്‍ പണം ക്രഡിറ്റാകാത്തതും എ.ടി.എമ്മുകളില്‍ പണം ഇല്ലാത്തതും വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനും ജനങ്ങള്‍ വലഞ്ഞു. കായലോര വിനോദ മേഖലയും കടുത്ത ഭീഷണിയിലായി. ആലപ്പുഴയില്‍ എത്തിയ ടൂറിസ്റ്റുകള്‍ അംഗീകൃത നോട്ടുകള്‍ ലഭിക്കാതെ വലഞ്ഞു. പല എ.ടി.എമ്മുകള്‍ക്ക് മുന്നിലും വിദേശികളുടേയും വന്‍നിര ദൃശ്യമായിരുന്നു. കൂലി നല്‍കാന്‍ പണമില്ലാത്തിതിനാല്‍ നിര്‍മാണ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു. കൃഷിയിടങ്ങളിലേയ്ക്ക് ആവശ്യമായ കീടനാശനികളും വളങ്ങളും വാങ്ങാന്‍ കര്‍ഷകരും പെടാപാടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."