കറന്‍സി വിനിമയം നടക്കുന്നില്ല
തൊടുപുഴ: 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിച്ചതുമൂലമുള്ള ഗുരുതര പ്രതിസന്ധി ഒരളവുവരെ പരിഹരിക്കാനുള്ള അധികൃതരുടെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി.
കറന്റ് അക്കൗണ്ടില്‍ നിന്നും അമ്പതിനായിരം രൂപ വരെ പിന്‍വലിക്കാമെന്ന ഉത്തരവ് ഇന്നലെ നടപ്പായില്ല. ദേശാല്‍കൃതബാങ്കുകളില്‍ വരെ ചെക്കുകള്‍ മാറി നല്‍കിയില്ല. പണമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
പുതിയ സംഭവവികാസങ്ങള്‍ വ്യാപാരമേഖലയില്‍ സൃഷ്ടിച്ചത് വന്‍ പ്രതിസന്ധിയാണ്. നിലവിലുണ്ടായിരുന്ന വ്യാപാരം 25 ശതമാനത്തിലേറെ ഇടിഞ്ഞതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. കറന്‍സി വിനിമയം നടക്കാത്തതാണ് വ്യാപാരമാന്ദ്യത്തിന് ഇടവരുത്തിയത്. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ചില്ലറ പ്രശ്‌നങ്ങളല്ല വ്യാപാരമേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളത്.
മൂന്നു മാസം വരെ പഴക്കമുള്ള കറന്റ് അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപ വരെ പിന്‍വലിക്കാമെന്നു സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ല.
പണം ആവശ്യപ്പെട്ട് ബാങ്കുകളില്‍ എത്തുന്നവര്‍ക്ക് മുന്നില്‍ ജീവനക്കാര്‍ കൈമലര്‍ത്തുകയാണ്. ആവശ്യത്തിനു കറന്‍സിയില്ലാതെ എങ്ങനെ നല്‍കുമെന്നാണു ജീവനക്കാര്‍ ചോദിക്കുന്നത്. ഇത് വ്യാപാര ഇടപാടുകളെ കാര്യമായി ബാധിച്ചു. പണത്തിന്റെ സുഗമമായ വിനിമയം സാധ്യമായെങ്കിലേ വ്യാപാരമേഖലയ്ക്ക് ഉണര്‍വുണ്ടാവുകയുള്ളൂ.
വിറ്റുവരവിന് ആനുപാതികമായി കറന്റ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും നിവേദനം നല്‍കാനൊരുങ്ങുകയാണ് വ്യാപാരികള്‍. സര്‍ക്കാരിന് പ്രതിമാസ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനമന്ത്രിക്കും നിവേദനം നല്‍കും.
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി റവന്യു വരുമാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാറ്റ്‌നികുതിയും എക്‌സൈസ് ഡ്യൂട്ടിയും ഒഴിവാക്കിയിട്ടില്ല. ഇക്കാര്യത്തിലും സാവകാശം വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍, നികുതിവരുമാനത്തില്‍ കുതിപ്പു കാട്ടിത്തുടങ്ങിയിരുന്ന സംസ്ഥാനം പുതിയ സാഹചര്യത്തില്‍ പ്രതിസന്ധിയിലാണ്. ഇക്കാരണത്താല്‍ തങ്ങളുടെ ആവശ്യത്തോട് എത്രമാത്രം അനുഭാവനിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നതിലും വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്.ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ തൊടുപുഴ എസ്.ബി.ടി മെയ്ന്‍ ബ്രാഞ്ചിലേയ്ക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ നേതൃത്വത്തില്‍ എസ്.ബി.ഐ യിലേയ്ക്കും ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിലേയ്ക്കും മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."