നോട്ടുപിന്‍വലിക്കല്‍; നെട്ടോട്ടത്തിന് അറുതിയായില്ല
വിഴിഞ്ഞം: നോട്ടുപിന്വലിക്കിനെ തുടര്‍ന്നുണ്ടായ ജനത്തിന്റെ നെട്ടോട്ടത്തിന് ഇന്നലെയും അറുതിയായില്ല. മണിക്കൂറുകളോളം കാത്ത് നിന്ന ശേഷം പണം തീര്‍ന്നു എന്നറിഞ്ഞ് രോഷാകുലരായവര്‍ ബാങ്കുകളിലേക്ക് ഇടിച്ച് കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പൊലിസ്് ഇടപെട്ടാണ് ജനത്തെ ശാന്തരാക്കിയത്.
പൂവാറിലെ ഫെഡറല്‍ ബാങ്കിലും കാനറ ബാങ്കിലുമാണ് പണത്തിന്റെ കുറവിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇടപാടുകള്‍ നിര്‍ത്തിവച്ചത്.ഇതോടെ മണിക്കൂറുകളോളം ക്യൂവില്നിന്നവര് രോഷാകുലരായി തള്ളിക്കയറുകയായിരുന്നു.
വിഴിഞ്ഞത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക്, മുക്കോലയിലെ സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും ഉച്ചയ്ക്ക് മുന്‍പേ പണം തീര്‍ന്നു.ഇതോടെ പണം മാറാനും മറ്റുമായി ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങിയവര് നിരാശരായി മടങ്ങി.
പണം തീര്‍ന്നതിനെ തുടര്‍ന്ന് ചെറുകിട ബാങ്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനാല്‍ എസ്.ബി.ടി ഉള്‍പ്പെടെയുള്ള മറ്റു ബാങ്കുകളിലേക്ക് ആള്ക്കാര് തള്ളിക്കയറി. ഇവരെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കും പൊലിസുകാര്‍ക്കും ഏറെ പണിപ്പെടേണ്ടി വന്നു.
വിഴിഞ്ഞം മത്സ്യ ബന്ധന മേഖലയെയും കോവളത്തെ വിനോദസഞ്ചാര മേഖലയെയും നോട്ടുകളുടെ നിരോധനം സാരമായി ബാധിച്ചു. ദിനംപ്രതി ലക്ഷക്കണക്കിന് ഇടപാടുകള്‍ നടന്നിരുന്ന വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖം ഇന്നലെയും നിശബ്ദമായിരുന്നു.നോട്ടുകള്‍ പിന്‍വലിച്ച ശേഷവും പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇവിടെ കൈമാറ്റം നടന്നിരുന്നുവെങ്കിലും മീന്‍ പിടിത്തക്കാര്‍ക്ക് കൂലിയായി നല്കിയ പഴയ നോട്ടുകള്‍ മാറിക്കിട്ടാതെ വന്നതോടെ പലരും കടലില്‍ വള്ളമിറക്കല്‍ ഉപേക്ഷിച്ചു. കാലവര്‍ഷം ചതിച്ച് സീസണ് നഷ്ടത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയും തിരിച്ചടിയായി. കോവളത്തെ ചെറുകിട കച്ചവടക്കാരെയും ട്രാവല്‍ ഏജന്റുമാരെയും ഹോട്ടലുകാരെയും നോട്ട് നിരോധനം സാരമായി ബാധിച്ചു. പണം മാറാന്‍ കഷ്ടപ്പെട്ട വിദേശികള്‍ ടൂര്‍ പാക്കേജ് വെട്ടിച്ചുരുക്കി മടങ്ങിയതും തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."