ടെക്കികളുടെ ആവശ്യത്തിന് പരിഹാരമാകുന്നു; ടെക്‌നോപാര്‍ക്ക് പരിസരത്ത് തെരുവുവിളക്കുകള്‍ ഉടന്‍
കഠിനംകുളം: ടെക്‌നോപാര്‍ക്കിന്റെ പരിസരത്തും സമീപ പദേശങ്ങളിലും തെരുവു വിളക്കുകളില്ലാത്തത് മൂലമുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. ടെക്കികളുടേയും പരിസരവാസികളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ് നടപ്പിലാകുന്നത്.
കാര്യവട്ടം കാമ്പസിന് പടിഞ്ഞാറ് വശത്തുള്ള ടെക്‌നോപാര്‍ക്കിന്റെ പുറകിലെ ഗേറ്റും പരിസരവും മുള്ളുവിള നിള നഗര്‍, തൃപ്പാദപുരം,പാര്‍ക്കിനുള്ളിലെ നിള കെട്ടിടത്തിന് പുറകു വശം, ടെക്‌നോപാര്‍ക് മെയിന്‍ ഗേറ്റ് മുതല്‍ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള പ്രദേശങ്ങള്‍, ഫേസ് 3 കാമ്പസിന്റെ പുറക് വശം, തൃപ്പാദപുരത്ത് നിന്നും ബൈപാസിലേക്കു എത്തുന്ന ചെറിയ റോഡുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശം
എന്നിവിടങ്ങളിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത്.ഇതിനായി കോര്‍പറേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി 30 ലക്ഷം രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ആരംഭിക്കും. ടെക്‌നോപാര്‍ക്ക് മുന്‍ഗേറ്റില്‍ നിന്നും ബൈപാസിനോട് ചേര്‍ന്ന് കഴക്കൂട്ടം വരെ വലതു സൈഡില്‍ കൂടി നടപ്പാത നിര്‍മിക്കുന്ന പദ്ധതിയും കോര്‍പറേഷന്റെ സജീവ പരിഗണനയിലാണെന്നാണ് അറിയുന്നത്.
ഏറേ സുരക്ഷ ഒരുക്കേണ്ട ടെക്‌നോപാര്‍ക്കിന് ചുറ്റും നേരം വൈകിയാല്‍ കൂരിരുട്ടാണ്. പാര്‍ക്കിന്റെ പുറക് വശത്തെ ഗേറ്റ് കടന്ന് പുറത്തിറങ്ങുന്നത് കാര്യവട്ടം കാമ്പസിന്റെ പുറകിലാണ്. കാടുപിടിച്ച് കിടക്കുന്ന ഇത് വഴിയുള്ള കാല്‍നട യാത്ര തീര്‍ത്തും അപകടകരമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതകളടക്കം ആയിരക്കണക്കിന് ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ പാര്‍ക്കിന്റെ പരിസര പ്രദേശങ്ങളിലാണ് താമസിക്കുന്നത്. രാത്രി ജോലി കഴിഞ്ഞ് ഏറെ ഭീതിയോടെയാണ് ഇവര്‍ താമസ സ്ഥലത്തേക്ക് മടങ്ങുന്നത് .
ഇരുട്ടിന്റെ മറവില്‍ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം പതിവാണ്. ഇതുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് കേസുകളാണ് കഴക്കൂട്ടം, തുമ്പ, ശ്രീകാര്യം പൊലിസ് സ്റ്റേഷനുകളിലുള്ളത്. പ്രശ്‌നത്തില്‍ ഏറെ വൈകിയെങ്കിലും അധികാരികള്‍ കണ്ണ് തുറന്നതിന്റെ സന്തോഷത്തിലാണ് ടെക്കികളും നാട്ടുകാരും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."