എണ്ണവില വീണ്ടും കൂപ്പു കുത്തുന്നു; മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
റിയാദ്: അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിപണി വീണ്ടും ഇടിയുന്നു. ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്ന വിപണി വീണ്ടും കര കയറിയിരുന്നു. ഇതിനിടയിലാണ് പ്രതിസന്ധി രൂക്ഷമാകുന്നതായി മുന്നറിയിപ്പ് നല്കി വീണ്ടും ഇടിഞ്ഞത്. നിലവില്‍ മൂന്നു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍ വിപണനം.
രണ്ടാഴ്ചയായി ബാരലിന് 50 ഡോളറില്‍ താഴെ തുടരുന്ന എണ്ണ വില വീണ്ടും താഴേക്കു പോവുകയായിരുന്നു. ബ്രെന്‍ഡ് ക്രൂഡിന് 50 സെന്റ് കുറഞ്ഞ് 44.25 ഡോളറിലെത്തി. നെയ്മെക്സ് ക്രൂഡ് 57 സെന്റ് കുറഞ്ഞ് 42.84 ഡോളറാണ് വില. ലോകത്തെ എണ്ണ ഉല്പന്ന നിര്‍മ്മാതാക്കളായ പ്രമുഖ രാജ്യങ്ങള്‍ ഉല്പാദനം കുറക്കുമെന്ന ഏകദേശ ധാരണ പുറത്തു വന്നതിനു പിന്നാലെയാണ് വിപണി വീണ്ടും ഇടിഞ്ഞതെന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനത്തില്‍ അന്തിമ തീരുമാനം കൈ കൊള്ളാനായി എണ്ണ ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഈ മാസം 30 ന് യോഗം ചേരാനിരിക്കെയാണ് വിലയിടിവ് രേഖപ്പെടുത്തിയത്.
യോഗം പരാജയപ്പെടാനുള്ള സാധ്യത നിലനില്ക്കുന്നതും ഡോളറിനു ശക്തി പ്രാപിച്ചതും എണ്ണ വില കുറയാന്‍ കാരണമായി. എണ്ണ ഉല്പാദനം കുറയ്ക്കണമെന്ന് തീരുമാനിച്ച ഒപെക് തന്നെ ഒക്ടോബര്‍ മാസം നടത്തിയത് റെക്കോര്‍ഡ് ഉല്പാദനമാണെന്ന കണക്കുകളും വിപണിയെ സ്വാധീനിച്ചതായാണ് വിലയിരുത്തല്‍. 33.6 മില്യണ്‍ ബാരലായിരുന്നു വെള്ളിയാഴ്ചയിലെ ഉല്പാദനം. ഒപെക്കിന്റെ പ്രതിദിന ഉല്പാദനം 3.25 മുതല്‍ 3.30 കോടി ബാരലിലേക്ക് ചുരുക്കണമെന്ന തീരുമാനം പാളുകയും അംഗരാജ്യങ്ങള്‍ ഉയര്‍ന്ന ഉല്പാദനത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ വീണ്ടും വിലയിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."