ഓണ്‍ലൈന്‍ തട്ടിപ്പ്: കോഴിക്കോട് സ്വദേശിയുടെ 1,45,000 രൂപ കവര്‍ന്നു
കോഴിക്കോട്: കൈയിലുളള നോട്ടുകള്‍ മാറാന്‍ ആളുകള്‍ പരക്കം പായുന്നതിനിടെ കോഴിക്കോട് ഓണ്‍ലൈന്‍ പണത്തട്ടിപ്പ്. കോഴിക്കോട് മൂഴിക്കല്‍ സ്വദേശി മുഹമ്മദ് കോയയുടെ സ്വകാര്യബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 1,45,000 രൂപയാണ് ഓണ്‍ലൈന്‍ ട്രാന്സാക്ഷന് വഴി തട്ടിയെടുത്തത്. പത്താം തിയതി മുതല്‍ പതിനാലാം തിയതി വരെയുള്ള നാലു ദിവസങ്ങള്‍ക്കിടയില്‍ 35 തവണയായി 1,45,000 രൂപയാണ് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത്.
പത്താം തിയതി മുഹമ്മദ് കോയയുടെ ബാങ്ക് അക്കൗണ്ടില്‍ 1,46,000 രൂപയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാക്കിയുള്ളത് 340 രൂപയാണ്. നവംബര്‍ 12 ന് കുന്ദമംഗലം എസ്.ബി.ഐ ബ്രാഞ്ചില്‍ നിന്നും രണ്ടായിരം രൂപ പിന്‍വലിച്ചപ്പോഴാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായത് മുഹമ്മദ് കോയ തിരിച്ചറിയുന്നത്. പണം നഷ്ടപ്പെട്ടതറിഞ്ഞ് ബാങ്കില്‍ പരാതിപ്പെടുന്നതിനിടയിലും അക്കൗണ്ടില്‍ നിന്നും പണം പിന്വലിക്കപ്പെട്ടെന്ന് മുഹമ്മദ് കോയ പറയുന്നു.
പണം പിന്‍വലിച്ചതായുള്ള മെസേജ് ബാങ്കില്‍ നിന്നും ലഭിച്ചിരുന്നില്ല. അതേ സമയം എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയിട്ടില്ലെന്നും എ.ടി.എം കാര്‍ഡും പാസ് വേഡും മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു. നടക്കാവ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."