നവീകരിച്ച ആധാര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു
കൊച്ചി: ആധാറിനെ കുറിച്ച് ജനങ്ങള്‍ക്ക് ഉടനടി വിവരങ്ങള്‍ നല്‍കുന്നതിന് നവീകരിച്ച ആധാര്‍ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ 1947 ആരംഭിച്ചു. 24 മണിക്കൂറും ഐ.വി.ആര്‍.എസ് മോഡില്‍ ഹെല്‍പ്‌ലൈന്‍ സേവനം ലഭ്യമായിരിക്കും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ രാത്രി 11 മണി വരെയും ഞായറാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയും കോള്‍ സെന്റര്‍ ഏജന്റുമാരുടെ സേവനവും ലഭിക്കും. പ്രതിദിനം ശരാശരി 1.5 ലക്ഷം കോളുകള്‍ ഈ ഹെല്‍പ് ലൈന്‍ നമ്പര്‍ കൈകാര്യം ചെയ്യുന്നുണ്ട്. കൂടുതല്‍ കോളുകള്‍ വിളിക്കാന്‍ സൗകര്യമൊരുക്കുന്നതിനായിട്ടാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ നവീകരിച്ചത്.
മൊബൈലില്‍ നിന്നും ലാന്‍ഡ്‌ലൈനില്‍ നിന്നും ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാന്‍ സാധിക്കും.ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം കണ്ടെത്തുന്നതിനും, ആധാര്‍ നമ്പറിന്റെ ജനറേഷന്‍ സ്റ്റാറ്റസ് അറിയുന്നതിനും, ആധാര്‍ കാര്‍ഡ് നഷ്ടമായ വ്യക്തികള്‍ക്ക് അതിലെ വിവരങ്ങള്‍ തിരികെ എടുക്കുന്നതിനുമെല്ലാം ടോള്‍ ഫ്രീ ഹെല്‍പ് ലൈനിലൂടെ സാധിക്കും. നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭാഗമായി ആധാര്‍ കോപ്പികള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ പകര്‍പ്പ് നല്‍കുമ്പോള്‍ അത് എന്താവശ്യത്തിനാണെന്ന് വ്യക്തമായി രേഖപ്പെടുത്തി ആധാറിന്റെ ദുരുപയോഗം തടയണമെന്നും യു.ഐ.ഡി.എ.ഐ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."