ആയിരത്തിന്റെ നാല് നോട്ടുമായി അന്ന് കപ്പലില്‍; ഇന്ന് നാല്‍പ്പത് നോട്ടുമായി ഡോ.ടോമി ക്യൂവില്‍
കൊച്ചി:ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് മാറിയെടുക്കാനുള്ള ജനങ്ങളുടെ ബദ്ധപ്പാട് കാണുമ്പോള്‍ ഡോ.ടോമി പുത്തനങ്ങാടിയുടെ ഒാര്‍മയിലെത്തുന്നത് 1978 ല്‍ മൂല്യം കൂടിയ നോട്ടുകള്‍ പിന്‍വലിച്ചപ്പോഴുണ്ടായ അനുഭവം.
അന്ന് ആയിരത്തിന്റെ നാല് നോട്ടുകള്‍ കപ്പല്‍യാത്രയ്ക്കിടയില്‍ മാറിയെടുക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞുവെങ്കില്‍ ഇന്ന് ഒരാഴ്ച പിന്നിടുമ്പോഴും നാല്‍പത് നോട്ടുകളുമായി ടോമി ക്യൂവിലാണ്.
[caption id="attachment_169073" align="alignnone" width="269"] ഡോ. ടോമി പുത്തനങ്ങാടി [/caption]
1978 ജനുവരിയില്‍ കള്ളപണത്തിന്റെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി മൊറാര്‍ജി ദേശായി 1000, 5000,10,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. അന്ന് ആയിരം രൂപനോട്ടുകള്‍ കൈവശമുള്ളവരുടെ എണ്ണം പരിമിതമായിരുന്നു. എന്നിട്ടും മുന്നൊരുക്കം നടത്തിയശേഷമായിരുന്നു നോട്ടുകള്‍ പിന്‍വലിച്ചത്. ആദ്യദിനങ്ങളില്‍ ബാങ്കിന് മുന്നില്‍ തിരക്കുണ്ടായിരുന്നു.
ബാങ്കുകളുടെ എണ്ണം കുറവായിരുന്നല്ലോ. സംവിധാനങ്ങളും പരിമിതം. വലിയ നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം വരുമ്പോള്‍ കപ്പലില്‍ പുറംകടലായിരുന്നു ടോമിയും സംഘവും. അറിയിപ്പ് ലഭിച്ച ഉടനെ എല്ലാവരുടെയും കൈയിലുള്ള നോട്ടുകള്‍ ക്യാപ്റ്റനെ ഏല്‍പ്പിക്കാന്‍ നിര്‍ദേശം വന്നു. മാസങ്ങള്‍ നീണ്ട യാത്രകളായതിനാല്‍ എല്ലാവരും ആയിരത്തിന്റെ നോട്ടുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
28 ഓളം പേരും നോട്ടുകള്‍ കപ്പലില്‍വെച്ച് തന്നെ കൈമാറി. തന്റെ കൈയിലെ നാല് ആയിരത്തിന്റെ നോട്ടുകള്‍ ഉള്‍പ്പടെ ഒരു ലക്ഷത്തോളം രൂപ അടുത്ത തുറമുഖത്ത് എത്തിയപ്പോള്‍ കപ്പല്‍ ഏജന്‍സി വഴി ബോംബെയിലെ ഷിപ്പിംഗ് കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് അയച്ചുകൊടുത്തു.
അവിടെ നിന്ന് റിസര്‍വ് ബാങ്കില്‍ എത്തിച്ച് നോട്ട് മാറി നല്‍കുകയായിരുന്നു. അന്ന് ഷിപ്പിംഗ് കോര്‍പറേഷന്റെ മൂന്നുറോളം കപ്പലുകളിലും ഈ പ്രക്രിയ നടന്നു.
തുറമുഖങ്ങളില്‍ എത്തുമ്പോള്‍ നോട്ട് മാറിയെടുക്കാനുള്ള ക്യൂവും പുതിയ നോട്ട് കൈയില്‍കിട്ടിയതിന്റെ സന്തോഷവും ഞങ്ങള്‍ ക്യാമറയിലാക്കിയിരുന്നു.
മുംബൈയിലെ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് മാത്രമായിരുന്നു വലിയതിരക്ക്. എന്നാല്‍ ഇപ്പോള്‍ നോട്ട് അസാധുവാക്കിയപ്പോള്‍ തലേന്ന് പിന്‍വലിച്ച ആയിരത്തിന്റെ നാല്‍പത് നോട്ടുകള്‍ മാറിയെടുക്കാനാകാതെ ബാങ്കില്‍ നിന്ന് മടങ്ങിപോകേണ്ടിവന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബാങ്കില്‍ നിക്ഷേപിച്ച് പോരാനല്ലാതെ പണവുമായി മടങ്ങാന്‍ കഴിഞ്ഞില്ലെന്നും ടോമി പറഞ്ഞു. നവീന സംവിധാനങ്ങള്‍ ഉണ്ടായിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ നോട്ട് അസാധുവാക്കിയതിലാണ് ചീഫ് എന്‍ജിനീയറായി വിരമിച്ച ടോമിക്കു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."