അഗ്രി ഹോര്‍ട്ടി സൊസൈറ്റി വിജിലന്‍സ് കുരുക്കില്‍ കലക്ടറുടെ സാന്നിധ്യം മറയാക്കി തട്ടിപ്പ്
ആലപ്പുഴ: കലക്ടര്‍ പ്രസിഡന്റായിട്ടുളള ആലപ്പുഴ അഗ്രി ഹോര്‍ട്ടി സൊസൈറ്റി വിജിലന്‍സ് കുരുക്കില്‍.
സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ച് ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സുധീര്‍ കോയ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലപ്പുഴ വിജിലന്‍സ് സി.ഐ ഹരി വിദ്യാനന്ദനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി സൊസൈറ്റി ഭരണ ചുമതലയുളള സെക്രട്ടറി രവി പാലുത്തുങ്കലിനെയും ജോയിന്റ് സെക്രട്ടറിയും സൊസൈറ്റി ആഡിറ്ററുമായ എ.എന്‍ പുരം ശിവകുമാറിനെയും വിജിലന്‍സ് സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. ജില്ലാ കളക്ടറും സൊസൈറ്റിയുടെ പ്രസിഡന്റുമായ വീണ മാധവനെ വിജിലന്‍സ് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
ഇരുപത് വര്‍ഷമായി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രി ഹോര്‍ട്ടി സൊസൈറ്റി ജില്ലയുടെ സമഗ്ര കാര്‍ഷി പുരോഗതിക്കായാണ് രൂപീകരിച്ചത്. എന്നാല്‍ നാളിതുവരെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നും വാര്‍ഷിക റിപ്പോര്‍ട്ടോ കണക്കോ അവതരിപ്പിക്കാതെ പ്രവര്‍ത്തിക്കുകയാണെന്നുമാണ് സുധീര്‍ കോയ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുളളത്. ഉല്‍സവ നാളുകളില്‍ പട്ടണം കേന്ദ്രീകരിച്ച് അഗ്രി ഹോര്‍ട്ടി ഫെസ്റ്റ് സംഘടിപ്പിച്ച് വ്യാപാരികളെ ക്ഷണിച്ച് സ്റ്റാളുകള്‍ സ്ഥാപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇവരില്‍നിന്നും സ്റ്റാളുകള്‍ക്കായി ലക്ഷങ്ങള്‍ കൈപറ്റുകയും ചെയ്യുകയാണ് പതിവ്. ഇക്കാര്യവും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മേള കാണാന്‍ എത്തുന്ന സന്ദര്‍ശകരില്‍നിന്നും മുപ്പത് രൂപ ആളൊന്നിന് പ്രവേശന ഫീസായി വാങ്ങാറുണ്ട്. പതിനായിരക്കണക്കിന് സന്ദര്‍ശകരാണ് മുല്ലയ്ക്കല്‍ ചിറപ്പുമായി ബന്ധപ്പെട്ട് പട്ടണത്തിലെത്തുന്നത്. ഇവര്‍ പൂര്‍ണ്ണമായും മേളയില്‍ കയറിയിറങ്ങി പോകാറാണ് പതിവ്. ഇവിടെ സജ്ജമാക്കിയിട്ടുളള നഴ്‌സറികളില്‍നിന്നും ചെടികള്‍ വാങ്ങാനെത്തുവരാണ് അധികവും.
സൊസൈറ്റിയുടെ രൂപീകരണം മുതല്‍ ആലപ്പുഴ എസ്.ഡി.വി മൈതാനിയില്‍ നടക്കുന്ന മേളയില്‍ സംസ്ഥാന വ്യവസായ വകുപ്പ് ജില്ലാ കാര്യാലയത്തിന്റെയും എസ്.ഡി കോളജ് ബോട്ടണി വിഭാഗത്തിന്റെയും നബാര്‍ഡിന്റെയും സഹായത്തോടെയായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ മേള നടത്തിപ്പിലെ സുതാര്യതെയെ ചോദ്യം ചെയ്ത് മാറിനില്‍ക്കുകയായിരുന്നു.ഇക്കുറിയും മേള നടത്താന്‍ സംഘാടകര്‍ തയ്യാറെടുക്കുന്നതിനിടയിലാണ് വിജിലന്‍സിന്റെ കുരുക്ക് വീണത്. ജില്ലാ കളക്ടറുടെ സാന്നിധ്യമാണ് മേളയ്ക്ക് സര്‍ക്കാര്‍ ചുവ വരുത്തിയിരുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ കളക്ടര്‍ വ്യക്തമായ വിശദീകരണം സംഘാടകരോട് തേടിയതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."