HOME
DETAILS

മണ്ഡലങ്ങളിലൂടെ

  
backup
May 19 2016 | 18:05 PM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86


തിരുവനന്തപുരം

ഇടത് മേല്‍ക്കോയ്മ

നിയമസഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഇടത് മേല്‍ക്കോയ്മ. 2011ല്‍ നഷ്ടമായ മുന്‍തൂക്കമാണ് ഇടതുമുന്നണി തിരികെപ്പിടിച്ചത്. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റുകള്‍ ഇടതുമുന്നണി കരസ്ഥമാക്കിയപ്പോള്‍ യു.ഡി. എഫിന് ആറ് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. ബി.ജെ.പി ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന നേമത്ത് ഒ. രാജഗോപാല്‍ 8,671 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പാറശാല, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, വര്‍ക്കല, കഴക്കൂട്ടം, നെടുമങ്ങാട്, കാട്ടാക്കട എന്നീ യു.ഡി.എഫ് മണ്ഡലങ്ങളാണ് ഇടതുമുന്നണി തിരികെപിടിച്ചത്. എന്നാല്‍, അവരുടെ സിറ്റിങ്് സീറ്റുകളായ നേമം, കോവളം എന്നിവിടങ്ങളില്‍ ഇടതുമുന്നണിക്ക് പരാജയം നേരിട്ടു. പാറശാലയില്‍ എ.ടി ജോര്‍ജിനെ സി. കെ ഹരീന്ദ്രനാണ് അട്ടിമറിച്ചത്. നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജ് ആന്‍സലനോട് അടിയറവുപറഞ്ഞു. വര്‍ക്കലയില്‍ വി. ജോയി, വര്‍ക്കല കഹാറിനെ തോല്‍പ്പിച്ച് മണ്ഡലം ഇടത്തേക്ക് മാറ്റി. കഴക്കൂട്ടത് സിറ്റിങ് എം. എല്‍.എ എം.എ വാഹിദിനെ കടകംപള്ളി സുരേന്ദ്രന്‍ അട്ടിമറിച്ചു. നെടുമങ്ങാട്ട് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയെ തോല്‍പ്പിച്ചത് സി. ദിവാകരനാണ്.
കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍. ശക്തനും കാലിടറി. വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിലെ കെ. മുരളീധരന്‍ മിന്നുന്ന ജയം കരസ്ഥമാക്കിയപ്പോള്‍ കോവളത്ത് ജമീലാ പ്രകാശത്തെ എം. വിന്‍സന്റ് അട്ടിമറിച്ചു. തിരുവനന്തപുരം സെന്‍ട്രലില്‍ മന്ത്രി വി. എസ് ശിവകുമാറും വിജയിച്ചു. വാമനപുരം, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ യഥാക്രമം ഡി.കെ.മുരളി, ബി. സത്യന്‍, വി. ശശി എന്നിവര്‍ വിജയികളായി.

കൊല്ലം

മുഴുവന്‍ സീറ്റും ഇടതിന്

പതിനാലാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഇടതു മുന്നേറ്റം. ആകെയുള്ള 11 സീറ്റുകളും ഇടതുമുന്നണി നേടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍,മന്ത്രി ഷിബു ബേബിജോണ്‍,ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്,കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ്‌കുഞ്ഞ്, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ്, നടന്‍ ജഗദീഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സവിന്‍ സത്യന്‍ എന്നിവര്‍ പരാജയപ്പെട്ടു.
നടന്‍ മുകേഷ്, മുന്‍ മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍,കെ.ബി ഗണേഷ്‌കുമാര്‍, എം.എല്‍.എമാരായ കെ.രാജു, അയിഷാപോറ്റി, ജി.എസ്.ജയലാല്‍, മുന്‍ എം.എല്‍.എ ജെ. മേഴ്‌സിക്കുട്ടിയമ്മ, കോവൂര്‍ കുഞ്ഞുമോന്‍, സി.പി.ഐ ജില്ലാസെക്രട്ടറി ആര്‍.രാമചന്ദ്രന്‍, മുന്‍ ഡെ.മേയര്‍ എം.നൗഷാദ്,പ്രമുഖ അബ്കാരിയും വ്യവസായിയുമായ എന്‍.വിജയന്‍പിള്ള എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം മത്സരിച്ച ഏക സീറ്റായ ചവറയില്‍ എന്‍.വിജയന്‍പിള്ളയായിരുന്നു മത്സരിച്ചത്. ഷിബു ബേബിജോണിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സി.പി.എം-4,സി.പി.ഐ-4,കേരളാകോണ്‍ഗ്രസ് ബി-1,സി.എം.പി-1,ആര്‍.എസ്.പി(ലെനിനിസ്റ്റ്)-1 എന്നിങ്ങനെയാണ് കക്ഷിനില. 2011 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രണ്ടുസീറ്റുകളില്‍ വിജയിച്ചിരുന്നു.

പത്തനംതിട്ട

ചുവപ്പില്‍കുതിര്‍ന്ന് പത്തനംതിട്ട

സംസ്ഥാനത്തുപടര്‍ന്ന ഇടതുതരംഗത്തില്‍ പത്തനംതിട്ട ജില്ലയും ചുവന്നു. മൂന്ന് സിറ്റിങ് സീറ്റുകള്‍ക്കൊപ്പം ഒരെണ്ണം കൂടി എഴുതിച്ചേര്‍ത്ത് ഇടതുമുന്നണി ഇവിടെ കരുത്തുകാട്ടിയപ്പോള്‍ യു.ഡി.എഫ് രണ്ടുസീറ്റില്‍ നിന്ന് ഒന്നായി ചുരുങ്ങി. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ എന്‍.ഡി.എ സഖ്യത്തിനായില്ല.
റാന്നി, തിരുവല്ല, അടൂര്‍ എന്നീ സിറ്റിങ് സീറ്റുകള്‍ക്കൊപ്പം അട്ടിമറിയിലൂടെ ആറന്മുള കൂടി സി.പി.എം തിരിച്ചുപിടിച്ചു. അതേസമയം, കോന്നിയിലെ മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ വിജയമാണ് യു.ഡി.എഫിനുള്ള ഏക ആശ്വാസം.
ആറന്മുള മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജ് അട്ടിമറിച്ചത് കോണ്‍ഗ്രസിലെ അഡ്വ. കെ. ശിവദാസന്‍ നായരുടെ തുടര്‍വിജയമെന്ന പ്രതീക്ഷയെയാണ്. 7,646 വോട്ടുകളുടെ ഭൂരിപക്ഷമാണ് കന്നിയങ്കക്കാരിയായ വീണക്ക് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി. രമേശിന് ലഭിച്ചത് 37,906 വോട്ടുകളാണ്.
റാന്നിയില്‍ സി.പി.എമ്മിലെ രാജു ഏബ്രഹാം 14,596 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിലെ മറിയാമ്മ ചെറിയാനെ തറപറ്റിച്ചത്. ജനതാദള്‍(എസ്) ന്റെ മാത്യു ടി. തോമസ് ഇക്കുറിയും വിജയം ആവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ്(എം)ലെ ജോസഫ് എം. പുതുശേരിയെ 8262 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാത്യു ടി. തോമസ് അടിയറവുപറയിച്ചത്.
. ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമായ കോന്നി സീറ്റില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശ് അഞ്ചാമതും വിജയിച്ചതാണ് യു.ഡി.എഫിന് ജില്ലയില്‍ ലഭിച്ച ഏക ആശ്വാസം.

ഇടുക്കി

എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ല

സംസ്ഥാനത്ത് ഇടതുതരംഗം വീശിയടിച്ചപ്പോഴും ഇടുക്കിയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ എല്‍.ഡി.എഫിനായില്ല. അഞ്ച് നിയമസഭാ സീറ്റില്‍ മൂന്നെണ്ണം കഷ്ടിച്ചാണ് നിലനിര്‍ത്താനായത്. ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല എന്നിവയാണ് നിലനിര്‍ത്തിയത്. ഇതില്‍ സിറ്റിങ് എം.എല്‍.എ ഇ.എസ് ബിജിമോള്‍ മത്സരിച്ച പീരുമേട്ടില്‍ 314 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കടന്നുകൂടാനായത്.
തൊടുപുഴയും ഇടുക്കിയും യു. ഡി.എഫ് നിലനിര്‍ത്തിയെന്നുമാത്രമല്ല തൊടുപുഴയില്‍ പി.ജെ ജോസഫ് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 45,587 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തകര്‍പ്പന്‍ വിജയമാണ് തൊടുപുഴയില്‍ പി.ജെ ജോസഫ് നേടിയത്. കഴിഞ്ഞവട്ടം 22,868 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോസഫ് ഇക്കുറി ഭൂരിപക്ഷം ഇരട്ടിയിലധികം വര്‍ധിപ്പിക്കുകയായിരുന്നു. എല്‍.ഡി.എഫ് സ്വതന്ത്രന്‍ റോയി വാരികാട്ടിന് നേടാനായത് 30,977 വോട്ടുകള്‍ മാത്രമാണ്. 28,845 വോട്ടു നേടിയ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി എസ്.പ്രവീണുമായി രണ്ടാം സ്ഥാനത്തിനുവേണ്ടിയാണ് എല്‍.ഡി.എഫ് മത്സരിച്ചത്. സി.പി.എം അണികളുടെ എതിര്‍പ്പ് അവഗണിച്ച് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) മുന്‍ ജില്ലാ പ്രസിഡന്റ് റോയി വാരികാട്ടിനെ സ്ഥാനാര്‍ഥിയായി അടിച്ചേല്‍പ്പിച്ചതാണ് ഇടതിന്റെ ദയനീയ പരാജയത്തിന് വഴിവച്ചത്.
എം.എം മണിയെ സി.പി.എമ്മിന് ഉടുമ്പഞ്ചോലയില്‍ ജയിപ്പിച്ചെടുക്കാനായത് 1,109 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ്.

കോട്ടയം

ഇടതുകാറ്റില്‍ കടപുഴകാതെ

സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് കോട്ടകള്‍ ഒന്നൊന്നായി നിലംപതിച്ചപ്പോള്‍ പിടിച്ചു നിന്നത് കോട്ടയം. ഒമ്പത് മണ്ഡലങ്ങളില്‍ ആറും ജയിച്ചാണ് കോട്ടയം ഇടത് ആക്രമണത്തിന് മറുപടി കൊടുത്തത്. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന പി.സി ജോര്‍ജ് മുന്നണികള്‍ക്ക് അതീതനായി നിന്ന് വമ്പന്‍ വിജയം നേടിയതോടെ പൂഞ്ഞാര്‍ ഇടത്തോട് പോകാതിരുന്നതും യു.ഡി.എഫിന് ഗുണമായി. ഏറ്റുമാനൂരും പൂഞ്ഞാറിലുമൊഴികെ ബി.ഡി.ജെ.എസിന് ജില്ലയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.
2011ലെ ഭൂരിപക്ഷം നിലനിര്‍ത്താനായില്ലെങ്കിലും യു.ഡി.എഫ് വിരുദ്ധ തരംഗത്തിലും കാല്‍ലക്ഷത്തില്‍പരം വോട്ടിന് ജയിക്കാനായത് ഉമ്മന്‍ ചാണ്ടിയുടെ ജയത്തിന് തിളക്കമേകുന്നു.
കോട്ടയം രണ്ടു പതിറ്റാണ്ടായി കാണാത്ത വികസനം സമ്മാനിച്ച വിജയമാണ് തിരുവഞ്ചൂരിന്റേത്. തോല്‍വി മണത്തിട്ടും ഗണ്യമായ ഭൂരിപക്ഷത്തിന് പാലായില്‍ ജയിക്കാനായതില്‍ കെ.എം മാണിക്കും കേരളാ കോണ്‍ഗ്രസിനും ആശ്വസിക്കാം. മാണി വിഭാഗത്തില്‍ നിന്ന് പിരിഞ്ഞു പോയ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് ജില്ലയിലും നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയത് കെ.എം മാണിക്കും കൂട്ടര്‍ക്കും നേട്ടമായി. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലുള്ള മോന്‍സ് ജോസഫിന്റെ ജയവും കേരളാ കോണ്‍ഗ്രസിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. അതേ സമയം പരാജയപ്പെടുമെന്ന് കരുതിയ സി.എഫ് തോമസും എന്‍.ജയരാജും വിജയ തീരമണിഞ്ഞതും കേരളാ കോണ്‍ഗ്രസിന് നിലയുറപ്പിക്കാന്‍ അവസരമൊരുക്കുന്നു. ചാഴിക്കാടനെ തുടര്‍ച്ചയായ രണ്ടാം വട്ടവും തോല്‍പ്പിച്ച സുരേഷ് കുറുപ്പ് ജില്ലയില്‍ നിന്നുള്ള മന്ത്രിയാകുമെന്ന് സൂചനയുണ്ട്.

ആലപ്പുഴ

വിഭാഗീയത വഴിമാറിയപ്പോള്‍ ഇടതിന് നേട്ടം

വിഭാഗീയത വഴിമാറിയപ്പോള്‍ പുന്നപ്രയും വയലാറും ഉള്‍പ്പെടുന്ന വിപ്ലവത്തിന്റെ മണ്ണ് വീണ്ടും ചുകപ്പണിഞ്ഞു. രമേശ് ചെന്നിത്തലക്ക് മാത്രമാണ് എല്‍.ഡി.എഫ് തേരോട്ടത്തില്‍ പിടിച്ചുനില്‍ക്കാനായത്. 2011ല്‍ ഒന്‍പതില്‍ ഏഴ് സീറ്റ് ലഭിച്ച ഇടതിന് ഇക്കുറി ഒരു സീറ്റ് അധികം ലഭിച്ചു. അരൂര്‍, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
എന്നാല്‍, തെരെഞ്ഞടുപ്പിനുമുന്‍പ് നിരവധി വിവാദങ്ങളാണ് ഇടതുമുന്നണിയെ വേട്ടയാടിയത്. പാര്‍ട്ടിയുടെ ഔദ്യോഗിക ശബ്ദമായ ജി.സുധാകരനുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണുണ്ടായത്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി വി.എസ് വിഭാഗം ഇടഞ്ഞു. വി.എസ് പക്ഷക്കാരനായ കായംകുളം സിറ്റിങ് എം.എല്‍.എ സി.കെ സദാശിവന് സീറ്റ് നിഷേധിക്കുകയും ചെയ്തു. ജി.സുധാകരന്റെ നോമിനിയായ പ്രതിഭാ ഹരിയാണ് സദാശിവന് പകരമായെത്തിയത്. എന്നാല്‍, കഴിഞ്ഞപ്രാവശ്യം സി.കെ സദാശിവന്‍ വെറും 1315 വോട്ടുകള്‍ക്ക് വിജയിച്ച കായംകുളത്ത് ഇക്കുറി 11,857 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രതിഭാ ഹരി വിജയിച്ചത്. ഇത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിച്ചതിന്റെ സൂചനയാണ് നല്‍കുന്നത്.
ഒരുവേളയില്‍ ജി.സുധാകരന്റെ പ്രചാരണത്തിന് അമ്പലപ്പുഴയില്‍ വി.എസ് എത്തില്ലെന്നുവരെ അഭ്യൂഹം പരന്നു. അവസാനനിമിഷമാണ് സുധാകരന്റെ പ്രചാരണത്തിന് വി.എസ് എത്തിയത്. ഗൗരിയമ്മയുടെ ജെ.എസ്.എസിന് ഒരുസീറ്റു പോലും നല്‍കാതിരുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.

എറണാകുളം

യു.ഡി.എഫിന് ആശ്വാസം

ഇടതുതരംഗത്തില്‍ യു.ഡി.എഫ് കോട്ടകള്‍ ഓരോന്നായി കടപുഴകി വീണപ്പോള്‍ ദയനീയതോല്‍വി ഏല്‍ക്കാതെ പിടിച്ചുനിന്നതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ്. നാല് സീറ്റുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തപ്പോള്‍ രണ്ട് സീറ്റ് ഇടതുമുന്നണിയില്‍നിന്ന് പിടിച്ചെടുത്തു. മന്ത്രി കെ.ബാബു ഉള്‍പ്പെടെ അഞ്ച് സിറ്റിങ് എം.എല്‍.എമാര്‍ക്ക് ജില്ലയില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. മുന്‍മന്ത്രിമാരായ ഡൊമനിക് പ്രസന്റേഷന് കൊച്ചിയിലും ടി.യു കുരുവിളക്ക് കോതമംഗലത്തും തിരിച്ചടിയുണ്ടായി. കൊച്ചിയില്‍ കോണ്‍ഗ്രസ് വിമതന്‍ കെ.ജെ ലീനസ് 7,588 വോട്ട് നേടിയതോടെ സി.പി.എമ്മിലെ കെ.ജെ മാക്‌സി 1086 വോട്ടിന് വിജയിച്ചു. ടി.യു.കുരുവിളയെ സി.പി.എമ്മിലെ ആന്റണി ജോണാണ് പരാജയപ്പെടുത്തിയത്്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍, പെരുമ്പാവൂരില്‍ സി.പി.എമ്മിലെ സാജു പോള്‍ എന്നിവരാണ് തോറ്റ മറ്റ്്് സിറ്റിങ് എംഎല്‍എമാര്‍.
എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ അങ്കമാലി എന്‍.എസ്.യു ദേശീയ പ്രസിഡന്റ് റോജി ജോണിലൂടെ തിരിച്ചുപിടിച്ചു. ഹൈബി ഈഡന്‍ (എറണാകുളം), അന്‍വര്‍ സാദത്ത്് (ആലുവ), വി.പി സജീന്ദ്രന്‍ (കുന്നത്ത്‌നാട്), പി.ടി തോമ്‌സ് (തൃക്കാക്കര), എല്‍ദോസ് കുന്നപ്പള്ളി (പെരുമ്പാവൂര്‍), റോജി എം.ജോണ്‍ (അങ്കമാലി) എന്നിവര്‍ കോണ്‍ഗ്രസ് പ്രതിനിധികളായി നിയസഭയിലേക്ക് പോകുമ്പോള്‍ യു.ഡി.എഫിലെ ഘടകക്ഷികളായ മുസ്‌ലിംലീഗിലെ മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞും (കളമശ്ശേരി), കേരളാ കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബും (പിറവം) തങ്ങളുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്തി.

തൃശൂര്‍

എല്‍.ഡി.എഫ് ചെഞ്ചായമണിയിച്ചു

സംസ്ഥാനത്ത് യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന തൃശൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ 12ലും വ്യക്തമായ ഭൂരിപക്ഷം നേടിയ എല്‍.ഡി.എഫ് ജില്ലയെ ചെഞ്ചായമണിയിച്ചു. വടക്കാഞ്ചേരിയില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ഫോട്ടോഫിനിഷിങിലൂടെ 43 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍ അക്കര വിജയിച്ചു. സംസ്ഥാനത്ത് തന്നെ യു.ഡി.എഫില്‍ ശക്തമായ ഗ്രൂപ്പ് മത്സരം നടക്കുകയും കോണ്‍ഗ്രസിന്റെ നാല് സിറ്റിങ് എം.എല്‍.എമാരെ മാറ്റി ഗ്രൂപ്പ് സമവാക്യങ്ങളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച ജില്ല കൂടിയായിരുന്നു തൃശൂര്‍. കൂടാതെ ഈഴവ വോട്ടുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയില്‍ ബി.ഡി.ജെ.എസിന്റെ വരവോടെ കൊടുങ്ങല്ലൂര്‍,നാട്ടിക,കൈപ്പമംഗലം,ഗുരുവായൂര്‍ തുടങ്ങിയ തീരദേശ മണ്ഡലങ്ങളിലും തൃശൂര്‍ മണ്ഡലത്തിലും ക്രിസ്ത്യന്‍, മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കുകയും മുന്‍പെങ്ങുമില്ലാത്ത വിധം ഈ വോട്ടുകള്‍ എല്‍.ഡി.എഫിലേക്ക് പോവുകയും ചെയ്തു. ഇരിങ്ങാലക്കുടയില്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പരാജയപ്പെട്ടതും കുന്നംകുളത്ത് യു.ഡി.എഫിന്റെ ഘടക കക്ഷിയായിരുന്ന സി.എം.പിയുടെ സി.പി ജോണ്‍, ഗുരുവായൂരില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി പി.എം സാദിഖലി, കൈപ്പമംഗലത്ത് ആര്‍.എസ്.പി (പ്രേമചന്ദ്രന്‍) വിഭാഗത്തിന്റെ മുഹമ്മദ് നഹാസ് തുടങ്ങിയവരുടെ പരാജയങ്ങളും യു.ഡി.എഫിന്റെ ഘടക കക്ഷികള്‍ക്ക് കൂടി തിരിച്ചടിയായി.

പാലക്കാട്

ഇടതിന് അനുകൂലം; മൂന്ന് സിറ്റിങ് സീറ്റുകള്‍ യു.ഡി.എഫ് നിലനിര്‍ത്തി

ജില്ലയിലെ 12 സീറ്റുകളില്‍ ഒന്‍പതും കൈപ്പിടിയിലൊതുക്കി എല്‍.ഡി.എഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയപ്പോള്‍ മൂന്ന് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനായത് യു.ഡി.എഫിന് ആശ്വാസമായി. സീറ്റ് നേടിയില്ലെങ്കിലും പാലക്കാടും മലമ്പുഴയിലും രണ്ടാംസ്ഥാനം നേടിയ ബി.ജെ.പി ജില്ലയിലെ വളര്‍ച്ച വ്യക്തമാക്കി. സി.പി.എം ഏഴ് സിറ്റിങ് സീറ്റുകളും നിലനിര്‍ത്തിയപ്പോള്‍ മുഹമ്മദ് മുഹ്‌സിനിലൂടെ പട്ടാമ്പി പിടിച്ചെടുത്ത് ജില്ലയില്‍ വീണ്ടും സാന്നിധ്യം ഉറപ്പിക്കാന്‍ സി.പി.ഐയ്ക്കായി. ചിറ്റൂരില്‍ ജനതാദള്‍ എസിലെ കെ കൃഷ്ണന്‍കുട്ടിയും വിജയിച്ചതോടെ എല്‍.ഡി.എഫ് നേട്ടം ഒന്‍പതായി ഉയര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് തൃത്താലയില്‍ വി.ടി ബല്‍റാമും, പാലക്കാട്ട് ഷാഫി പറമ്പിലും, മണ്ണാര്‍ക്കാട്ട് മുസ്‌ലിംലീഗിലെ അഡ്വ.എന്‍.ഷംസുദ്ദീനും സീറ്റ് നിലനിറുത്തിയതാണ് യു.ഡി.എഫിന് നേട്ടം. മലമ്പുഴയില്‍ നാലാംവട്ടവും വിജയിയായ സി.പി.എമ്മിലെ വി.എസ് അച്യുതാനന്ദന്‍ ലീഡ് നില 27142 ആയി ഉയര്‍ത്തി.
ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട്ട് എന്‍.എന്‍ കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സി.പി.എമ്മിന് തിരിച്ചടിയായി. ആലത്തൂരില്‍ 36060 വോട്ടിന് വിജയിച്ച സി.പി.എമ്മിലെ പുതുമുഖം കെ.ഡി പ്രസേനാണ് ജില്ലയില്‍ ഏറ്റവുമധികം ഭൂരിപക്ഷം. കോങ്ങാട് പന്തളം സുധാകരനെ ഇറക്കി കോണ്‍ഗ്രസ് മികച്ച മത്സരം കാഴ്ചവച്ചെങ്കിലും സി.പി.എമ്മിലെ സിറ്റിങ് എം.എല്‍.എ കെ.വി വിജയദാസ് 13271 വോട്ടിന്റെ വിജയമാണ് നേടിയത്.

മലപ്പുറം

മുസ്‌ലിംലീഗ് കരുത്തില്‍ മലപ്പുറം

യു.ഡി.എഫ് കരുത്തു കാട്ടി മലപ്പുറം ജില്ലയില്‍ മുസ്‌ലിംലീഗിന്റെ മുന്നേറ്റം. ഇത്തവണ ഇടതു മേല്‍ക്കോയ്മ സംസ്ഥാനത്തു നേടിയപ്പോഴും ലീഗ് മണ്ഡലങ്ങളിലെ വിജയത്തിലാണ് മലപ്പുറം യു.ഡി.എഫിന്റെ കരുത്തായി മാറിയത്.
ആകെ പതിനാറ് മണ്ഡലങ്ങളുള്ള ജില്ലയില്‍ യു.ഡി.എഫ് പന്ത്രണ്ടിടങ്ങളില്‍ ആണ് വിജയിച്ചത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, വേങ്ങര, ,പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, മങ്കട, ഏറനാട്, വള്ളിക്കുന്ന്, കോട്ടക്കല്‍,തിരൂര്‍,വള്ളിക്കുന്ന്, മണ്ഡലങ്ങളില്‍ മുസ്‌ലിംലീഗും വണ്ടൂരില്‍ കോണ്‍ഗ്രസും നേടിയ വിജയമാണ് യു.ഡി.എഫ് കരുത്തായത്.
അതേസമയം വര്‍ഷങ്ങളായി യു.ഡി.എഫ് പക്ഷത്ത് നിലകൊള്ളുന്നതും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മണ്ഡലവുമായ നിലമ്പൂരിലും മുസ്ലിംലീഗ് മണ്ഡലമായ താനൂരിലും ഇത്തവണ ഇടതു സ്വതന്തര്‍ അട്ടിമറി ജയം നേടി.
തവനൂര്‍,പൊന്നാനി സിറ്റിങ് സീറ്റുകളിലും എല്‍.ഡി.എഫ് വിജയിച്ചു.
മന്ത്രിമാരുള്‍പ്പടെ വിജയിച്ച പല മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തിലൊഴികെ ജയം നിലനിര്‍ത്താനായത് യു.ഡി.എഫിനു തുണയായി.
മലപ്പുറത്ത് ലീഗ് വോട്ടുകളാണ് സംസ്ഥാനത്ത് യു.ഡി.എഫ് ശക്തി തെളിയിക്കുന്നതില്‍ പ്രധാന ഘടകമായത്.

കോഴിക്കോട്

ഇത്തവണയും ഇടതിനോടു ചേര്‍ന്ന്

ജില്ല ഇത്തവണയും ഇടതിനോടു ചേര്‍ന്നു തന്നെ. 13ല്‍ 11 സീറ്റും ഇടതുമുന്നണി നേടി. മൂന്നു സീറ്റുണ്ടായിരുന്ന യു.ഡി.എഫ് രണ്ടിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ നേടിയ 10 സീറ്റ് ഇപ്രാവശ്യം പതിനൊന്നാക്കി ഉയര്‍ത്തിയെങ്കിലും ഉരുക്കുകോട്ടയെന്നു സി.പി.എം വിശേഷിപ്പിക്കുന്ന കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ ഭാര്യയും സിറ്റിങ് എം.എല്‍.എയുമായ കെ.കെ. ലതികയ്ക്കാണ് രണ്ടാമങ്കത്തില്‍ അടിപതറിയതെന്നതു വിജയത്തിനിടയിലും പാര്‍ട്ടിക്ക് അഭിമാന ക്ഷതമായി. കന്നിയങ്കത്തിനിറങ്ങിയ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ലയാണ് കുറ്റ്യാടിയിലെ ഇടതുകുത്തക തകര്‍ത്തത്.
മുസ്‌ലിം ലീഗിന്റെ കുത്തകയായ കൊടുവള്ളി മണ്ഡലത്തില്‍ ഇടതുപിന്തുണയോടെ ലീഗ് വിമതന്‍ ചെങ്കൊടി പാറിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ എം.എ. റസാഖ് മാസ്റ്ററെയാണ് ലീഗിന്റെ മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായ കാരാട്ട് റസാഖ് പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ തറപറ്റിച്ചത്. ലീഗിന്റെ മറ്റൊരു കുത്തക സീറ്റായ തിരുവമ്പാടിയും ഇക്കുറി എല്‍.ഡി.എഫ് തങ്ങളുടേതാക്കി. എന്നും ഇടതുചേര്‍ന്നു നിന്ന പേരാമ്പ്രയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. രാമകൃഷ്ണനു ആശ്വാസജയം മാത്രമാണുണ്ടായത്. കോഴിക്കോട് സൗത്തില്‍ സിറ്റിങ് എം.എല്‍.എ ഡോ.എം.കെ. മുനീര്‍ സീറ്റ് നിലനിര്‍ത്തിയതും കുറ്റ്യാടിയിലെ വിജയവും മാത്രമാണ് ജില്ലയില്‍ യു.ഡി.എഫിനു ആശ്വാസം പകരുന്നത്.
ഇടതു ഘടകകക്ഷിയായ എന്‍.സിപി ജില്ലയില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. ജില്ലയിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷമാണ് എലത്തൂര്‍ മണ്ഡലത്തില്‍ എ.കെ ശശീന്ദ്രന് ലഭിച്ചത്. ഭൂരിപക്ഷം ഇടിഞ്ഞെങ്കിലും നാദാപുരത്ത് സി.പി.ഐ സ്ഥാനാര്‍ഥി ഇ.കെ വിജയന്‍ ജയിച്ചുകയറി. എല്‍.ഡി.എഫ് വിജയിച്ച 11 മണ്ഡലങ്ങളില്‍ ആറിടത്ത് സി.പി.എം സ്ഥാനാര്‍ഥികളും രണ്ടിടത്ത് സി.പി.എം സ്വതന്ത്രരും ഓരോ സീറ്റുകളിലും എന്‍.സി.പി, സി.പി.ഐ, ജെ.ഡി.എസ് കക്ഷികളുമാണ് വിജയിച്ചത്. അഞ്ചിടത്തു മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണയും ഒരു സീറ്റുപോലും ജില്ലയില്‍ നേടാനായില്ല. വടകരയില്‍ ആര്‍.എം.പിയുടെ കെ.കെ രമക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 20504 വോട്ടാണ് രമക്ക് ലഭിച്ചത്.

വയനാട്

ഉരുക്കുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ഡി.എഫ്

യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ഡി.എഫിന്റെ ജൈത്രയാത്ര. വയനാട്ടില്‍ രണ്ടിടത്ത് എല്‍.ഡി.എഫ് ജയിച്ചു കയറിയപ്പോള്‍ ബത്തേരി യു.ഡി.എഫിനൊപ്പം നിന്നു. മാനന്തവാടിയിലും കല്‍പ്പറ്റയിലും അപ്രതീക്ഷിത വിജയമായിരുന്നു എല്‍.ഡി.എഫിന്റേത്. മാനന്തവാടിയില്‍ മന്ത്രി ജയലക്ഷ്മിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍ കേളു അടിയറവ് പറയിച്ചത് നാടീയതയ്ക്ക് ഒടുവില്‍ 1307 വോട്ടുകള്‍ക്ക്. കല്‍പ്പറ്റയില്‍ യു.ഡി.എഫിന്റെ പഞ്ചായത്തുകളില്‍പ്പോലും ലീഡ് നേടിയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ ശശീന്ദ്രന്റെ വിജയം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയതും സി.കെ ശശീന്ദ്രനാണ്. 13083 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജില്ലയിലെ ഏറ്റവും ശക്തമായ മത്സരമെന്ന് കണക്കുകൂട്ടിയ കല്‍പ്പറ്റയില്‍ എല്‍.ഡി.എഫ് നേടിയത്.
ബത്തേരിയില്‍ തുടക്കം മുതല്‍ സിറ്റിങ് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ലീഡ് നില ഉയര്‍ത്തുകയായിരുന്നു. 11198 വോട്ടുകള്‍ക്കാണ് ഇവിടെ ബാലകൃഷ്ണന്‍ വിജയിച്ചത്. മാനന്തവാടിയില്‍ അപരയായ ലക്ഷ്മി പിടിച്ച 1300 വോട്ടുകളും നോട്ട നേടിയ 1050 വോട്ടുകളും മന്ത്രി ജയലക്ഷ്മിയുടെ പരാജയത്തിന് കാരണമായി. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 59150 വോട്ടുകളായിരുന്നു ജയലക്ഷ്മി നേടിയത്. ഈ വര്‍ഷം 20000ത്തോളം വോട്ടര്‍മാര്‍ വര്‍ധിക്കുകയും മൂന്ന് ശതമാനം പോളിങ് കൂടുകയും ചെയ്തിട്ടും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 3000 വോട്ടുകള്‍ മാത്രമാണ് ജയലക്ഷ്മി നേടിയത്. 62436 വോട്ടുകളാണ് ജയലക്ഷ്മിക്ക് ലഭിച്ചത്.
മണ്ഡലത്തില്‍ കഴിഞ്ഞ ഭരണ കാലത്ത് 865 കോടി രൂപയുടെ വികസന നേട്ടമുണ്ടാക്കിയെന്ന മുഖ്യ പ്രചാരണമായിരുന്നു ജയലക്ഷ്മി നടത്തിയത്. ഒരിക്കല്‍ പോലും ജയലക്ഷ്മിക്ക് പുറമെ മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് നേതൃത്വം ആലോചിച്ചിരുന്നില്ല. എന്നാല്‍ ജയലക്ഷ്മിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും നല്ല രീതിയില്‍ അടിയൊഴുക്കുകളുണ്ടായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. താഴെക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോയതും തനിക്കെതിരെയുള്ള പ്രചാരണങ്ങളെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാതെ പോയതുമാണ് ജയലക്ഷ്മിയുടെ ഫോട്ടോ ഫിനിഷിങിലെ പരാജയത്തിനിടയാക്കിയത്.


കണ്ണൂര്‍

രണ്ടുസീറ്റുകള്‍ പിടിച്ചെടുത്ത് എല്‍.ഡി.എഫ്

ജില്ലയില്‍ എല്‍.ഡി.എഫിന് ആധിപത്യം. ആകെയുള്ള 11 മണ്ഡലങ്ങളില്‍ എട്ടു മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് സ്വന്തമാക്കിയപ്പോള്‍ യു.ഡി.എഫിനു മൂന്നു സീറ്റുകള്‍ ലഭിച്ചു. മന്ത്രി കെ.പി മോഹനനിലൂടെ കൂത്തുപറമ്പും കോണ്‍ഗ്രസില്‍ എ യില്‍ നിന്നു ഐ വിഭാഗത്തിലെത്തി സതീശന്‍ പാച്ചേനി മത്സരിച്ച കണ്ണൂര്‍ മണ്ഡലവുമാണ് യു.ഡി.എഫില്‍ നിന്നു എല്‍.ഡി.എഫ് പിടിച്ചെടുത്തത്. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ കഴിഞ്ഞതവണ കെ.പി മോഹനന്‍ പിടിച്ചെടുത്ത മണ്ഡലമാണ് ഇക്കുറി എല്‍.ഡി.എഫ് തിരിച്ചുപിടിച്ചത്.
ഇതുവരെ കോണ്‍ഗ്രസ് മാത്രം ജയിച്ച ചരിത്രമുള്ള മണ്ഡലമാണു കണ്ണൂര്‍.
കടുത്തമത്സരം നടന്ന അഴീക്കോടും പേരാവൂരും നിലനിര്‍ത്തിയതു യു.ഡി.എഫിന് ആശ്വാസമായി. അഴീക്കോട് കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് മത്സരിച്ചെങ്കിലും കെ. എം ഷാജിയുടെ വിജയത്തെ ബാധിച്ചില്ല. കോണ്‍ഗ്രസില്‍ നിന്നു വിമതശബ്ദം ഉയര്‍ന്ന ഇരിക്കൂറില്‍ അവര്‍ക്കോ എല്‍.ഡി.എഫിനോ കെ.സി ജോസഫിനെതിരേ വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും മുന്നേറ്റം നടത്താനായില്ല.
ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം നാല്‍പതിനായിരം കടന്നു.

കാസര്‍കോട്

കാസര്‍കോട്ട് തനിയാവര്‍ത്തനം

ജില്ലയിലെ മണ്ഡലങ്ങളില്‍ ഇരുമുന്നണികള്‍ക്കും തനിയാവര്‍ത്തനം. കാസര്‍കോട്ടും മഞ്ചേശ്വരത്തും ലീഗ് സീറ്റ് നിലനിര്‍ത്തി. ഉദുമയിലും തൃക്കരിപ്പൂരിലും സി.പി.എമ്മും കാഞ്ഞങ്ങാട്ട് സി.പി.ഐയും 2011 ആവര്‍ത്തിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗ് സീറ്റ് നിലനിര്‍ത്തിയത്. കാന്തപുരം വിഭാഗം സി.പി.എമ്മിനെയും ബി.ജെ.പിയെയും സഹായിച്ചത് ലീഗിന് ഭൂരിപക്ഷം കുറയാന്‍ കാരണമായി. കാസര്‍കോട്ട് ഐ.എന്‍.എല്ലിന് ഇക്കുറിയും മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഉദുമയില്‍ കെ. സുധാകരന്‍ അവസാനവട്ടം വരെ പൊരുതിയെങ്കിലും പരാജയപ്പെട്ടു. എങ്കിലും മണ്ഡലത്തിലെ ഭൂരിപക്ഷം കുറക്കാന്‍ സുധാകരന് കഴിഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ലീഡ് നേടിയത് തൃക്കരിപ്പൂരിലെ ഇടത് സ്ഥാനാര്‍ഥി എം. രാജഗോപാലിനാണ്. 16,959 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. ആഹ്ലാദപ്രകടനത്തെ തുടര്‍ന്ന് ജില്ലയില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങളുമുണ്ടായി. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ലാത്തിച്ചാര്‍ജുമുണ്ടായി. മാവുങ്കാലില്‍ കാഞ്ഞങ്ങാട് എം.എല്‍.എയെ ബി.ജെ പി പ്രവര്‍ത്തകര്‍ അക്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. കുമ്പളയില്‍ ലീഗ് ആഹ്ലാദപ്രകടനത്തിനുനേരെ സി.പി.എം പ്രവര്‍ത്തകരും അക്രമം അഴിച്ചുവിട്ടു. അക്രമസംഭവത്തെ തുടര്‍ന്ന്് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago