പണമില്ല; ഹൈദരാബാദിലെ ഉള്ളി വ്യാപാരം സ്തംഭിച്ചു
ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണികളിലൊന്നായ ഹൈദരാബാദിനടുത്ത മലേക്‌പെട്ട് മാര്‍ക്കറ്റില്‍ ഉള്ളി, സവാള വ്യാപാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആവശ്യത്തിനു പണം ലഭിക്കാതായതോടെയാണു മാര്‍ക്കറ്റ് അടക്കുന്നതെന്നു വ്യാപാരികള്‍ അറിയിച്ചു. ചെറിയ ഉള്ളി, സവാള എന്നിവയുടെ വലിയ വിപണിയാണു മലേക്‌പെട്ട് മാര്‍ക്കറ്റിലേത്.
ഇവിടെ ചില്ലറ വിപണി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മൊത്തക്കച്ചവടം പ്രതിസന്ധിയിലായതോടെയാണ് വിപണി താല്‍ക്കാലികമായി അടക്കാന്‍ തീരുമാനിച്ചത്. ഈ മാസം 19 വരെ വ്യാപാരം നിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു ഹൈദരാബാദ് ഒനിയന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സര്‍ക്കാറിനു കത്തു നല്‍കിയിട്ടുണ്ട്. കച്ചവടത്തിനായി ആവശ്യത്തിനു പണം ലഭിക്കാതായതോടെ ഇതല്ലാതെ മറ്റുമാര്‍ഗമില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്. ഉള്ളിയും സവാളയും ആവശ്യത്തിനു ലഭ്യമല്ലാതായാല്‍ വിലക്കയറ്റത്തിന് ഇടയാക്കും. ഇതു വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക.
നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും ഹൈദരാബാദ് മാര്‍ക്കറ്റില്‍ നിന്നാണ് ഉള്ളി വിപണനം നടത്തുന്നത്.
ചുരുങ്ങിയത് 800 ടണ്‍ ഉള്ളിയാണു മാര്‍ക്കറ്റില്‍ പ്രതിദിനം എത്തുന്നത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും കയറ്റിറക്ക് തൊഴിലാളികള്‍ക്കും പണം നല്‍കാന്‍ സാഹചര്യമില്ലാതായെന്നു വ്യാപാരികള്‍ പറയുന്നു.
അതേസമയം ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ ഉള്ളി വില്‍പന നടത്തി വ്യാപാരം സജീവമാക്കാന്‍ തെലങ്കാന കൃഷി മന്ത്രി ഹരീഷ് റാവു കര്‍ഷകരോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."