ന്യൂനപക്ഷം കോണ്‍ഗ്രസിനെ കൈവിട്ടു; യു.ഡി.എഫിന് തുണയായത് മലപ്പുറവും കോട്ടയവും
മലപ്പുറം: സാമുദായിക ധ്രൂവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനിറങ്ങിയ ബി.ജെ.പിക്കെതിരായ ന്യൂനപക്ഷ ഏകീകരണം തുണയായത് എല്‍.ഡി എഫിന്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ കടന്നുവരവ് ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയിരുന്നു. ഇതിന് തടയിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന ധാരണയാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന് വിജയം സമ്മാനിച്ചത്. എന്‍.ഡി.എ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിനാകുമെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുകയാണുണ്ടായത്.
ന്യൂനപക്ഷ കേന്ദ്രങ്ങളിലൊക്കെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മാറ്റി ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയാണ് ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തിയത്. എന്നാല്‍ മലബാറില്‍ മുസ്്‌ലിം ലീഗിനെയാണ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ കാര്യമായി പിന്തുണച്ചത്. അഞ്ചുമണ്ഡലങ്ങളുള്ള കാസര്‍കോട് ജില്ലയില്‍ രണ്ടിടത്ത്് മത്സരിച്ച മുസ്്‌ലിം ലീഗിന് രണ്ട് സീറ്റിലും കണ്ണൂര്‍ ജില്ലയിലെ ലീഗിന്റെ ഏക സീറ്റായ അഴീക്കോട് നിലനിര്‍ത്താനായതും മുസ്‌ലിം ലീഗിനെ ന്യൂനപക്ഷങ്ങള്‍ വിശ്വാസത്തിലെടുക്കുന്നതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന മണ്ഡലങ്ങളില്‍ മുസ്‌ലിം, കൃസ്ത്യന്‍ വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷത്തേക്ക് ചാഞ്ഞതാണ് തൃശൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഫലം നല്‍കുന്നത്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തവണ 9 സീറ്റില്‍ വിജയം നേടിയ കോണ്‍ഗ്രസിന് ഇത്തവണ നാല് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. കാലങ്ങളായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന മുസ്്‌ലിം, ലത്തീന്‍ കത്തോലിക്ക വിഭാഗക്കാര്‍ ഇടതിനൊപ്പം നിലയുറപ്പിച്ചതാണ് നെയാറ്റിന്‍കര, കഴക്കൂട്ടം, പാറശാല മണ്ഡലങ്ങള്‍ ഇടത്തോട്ട് ചായാനിടയാക്കിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ സാന്നിധ്യവും ഹിന്ദുവോട്ട് ഏകീകരണവും ന്യൂനപക്ഷങ്ങളെ ഇടത്തോട്ടടുപ്പിക്കുന്നതില്‍ നിര്‍ണായകമായി. കഴക്കൂട്ടത്തും വര്‍ക്കലയിലും മുസ്്്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഫലം മറിച്ചാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."