മോദി ഉലകം ചുറ്റും വാലിബന്‍: വി.എസ്
തിരുവനന്തപുരം: സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ കുത്തിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വി.എസ്.അച്യുതാനന്ദന്‍. 95 വയസ് കഴിഞ്ഞ അമ്മയുടെ ശാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരും സഹകാരികളും തിരുവനന്തപുരത്തെ ആര്‍.ബി.ഐ റീജ്യനല്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.
ഉലകം ചുറ്റും വാലിബനാണ് മോദി. നോട്ടുകള്‍ നിരോധിച്ച മോദി ജപ്പാനിലേക്ക് പറന്നു. വിദേശത്ത് മോദി കുശാലായി ശാപ്പാട് അടിച്ചും കുഴലൂതിയും പാട്ടുപാടിയും നൃത്തം ചെയ്തും സുഖമായി കഴിഞ്ഞു. അധ്വാനിച്ചുണ്ടാക്കിയതില്‍ നിന്ന് മുണ്ടുമുറുക്കിയുടുത്തു മിച്ചം വച്ച പണമാണ് സാധാരണക്കാരന്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. അത് വാങ്ങാന്‍ ബാങ്കുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് നരകിക്കുകയാണ്.
ഇപ്പോള്‍ പണം പിന്‍വലിക്കുന്നവരെ മുഴുവന്‍ ചാപ്പ കുത്താനാണ് മോദിയുടെ തീരുമാനം. സാധാരണ മനുഷ്യരെ മുഴുവന്‍ കള്ളന്‍മാരാക്കുകയല്ലേ മോദി ചെയ്തിരിക്കുന്നത്? ഇങ്ങനെ ചാപ്പ കുത്താന്‍ ചെലവഴിക്കുന്ന സമയവും അധ്വാനവും കൊണ്ട് ആവശ്യമുള്ള പണം ബാങ്കുകളില്‍ എത്തിക്കാവുന്നതല്ലേ? എന്തേ അതു ചെയ്യാതെ ഇത്തരം ദുഷ്ടബുദ്ധി കാട്ടി ജനങ്ങളെ ദ്രോഹിക്കുന്നുവെന്നും വി.എസ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."