റമദാന്‍ ഉംറ: പഴുതടച്ച സുരക്ഷയൊരുക്കി പൊലിസ്
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ റമദാനില്‍ പഴുതടച്ച സുരക്ഷയില്‍ ഉംറ തീര്‍ഥാടനത്തിനു സംവിധാനമൊരുങ്ങി. പ്രത്യേക സുരക്ഷാ കണ്‍ട്രോള്‍ റൂം ഇതിനായി മക്കയില്‍ തുറന്നു. റമദാനിലാണ് ഏറ്റവും കൂടുതല്‍ ഉംറ തീര്‍ഥാടകര്‍ വിശുദ്ധഹറമിലെത്തുന്നത്. സുരക്ഷക്കായി വിവിധ പദ്ധതികളാണ് പൊലിസ് ആവിഷ്‌കരിച്ചിട്ടുള്ളത്. 18,000 സുരക്ഷാ ഓഫിസര്‍മാരാണ് ഇതിനായി ഇരുഹറമുകളിയും സേവനത്തിനിറങ്ങുക.
ഹജ്ജ്, ഉംറ സുരക്ഷ സേന, ഹറം കാര്യ പൊലിസ്, മക്ക പൊലിസ്, ഇരുഹറം സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിലായാണ് ഇത്രയും സേനാ അംഗങ്ങളെ രംഗത്തിറക്കുന്നത്. ഹറം പള്ളികളുടെ പ്രവേശന കവാടങ്ങളില്‍ കംപ്യൂട്ടര്‍ സുരക്ഷാ പരിശോധനയും ഇത്തവണ ഏര്‍പ്പാടുക്കുന്നുണ്ട്. കൂടാതെ മക്ക ഹറമില്‍ മുഴുവനായി സ്ഥാപിച്ച 750 കാമറകളും സദാ സമയ നിരീക്ഷണം നടത്തും.
റമദാനില്‍ തറാവീഹ് നിസ്‌കാര ശേഷവും മധ്യാഹ്ന നിസ്‌കാര ശേഷവും ജുമുഅ നിസ്‌കാര ശേഷവും ഉണ്ടാകാവുന്ന കനത്ത തിരക്ക് ഒഴിവാക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. യാചകരെയും ബൈക്കുകളില്‍ കറങ്ങുന്നവരെയും ഇവിടെ നിന്നു നീക്കും. മക്ക ഹറം പള്ളിയില്‍ ഉദ്യോഗസ്ഥതരുടെ എണ്ണം ഉയര്‍ത്തിയതായും തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചതായും വിശുദ്ധ ഗേഹങ്ങളുടെ സുരക്ഷാ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ വസല്‍ അല്‍ അഹ്മദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."