ബെവ്‌കോ വഴി കള്ളപ്പണം മാറിയെന്ന് സംശയം; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ വഴി കള്ളപ്പണം മാറിയെന്ന സംശയത്തെ തുടര്‍ന്നു ആദായ നികുതി വകുപ്പും കോര്‍പറേഷനും അന്വേഷണമാരംഭിച്ചു. എട്ടിനു കേന്ദ്രം നോട്ട് അസാധുവാക്കിയതിനു ശേഷം സംസ്ഥാനത്തെ 306 ബിവറേജസ് ഔട്ടുലറ്റുകളിലും അസാധുവായ നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ അക്കൗണ്ട് ക്ലോസ് ചെയ്തത് അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ചാണ്. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എടുക്കാതിരുന്ന നോട്ട് എങ്ങനെ എത്തി എന്നാണ് അന്വേഷണം. കോടിയിലധികം രൂപ ഇത്തരത്തില്‍ എത്തിയെന്നാണ് സൂചന. രഹസ്യമാക്കി വച്ച വിവരം ബിവറേജസ് കോര്‍പറേഷനിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി ആദായ നികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു. അതേ സമയം, കെ.എസ്.ഇ.ബിയിലും കെ.എസ്.ആര്‍.ടി.സിയിലും ഇത്തരത്തിലുള്ള ഇടപാട് നടന്നിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള പെട്രോള്‍ ബങ്ക്, ആശുപത്രി എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."