ചെയര്‍മാനാകാന്‍ ആളെക്കിട്ടാതെ ബാംബൂ കോര്‍പ്പറേഷന്‍
അങ്കമാലി: ചെയര്‍മാനാകാന്‍ ആളെ കിട്ടാത്തതിനെതുടര്‍ന്ന് നഷ്ടത്തിലോടുന്ന ബാംബു കോപ്പറേഷനില്‍ പ്രതിസന്ധി രൂക്ഷമായി.എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് അഞ്ചുമാസം കഴിഞ്ഞിട്ടും അങ്കമാലി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ ചെയര്‍മാനെ നിയമിച്ചിട്ടില്ല.
നഷ്ടത്തിലോടുന്ന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കാന്‍ ഇടതുമുന്നണിയിലെ ഘടക കക്ഷി നേതാക്കള്‍ക്കു താല്‍പര്യമില്ലാത്തതാണ് നിയമനം നീളുന്നതിന് കാരണം. യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് മുന്‍ എം.എല്‍.എ പി.ജെ ജോയിയായിരുന്നു ചെയര്‍മാന്‍. പ്രതിമാസം 20,000 രൂപ ശമ്പളവും ഒരു കാറും മാത്രമാണ് ചെയര്‍മാനു ലഭിക്കുക.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ രക്ഷിക്കാന്‍ അല്‍ഭുതങ്ങള്‍ കാണിക്കേണ്ടിവരും. ഇതു കണക്കിലെടുത്താണ് പലരും ബാംബു കോര്‍പ്പറേഷനോട് മുഖംതിരിഞ്ഞുനില്‍ക്കുന്നത്. 1971 ല്‍ സ്ഥാപിതമായ കോര്‍പ്പറേഷനെ ആശ്രയിച്ച് രണ്ടായിരത്തോളം തൊഴിലാളികളാണുള്ളത്. ഈറ്റ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നതിലൂടെ ഈ മേഖലയിലുള്ളവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കി മുന്നോട്ടു പോകുകയായിരുന്നു സ്ഥാപിത ലക്ഷ്യം.
വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി 1985ല്‍ ബാംബൂപ്ലെ ഉല്‍പ്പാദിപ്പിക്കുന്നതിനായി ബാംബൂ ബോര്‍ഡ് ഫാക്ടറിയും ആരംഭിച്ചു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി 2011 ല്‍ ഹൈടെക് ബാംബൂ ഫ്‌ളോറിങ് ടൈല്‍ ഫാക്ടറി കോഴിക്കോട്ടെ നല്ലളത്ത് ആരംഭിച്ചു.പനമ്പു നെയ്ത്ത് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് ജീവിത വൃത്തിക്കുളള പണം ലഭിക്കാതെ വന്നപ്പോള്‍ പനമ്പു നെയ്യുന്നതിന് ആളെ കിട്ടാതായി. ഈറ്റ വിതരണത്തിനും പനമ്പുശേഖരണത്തിനുമുണ്ടായിരുന്ന ഡിപ്പോകള്‍ പൂട്ടിപ്പോയി.
വിപണനരംഗത്തെ പരാജയം കോര്‍പ്പറേഷനെ നഷ്ടത്തിലേക്കാണ് തള്ളിവിടുന്നത്. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കോര്‍പ്പറേഷനെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."