വിശ്വാസ്യത തെളിയിക്കല്‍ സഹകരണ ബാങ്കുകള്‍ക്കു കടുത്ത വെല്ലുവിളി
കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ മറവില്‍ റിസര്‍വ് ബാങ്കിന്റെ പിടിവീണ സംസ്ഥാനത്തെ സഹകരണ ബാങ്കുള്‍ക്കു ഇനി നിലനില്‍പിനായി മുന്‍പിലുള്ളത് വിശ്വാസ്യത തെളിയിക്കുക എന്ന കടമ്പ. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ലോക്കറുകളില്‍ ഏതാണ്ട് 30,000 കോടിയുടെ അസാധുവാക്കപ്പെട്ട കറന്‍സികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതുമാറ്റി പുതിയ കറന്‍സി ലഭിക്കണമെങ്കില്‍ ഓരോ വ്യക്തിയും ചെയ്യുന്നതുപോലെ കൃത്യമായ ഉറവിടം കാണിക്കണമെന്നതാണ് സഹകരണ ബാങ്കുകള്‍ നേരിടുന്ന ആദ്യ വെല്ലുവിളി.
സമൂഹത്തിലെ പ്രാദേശിക സാമ്പത്തിക ഇടപാടുകള്‍ നിര്‍വഹിക്കാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ച സഹകരണ സംഘങ്ങള്‍ വന്‍നിക്ഷേപങ്ങള്‍ സ്വീകരിച്ച് വന്‍കിട ബാങ്കുകളുടേതിന് സമാനമായ രീതിയില്‍ വളര്‍ന്നു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സാഹചര്യത്തില്‍ സാമ്പത്തിക സുതാര്യത തെളിയിക്കുക ഇത്തരം സ്ഥാപനങ്ങള്‍ക്കു മുന്‍പിലുള്ള കനത്ത വെല്ലുവിളിയായിരിക്കും. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 36,000 കോടിയുടെ കള്ളപ്പണമുണ്ടെന്നാണ് ആധായ നികുതി വകുപ്പു തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സഹകരണ ബാങ്കുകളുടെ കൈവശമുള്ള ലക്ഷം കോടിയില്‍ ഏതാണ്ട് 60,000 കോടിയും അംഗങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചിരിക്കുന്നതാണ്. ഇതില്‍ വായ്പ നല്‍കിയിരിക്കുന്നത് 30000 കോടി രൂപ മാത്രമാണ്. അത്രത്തോളം തുക സംസ്ഥാനത്ത് ആകെയുള്ള 1000 ഓളം വരുന്ന പ്രാഥമിക സംഘങ്ങളുടെ കൈവശമുണ്ട്.
ഗ്രാമപ്രദേശങ്ങളിലെ സഹകരണ ബാങ്കുകളില്‍ എത്തിയ നിക്ഷേപത്തിന്റെ ഏറിയ പങ്കും അംഗങ്ങള്‍ക്കു തന്നെ വായ്പയായി നല്‍കിയിരിക്കുകയാണ്.
നിലവിലുള്ള പഴയ കറന്‍സികള്‍ മാറ്റികിട്ടാന്‍ സഹകരണ ബാങ്കുകള്‍ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നാല്‍ തന്നെ പല ബാങ്കുകളെയും പ്രതിസന്ധിയിലാക്കും. പാന്‍കാര്‍ഡ് കടമ്പ മറികടക്കാന്‍ അംഗങ്ങളില്‍ നിന്നും 49,000 രൂപാ വീതമുള്ള നിക്ഷേപങ്ങളായിട്ടാണ് സഹകരണ ബാങ്കുകള്‍ സ്വീകരിച്ചിരിക്കുന്നത്. ഒരാളുടെ പേരില്‍ തന്നെ പല നിക്ഷേപങ്ങളുമുണ്ടാകും. ഇത്തരം നിക്ഷേപങ്ങള്‍ കള്ളപ്പണത്തിന്റെ പരിധിയിലാണെന്നു പരിശോധനയില്‍ വ്യക്തമായാല്‍ പിഴയും അതിന്റെ 200 ശതമാനവും അധികമായി ഈടാക്കിയാല്‍ നിക്ഷേപകര്‍ക്കും സഹകരണ ബാങ്കുകള്‍ക്കും അതു ശക്തമായ തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."