കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനത്തെ മറന്നുള്ള തീരുമാനങ്ങള്‍: പി.കെ കൃഷ്ണന്‍
കോട്ടയം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയുള്ള മോദി സര്‍ക്കാരിന്റെ നടപടിയും തുടര്‍ ചെയ്തികളും സാധാരണ ജനതയുടെ ജീവിതത്തെ പിന്നോട്ടടിച്ചുവെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണന്‍. ചെറുകിട കച്ചവടക്കാര്‍, ദിവസവേതനക്കാര്‍, മാസശമ്പളക്കാര്‍ എന്നിവരാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ നട്ടം തിരിയുന്നത്.
വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ആഹ്വാനം അനുസരിച്ച് സംഘടിപ്പിച്ച എസ്.ബി.ഐ പ്രതിഷേധ മാര്‍ച്ച് എസ്.ബി.ഐ റീജിയണല്‍ ഓഫിസിന് മുമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2000 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കിയെങ്കിലും കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ കിട്ടാനില്ല. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം 100,500, 1000 രൂപ നോട്ടുകള്‍ നല്‍കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കണം. ഇത് ഉണ്ടായില്ലെങ്കില്‍ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ കള്ളപ്പണം ഇരട്ടിയായി ശേഖരിക്കാന്‍ വഴിയാകും, പി.കെ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കോടികള്‍ വായ്പ എടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്നുള്ള നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണം.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്‍ സുശീലന്‍ അധ്യക്ഷത വഹിച്ചു. കള്ളപ്പണത്തെ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന സമാന്തര സമ്പദ്‌വ്യവസ്ഥയെ ഇല്ലാതാക്കാന്‍ വിദേശ ബാങ്കുകളിലെ ഇന്ത്യാക്കാരായ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."