പട്ടേലിനെ ഓര്‍ക്കാന്‍ ഇന്ദിരയെ മറക്കുന്നു
രാജ്യത്തിന്റെ അഖണ്ഡത നാട്ടുകാരില്‍ എത്തിക്കുന്നതിന് പട്ടേല്‍ ജയന്തിയില്‍ സ്വയം സമര്‍പിക്കാന്‍ പ്രതിജ്ഞ എടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്തതു വായിച്ചു. രാജ്യത്തിന്റെ ഏകീകരണം സാധ്യമാക്കിയ മഹാനെന്ന നിലയില്‍ ആദ്യത്തെ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെ എന്‍.ഡി.എ സര്‍ക്കാര്‍ ആദരിക്കുന്നതില്‍ തെറ്റില്ല. ഒക്ടോബര്‍ 31 ദേശീയ ഏകതാദിനമായി ആചരിച്ചതും നല്ലതുതന്നെ. അതേസമയം, ഇതേ ദിനത്തില്‍ അംഗരക്ഷകന്റെ വെടിയേറ്റു മരിച്ച മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഓര്‍ക്കേണ്ടതേയില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറിലേറെ ദിവസമായി വെന്തെരിയുന്ന ജമ്മുകശ്മിരിനെക്കുറിച്ച് പ്രധാനമന്ത്രി ഓര്‍ക്കാന്‍ മറന്നുപോകുകയും ചെയ്തിരിക്കുന്നു. ഇതിനെ എങ്ങനെയാണു ന്യായീകരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ രാജ്യത്തെ എവിടെയാണു കൊണ്ടെത്തിക്കുക.
ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനംപോലും ദീപാവലി ആഘോഷിക്കുന്ന തരത്തില്‍ ഇന്ത്യയുടെ യശസ്സ് ലോകം മുഴുവന്‍ എത്തിനില്‍ക്കെ ഇന്ത്യയുടെ അത്യുത്തരമേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നുമാസമായി അടഞ്ഞുകിടക്കുകയാണ്. മാത്രമല്ല, അവയുടെ നേരേ ആക്രമണങ്ങളും നടക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ജീവനര്‍പ്പിച്ച ധീരജവാന്മാര്‍ക്കു ദീപാവലി സമര്‍പിക്കുന്ന പ്രധാനമന്ത്രി അവര്‍ക്കായി ട്വിറ്റര്‍ സന്ദേശമയക്കാന്‍ ഇന്ത്യക്കാരോടെല്ലാം ആഹ്വാനം ചെയ്യുകയുണ്ടായി. ഇന്ത്യ - ചൈന അതിര്‍ത്തിക്കരികെ ഹിമാചലിലെ ചാംഗോ വില്ലേജില്‍ നേരിട്ടുചെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. അപ്പോഴും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലേതുപോലെ കശ്മീരില്‍ നേരിട്ടുചെന്ന് അഭിവാദ്യമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നേരം കണ്ടെത്തിയില്ല. അതിര്‍ത്തികളില്‍ ഇത്രയൊന്നും സംഘര്‍ഷഭരിതമല്ലാതിരുന്ന 2014 ല്‍ സിയാചിന്‍ മേഖലയിലും 2015 ല്‍ പഞ്ചാബ് അതിര്‍ത്തിയിലും പോയിരുന്ന മോദിയ്ക്ക് എന്തേ ഇത്തവണ ആ തോന്നലുണ്ടായില്ല.
ഒരു പ്രകോപനവുമില്ലാതെയുള്ള പാകിസ്താന്റെ കടന്നാക്രമണത്തിലും വെടിവയ്പ്പിലുമൊക്കെയായി നമ്മുടെ എത്രയെത്ര വീരജവാന്മാരാണു രക്തസാക്ഷികളാവുന്നത്. കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വികൃതമാക്കുന്ന തരത്തിലുള്ള നീചമായ നടപടികളിലേയ്ക്കു കടക്കാന്‍പോലും പാകിസ്താന്റെ നുഴഞ്ഞുകയറ്റക്കാര്‍ക്കു മടിയില്ല.
തീര്‍ച്ചയായും ഇത്തരമവസരങ്ങളില്‍ രാഷ്ട്രം ഒറ്റക്കെട്ടായിത്തന്നെയാണു നില്‍ക്കേണ്ടത്. ഐ.എസിന്റെ പേരില്‍ സിറിയയില്‍ തുടക്കമിട്ട ഭീകരപ്രസ്ഥാനം ഇന്ത്യയില്‍, ഇങ്ങു കേരളത്തില്‍പ്പോലും അനുയായികളെ കണ്ടെത്തുന്ന കാലമാണിത്. മതം തിരിച്ചുള്ള തീവ്രവാദ വിവേചനമാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. അരനൂറ്റാണ്ടിലേറെയായിട്ടും മതേതരത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന രാജ്യത്തിനു ചിന്തിക്കാന്‍പോലും പറ്റാത്ത അവസ്ഥ.
മുസ്‌ലിംകളാകെ ഭീകരരല്ലെന്ന് ആവര്‍ത്തിച്ചു സാക്ഷ്യപത്രം നല്‍കുമ്പോഴും പ്രധാനമന്ത്രി ഓര്‍ക്കുന്നില്ല, കോമണ്‍ സിവില്‍കോഡും ഗോവധ നിരോധനവുമൊക്കെ അജന്‍ഡയായി കൊണ്ടുനടക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയായാണു താന്‍ ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നതെന്ന്.
കശ്മിരടക്കം ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങളിലും രാജ്യത്തോടൊപ്പം നില്‍ക്കുകമാത്രം ചെയ്ത ചരിത്രത്തിലെ മുസ്‌ലിംകളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ സ്വന്തം പാര്‍ട്ടിനേതാക്കളില്‍ ചിലര്‍ തന്നെ തുനിയുന്നതു കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ പ്രധാനമന്ത്രിക്കു കഴിയുന്നത് എങ്ങനെയാണ്. ഇന്ത്യയുടെ അഖണ്ഡതയെക്കുറിച്ചു പട്ടേല്‍ ജയന്തിയില്‍ മാത്രം ആഹ്വാനം ചെയ്താല്‍ മതിയോ.
പഞ്ചാബ് ഒരു പ്രവിശ്യയായി രൂപവല്‍കരിക്കപ്പെട്ടശേഷവും വിഭാഗീയത ആളിക്കത്തിക്കാന്‍ നടത്തിയ ശ്രമത്തെ എതിര്‍ത്തതുകൊണ്ടാണല്ലോ സിഖുകാരനായ അംഗരക്ഷകന്റെ വെടിയേറ്റ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മരിച്ചത്. നാട്ടുരാജ്യങ്ങളെയാകെ ഇന്ത്യയില്‍ ലയിപ്പിക്കുന്നതില്‍ സര്‍ദാര്‍ പട്ടേലും വി.പി മേനോനും വിജയിച്ചതു കണ്ട നാടാണിത്. ഈ ഇന്ത്യയില്‍ പുതിയപുതിയ സംസ്ഥാനങ്ങള്‍ പിന്നീടു പിറവിയെടുത്തപ്പോള്‍ അതിര്‍ത്തികളുടെ കാര്യത്തിലും നദീജലം പങ്കുവയ്ക്കുന്ന കാര്യത്തിലുമെല്ലാം തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്നതു നാം കാണുന്നു.
മിക്ക സംസ്ഥാനങ്ങളിലും ദലിതരടക്കമുള്ള പിന്നോക്കക്കാരെന്നപോലെ മേല്‍ജാതിക്കാരും സംവരണപ്രക്ഷോഭവുമായി രംഗത്തിറങ്ങുന്നു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത്, രാഷ്ട്രപിതാവിന്റെ ജന്മസ്ഥലമായിട്ടും പട്ടേല്‍മാരുടെ പ്രക്ഷോഭങ്ങള്‍ക്ക് അങ്കത്തട്ടാവുന്നു. സംവരണവാദവുമായി പട്ടീദാര്‍ അമാനത്ത് ആന്ദോളന്‍ സമിതി ആരംഭിച്ച പോരാട്ടം കൊല്ലമൊന്നു കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല.
അവരില്‍നിന്ന് ആവേശംകൊണ്ടിട്ടാണെന്നു തോന്നുന്നു, കര്‍ണാടകയിലെ ലിംഗായത്ത് സമുദായക്കാരും സംവരണപ്രക്ഷോഭത്തിന്റെ വഴിയിലാണത്രേ. മഹാരാഷ്ട്രയില്‍പ്പോലും 59 ഉപജാതിക്കാര്‍ ലിംഗായത്ത് വിഭാഗത്തിലുണ്ടെന്നാണു ശിവസംഘടനയെന്ന പേരില്‍ രൂപീകരിച്ച പ്രക്ഷോഭസമിതി പറയുന്നത്.
ഗോവധ നിരോധനത്തിന്റെ പേരുപറഞ്ഞു ദലിതരെയും മാട്ടിറച്ചി ഭക്ഷിക്കുന്ന ജനകോടികളെയും തല്ലാനും കൊല്ലാനും മടിയില്ലാത്ത ഗോസംരക്ഷകരെ വളര്‍ത്തിയെടുക്കുന്ന സ്വഭാവം പല സംസ്ഥാനങ്ങളിലും തുടരുന്നു. അതേസമയം, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തമിഴ്‌നാട്ടിലെ തിരുവണ്ണാമലയില്‍ നൂറ്റാണ്ടു പഴക്കമുള്ള അരുള്‍മിഗു തുളുക്കന്തമ്മന്‍ ക്ഷേത്രങ്ങള്‍പോലുള്ള ആരാധനലായങ്ങളില്‍ ഇന്നും തുടരുന്നതായി വാര്‍ത്തകളും വരുന്നു.
വിവിധ മതക്കാരെയെന്നപോലെ വിവിധ ഗോത്രക്കാരെയും വിവിധ സംസ്ഥാനക്കാരെയും ഒന്നിപ്പിച്ചു നിര്‍ത്തേണ്ട ദൗത്യമാണു കേന്ദ്രഭരണകൂടം അടിയന്തരമായി നിര്‍വഹിക്കേണ്ടത്. സമുദായങ്ങളെയും മതക്കാരെയും കൂടുതല്‍ക്കൂടുതല്‍ അകറ്റിനിര്‍ത്തുന്ന നടപടികളില്‍നിന്നു മാറിനില്‍ക്കുകയാണു വേണ്ടത്.
ഇന്ദിരാഗാന്ധിയുടെ ഓര്‍മദിനം മറക്കുമ്പോഴും സര്‍ദാര്‍ പട്ടേലിനെ ഓര്‍മിക്കാന്‍ കഴിയുന്നവര്‍ പ്രധാനമന്ത്രി തന്നെ മന്‍കി ബാത്ത് പ്രക്ഷേപണത്തില്‍ ചൂണ്ടിക്കാട്ടിയ നാനാത്വത്തിലെ ഏകത്വത്തിന്റെ വക്താക്കളാവാന്‍ മറന്നുപോകരുതല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."