ഏക സിവില്‍കോഡിനുള്ള നീക്കം ആപത്ക്കരം; ഹാഫിദ് അബ്ദുല്‍ ശുക്കൂര്‍
ദോഹ: ഭാഷയിലും വേഷത്തിലുമുള്‍പ്പെടെ വ്യത്യസ്തത പുലര്‍ത്തുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം തികച്ചും ആപത്ക്കരമാണെന്ന് ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഹാഫിദ് അബ്ദുല്‍ ശുക്കൂര്‍ ഖാസിമിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സമിതി അംഗം അലിയാര്‍ മൗലവി അല്‍ ഖാസിമിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആല്‍ മഹമ്മൂദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയതായിരുന്നു ഇരുവരും.
വിവാഹ മോചനവും ബഹുഭാര്യത്വവും കൂടുതലാണെന്ന് മുസ്‌ലിംകള്‍ക്കു മേല്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം മുസ്‌ലിംകളല്ലാത്തവരിലാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി കാണുന്നത്. ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന കുറ്റങ്ങള്‍ക്ക് ഒരു സമൂഹത്തേയും അവരുടെ വിശ്വാസാചാരങ്ങളേയും കടന്നാക്രമിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് ആശങ്കയാണ് ഉണ്ടാക്കുന്നത്. അതിനെതിരെ ഇന്ത്യയില്‍ നടക്കുന്ന ഒപ്പ് ശേഖരണത്തിന് ഖത്തറില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ പിന്തുണ നല്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നാനാത്വം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങളാണ്.
1970കളില്‍ ദത്ത് നിയമവും 1980കളില്‍ ജീവനാംശവും പറഞ്ഞ് വിവാദങ്ങളുണ്ടാക്കി മുസ്‌ലിം വ്യക്തി നിയമം തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മുത്തലാഖ് വിഷയവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്‌ലാമിക മതാചാര പ്രകാരം ജീവിക്കുന്ന ആരും ശരീഅത്ത് നിയമത്തിനെതിരെ രംഗത്തു വന്നിട്ടില്ലെന്നിരിക്കെ പ്രസ്തുത നിയമം യാതൊരു ബാധ്യതയുമാകാത്ത ചിലരാണ് അമിത താത്പര്യത്തോടെ അതിനെതിരെ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഉദ്ദേശ്യം തീര്‍ത്തും നല്ലതിനല്ലെന്നാണ് തിരിച്ചറിയാനാവുന്നത്.
ദൈവം മനുഷ്യന് അനുവദിച്ചതില്‍ ഏറ്റവും വെറുപ്പുള്ളത് എന്നാണ് ഇസ്‌ലാം വിവാഹ മോചനത്തെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല, ഇസ്‌ലാമിലെ വിവാഹ മോചനം മുത്തലാഖുമല്ലെന്നും ഇരുവരും പറഞ്ഞു. മുത്തലാഖിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല അത് അനുവദനീയമല്ലെന്നും നിഷിദ്ധമാണെന്നുമൊക്കെയുള്ള അഭിപ്രായം മതപണ്ഡിതന്മാര്‍ക്കിടയില്‍ തന്നെയുണ്ട്.
സുവ്യക്തവും ഭദ്രവുമായ സിവില്‍ നിയമങ്ങളുള്ള മുസ്‌ലിംകളെ പോലുള്ള സമൂഹങ്ങള്‍ക്കടയില്‍ ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഭ്രാന്തമായിരിക്കുമെന്ന് ഭരണഘടനാ ശില്‍പികള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്ത്യന്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ ഇന്ത്യയിലെ മുസ്‌ലിം നേതാക്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദലിത് വിഭാഗവും ലിംഗായത്ത് വിഭാഗവും പിന്തുണ നല്കുകയും അതിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ ഹിന്ദുത്വം എന്ന പേരില്‍ ബ്രാഹ്മണീയതയാണ് ഇന്ത്യന്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. അവരുടെ ഹിന്ദുത്വയ്ക്ക് ഹൈന്ദവതയുമായി ബന്ധമില്ല.
ഇസ്‌ലാം സജീവമായ ജീവിത വ്യവസ്ഥിതിയാണെന്നും ഏറ്റവും കൂടുതല്‍ ആത്മവിമര്‍ശനത്തോടെയാണ് ഇസ്‌ലാമിക സമൂഹം മുന്നോട്ടു പോകുന്നതെന്നും അവര്‍ പറഞ്ഞു.
ഫനാര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അബ്ദുറഷീദ് കൗസരി, ശംസുദ്ദീന്‍ ഖാസിമി, നിസാമുദ്ദീന്‍ കൗസരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."