ശരീഅത്തിനെ തിരുത്താന്‍ അനുവദിക്കില്ല: യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
കാസര്‍കോട്: ദൈവനിര്‍മിതമായ ശരീഅത്തിനെ തിരുത്താന്‍ മനുഷ്യനിര്‍മിതമായ ഏക സിവില്‍കോഡ് കൊണ്ട് സാധിക്കില്ലെന്നും അതിനനുവദിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. ഏകസിവില്‍കോഡിനെതിരേ സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ അനുവദിച്ചു തന്ന മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുന്ന ഏക സിവില്‍കോഡ്. പെട്ടെന്നൊരു രാത്രിയില്‍ കറന്‍സികള്‍ പിന്‍വലിച്ച പോലെ ഏക സിവില്‍കോഡ് നടപ്പിലാക്കല്‍ സാധ്യമല്ല. മതേതര രാജ്യമായ ഇന്ത്യയില്‍ എല്ലാ വിഭാഗത്തിനും അനുവദിച്ചു കൊടുക്കുന്ന അവകാശം മാത്രമേ മുസ്‌ലിം സമുദായവും ആവിശ്യപ്പെടുന്നുള്ളു.
ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നപ്പോള്‍ പോലും ശരീഅത്ത് പ്രകാരം ജീവിക്കാന്‍ മുസ്‌ലിം സമുദായത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ പോവുന്ന ഏകസിവില്‍ കോഡ് ന്യൂനപക്ഷങ്ങളെ വര്‍ഗീയ ശക്തികളുടെ കാല്‍ക്കീഴിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തായലങ്ങാടിയില്‍ നിന്നും ആരംഭിച്ച റാലി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെശംസുല്‍ ഉലമാ നഗറില്‍ സമാപിച്ചു. ശേഷം നടന്ന പ്രതിഷേധ സമ്മേളനത്തില്‍ സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."